കരവിരുതിൽ കൊത്തിയെടുത്ത ശിൽപങ്ങൾ

post


കണ്ണൂർ: മുളയിൽ തീർത്ത മഴമൂളി, മഴ പെയ്തു തോർന്ന അനുഭൂതി ഇത്തരത്തിൽ വേറിട്ട അനുഭവമാണ് ഫോക്‌ലോർ അക്കാദമി സ്റ്റാളിൽ നിന്നും കാഴ്ചക്കാരന് ലഭിക്കുക. ആദിവാസികൾ നിർമ്മിച്ച മഴമൂളി ഉപകരണം ആരുടെയും ശ്രദ്ധ ഒന്ന് പിടിച്ചുപറ്റും. മഴ പെയ്ത് തോർന്ന ശബ്ദമാണ് ഈ ഉപകരണത്തിലൂടെ കേൾക്കാൻ സാധിക്കുക. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി എന്റെ കേരളം മെഗാ എക്‌സിബിഷനിലാണ് ഫോക് ലോറിന്റെ സ്റ്റാൾ ഒരുക്കിയിട്ടുള്ളത്.

കലാകാരന്മാരുടെ കരവിരുതിൽ നിർമ്മിച്ച ശിൽപങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവ കാഴ്ച്ചക്കാരനെ തൃപ്തിപ്പെടുത്തുമെന്ന് ഉറപ്പ്. വാർലി ആർട്ട് എന്ന പേരിൽ ഒഡീഷൻ കലാകാരന്മാർ പല വർണ്ണങ്ങളിൽ സൃഷ്ടിച്ച പെയിന്റിങ് പ്രധാന ആകർഷണമാണ്. 2016 ൽ കണ്ണൂരിൽ നടന്ന ലോഹാർ ശിൽപ്പശാലയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആദിവാസികൾ മനോഹരമായി നിർമ്മിച്ച ഉൽപ്പന്നങ്ങളാണ്  പ്രദർശനത്തിനായുളളത്.

ചിരട്ട കൊണ്ടുണ്ടാക്കിയ ഉൽപ്പന്നങ്ങൾ, മിഥുൻ കുഞ്ഞിമംഗലം നിർമ്മിച്ച വെങ്കലത്തിൽ തീർത്ത ബാലി തെയ്യത്തിന്റെ ശിൽപം, ഛത്തീസ്ഗഢിലെ കലാകാരന്മാർ ഉണ്ടാക്കിയ മെറ്റൽ വർക്കുകൾ, മുത്തപ്പൻ, വയനാട് കുലവൻ തുടങ്ങിയ തെയ്യക്കോലങ്ങൾ എന്നിവ ഇവിടെ ഇടംപിടിച്ചിട്ടുണ്ട്. 30 ശതമാനം വിലക്കുറവിൽ പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും വിൽപ്പനയ്ക്കായുണ്ട്.