മിണ്ടാപ്രാണികൾക്കൊരിടം ഇവിടെയുണ്ട്

post


കണ്ണൂർ: ബ്ലാക്ക് പോളിഷ് ക്യാപ് , ന്യൂഹാം ഷയർ കടക്കനാദ്, നെയ്ക്കഡ് നെക്ക് ദേശി .... അമ്പരക്കേണ്ട, രണ്ടാം പിണറായി വിജയൻ സർക്കാരിൻറെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഒരുക്കിയ എന്റെ കേരളം മെഗാ എക്‌സിബിഷനിലെ മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളുകളിൽ ഒരുക്കിയിരിക്കുന്ന വിവിധയിനം അലങ്കാര കോഴികളാണിവ.

വളർത്തു പക്ഷി - മൃഗങ്ങൾക്ക് ആവശ്യമായ പരിചരണം, വാക്‌സിനേഷൻ, രോഗ നിർണ്ണയം ,ചികിത്സ, ബ്രൂണിംഗ്, വളർത്തൽ രീതി തുടങ്ങിയ എന്തിനും ഇവിടെ ഉത്തരമുണ്ട്. മൃഗ സംരക്ഷണ വകുപ്പും മുണ്ടയാട് റീജ്യനൽ പൗൾട്രി ഫാമും ചേർന്നൊരുക്കിയ പ്രദർശനത്തിന് കാഴ്ചക്കാരേറെയാണ്. 

കാട കോഴി, മുട്ടകോഴി, കന്നുകുട്ടി പരിപാലനം തുടങ്ങിയ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനൊപ്പം വിവിധ ബ്രീഡുകളെ ചിത്രങ്ങളിലൂടെയും വീഡിയോ പ്രദർശനത്തിലൂടെയും പരിചയപ്പെടുത്തുന്നു. സങ്കരയിനം ഗ്രാമശ്രീ മുട്ടകൾ , ഒരു ദിവസം പ്രായമുള്ള കോഴി കുഞ്ഞുങ്ങൾ, അസോള വിത്ത് എന്നിവയുടെ വിപണനവും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. 

ജില്ലയിലെ മൃഗചികിത്സാ കേന്ദ്രങ്ങൾക്ക് ആവശ്യമായ മരുന്നുകൾ വാക്‌സിനുകൾ മറ്റ് ഉപകരണങ്ങൾ എന്നിവ യഥാസമയം വിതരണം ചെയ്യുക. മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന പരമ്പരാഗത കർഷകരെ നിലനിർത്തുന്നതിനാവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുക, പുതിയ സാങ്കേതികവിദ്യകളെ പരീക്ഷണശാലകളിൽ നിന്നും പ്രവർത്തനമേഖലയിലേയ്ക്ക് എത്തിക്കുക, മൃഗവളർത്തൽ, പക്ഷിവളർത്തൽ മേഖലയിലെ ഉൽപ്പാദനസാധ്യതകളെ പൂർണ്ണമായും വിനിയോഗിക്കുക, കന്നുകാലി വളർത്തൽ നയം കാര്യക്ഷമമായി നടപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മൃഗസംരക്ഷണ വകുപ്പ് പ്രവർത്തിക്കുന്നത്.