നോര്‍ക്ക റൂട്ട്‌സ് അനുവദിച്ചത് 6010 സംരംഭക വായ്പകള്‍

post

കോവിഡ് പിന്നിട്ട്  പ്രവാസി സംരംഭങ്ങളുടെ വര്‍ഷം

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് ആവിഷ്‌കരിച്ച സംരംഭക സഹായ പദ്ധതികളില്‍ ഉപയോഗിച്ചത് നൂറു ശതമാനം ധനവിനിയോഗം. വ്യത്യസ്ത തലങ്ങളിലെ സ്വയംസംരംഭകരെ സഹായിക്കുന്നതിന് 2021-22 വര്‍ഷത്തില്‍ നടപ്പാക്കിയ പ്രവാസി ഭദ്രത പദ്ധതികള്‍ പ്രവാസികള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പ്രവാസി ഭദ്രത-പേള്‍,  പ്രവാസി ഭദ്രത-മൈക്രോ, പ്രവാസി ഭദ്രത-മെഗാ  എന്നീ പദ്ധതികളിലൂടെ 5010 സംരംഭവായ്പകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിതരണം ചെയ്തത്. നിലവിലുണ്ടായിരുന്ന എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയിന്‍ കീഴില്‍ 1000 സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്.


പ്രവാസി ഭദ്രത പേള്‍ പദ്ധതി കുടുംബശ്രീ മുഖേനെയാണ് നടപ്പിലാക്കിയത്. സൂക്ഷ്മ സംരംഭങ്ങള്‍ക്കായി രണ്ടു ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കുന്ന ഈ പദ്ധതിയില്‍ 3081 വായ്പകള്‍ അനുവദിച്ചിട്ടുണ്ട്. 44 കോടി രൂപയാണ് പലിശരഹിത വായ്പയായി ഇതുവരെ വിതരണം ചെയ്തത്. അഞ്ചു ലക്ഷം വരെ സ്വയംതൊഴില്‍ വായ്പകള്‍ അനുവദിക്കുന്ന പ്രവാസി ഭദ്രത -മൈക്രോ പദ്ധതി വഴി 1927 വായ്പകള്‍ അനുവദിച്ചു. കെ.എസ്.എഫ്.ഇ വഴി 1921 വായ്പകളും കേരളാ ബാങ്ക് വഴി ആറ് വായ്പകളുമാണ് നല്‍കിയത്.  90.41 കോടി രൂപ വായ്പ ഇനത്തില്‍ ഇതുവരെ നല്‍കിയിട്ടുണ്ട്. ഇതിനുള്ള മൂലധന സബ്‌സിഡിയും പലിശസബ്‌സിഡിയും നോര്‍ക്ക നല്‍കുന്നു.


പദ്ധതി തുകയുടെ 25 ശതമാനം പരമാവധി ഒരു ലക്ഷം രൂപ വരെ ഈ പദ്ധതിയില്‍ സബ്‌സിഡിയായി ലഭിക്കും. ആദ്യ നാലു വര്‍ഷം കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് മൂന്നുശതമാനം പലിശ സബ്‌സിഡിയും ലഭിക്കും. വിവിധ സഹകരണ സ്ഥാപനങ്ങള്‍, പ്രവാസി കോഓപ്പറേറ്റീവ് സൊസൈറ്റികള്‍, മറ്റ് നാഷണലൈസ്ഡ് ബാങ്കുകള്‍ തുടങ്ങിയധനകാര്യസ്ഥാപനങ്ങള്‍ വഴി നടപ്പു സാമ്പത്തിക വര്‍ഷം  ഈ വായ്പാ വിതരണം വിപുലീകരിക്കും.

പ്രവാസി ഭദ്രത പേള്‍ വായ്പകയ്ക്ക് കുടുംബശ്രീ സി.ഡി.എസ്സുകള്‍ വഴിയും മൈക്രോ വായ്പയ്ക്ക് കെ.എസ്.എഫ്.ഇ/കേരളാ ബാങ്ക് ശാഖ വഴിയും അപേക്ഷിക്കാം. നോര്‍ക്ക റൂട്ട്‌സിന്റെ നിലവിലു ള്ള പ്രധാന സംരംഭക സഹായ പദ്ധതിയായ എന്‍.ഡി.പി.ആര്‍ഇ.എമ്മില്‍ (നോര്‍ക്ക ഡിപ്പാര്‍ട്ടുമെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ്) 1000 സംരംഭക വായ്പകളാണ് 2021-22 വര്‍ഷം വിതരണം ചെയ്തത്. 81.65 കോടി രൂപ എന്‍.ഡി.പി.ആര്‍.ഇ.എം വായ്പകള്‍ക്കും 19 കോടി രൂപ സബ്‌സിഡികള്‍ക്കുമായി ചെലവഴിച്ചു. മുന്‍വര്‍ഷം 782 സംരംഭങ്ങള്‍ക്കാണ് ഈ പദ്ധതി വഴി വായ്പ അനുവദിച്ചിരുന്നത്.  www.norkaroots.org  എന്ന നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴി ഈ വായ്പയ്ക്ക്അപേക്ഷിക്കാം.


18 ധനകാര്യസ്ഥാപനങ്ങള്‍ വഴിയാണ് നിലവില്‍ എന്‍.ഡി.പി.ആര്‍.ഇ.എം വായ്പകള്‍ നല്‍കി വന്നിരുന്നത്. രണ്ടു കോടി രൂപ വരെയുള്ള വായ്പകള്‍ അനുവദിക്കുന്ന പ്രവാസി ഭദ്രത-മെഗാ വഴി രണ്ടു വായ്പകളായി 1.98 കോടി രൂപ  ഇക്കാലയളവില്‍ അനുവദിച്ചിട്ടുണ്ട്. കെ.എസ്.ഐ.ഡി.സി വഴിയാണ് മെഗാ വായ്പ അനുവദിക്കുന്നത്. 8.25 മുതല്‍ 8.75 വരെയാണ് കെ.എസ്.ഐ.ഡി.സിയുടെ സാധാരണ വായ്പകളുടെ പലിശ നിരക്ക്. ഇതില്‍ 3.25 ശതമാനം മുതല്‍ 3.75 ശതമാനം വരെ നോര്‍ക്ക റൂട്ട്സ് സബ്സിഡി അനുവദിച്ചുകൊണ്ടാണ് പ്രവാസി ഭദ്രത -മെഗാ വായ്പ അനുവദിക്കുന്നത്. സംരംഭകര്‍ക്ക് ഫലത്തില്‍ അഞ്ചു ശതമാനം പലിശയ്ക്ക വായ്പ ലഭ്യമാവുമെന്നതാണ് കെ.എസ്.ഐ.ഡി.സിയുടെ സവിശേഷത. കെ.എസ്.ഐ.ഡി.സി ഓഫീസുകള്‍ വഴിയാണ് പ്രവാസി ഭദ്രത മെഗാ പദ്ധതിക്ക് അപേക്ഷിക്കേണ്ടത്.

 

വനിതാ വികസന കോര്‍പ്പറേഷനും എന്‍.ഡി.പി.ഇ.ആര്‍.എം കൈകോർത്ത് വനിതകള്‍ക്കായി നോര്‍ക്ക വനിതാമിത്രം സംരംഭകവായ്പ ആവിഷ്‌കരിച്ചിരിട്ടുണ്ട്. മൂന്നു ശതമാനം പലിശ നിരക്കില്‍ 15 ശതമാനം മൂലധന സബ്‌സിഡിയോടെയുള്ള ഈ വായ്പ വിദേശത്തു നിന്നും തിരിച്ചെത്തിയ വനിതകള്‍ക്കുള്ള മികച്ച സംരംഭക പദ്ധതിയാണ്. രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്ത ശേഷം സ്ഥിരതാമസത്തിനായി നാട്ടില്‍ തിരിച്ചെത്തിയ വനിതകള്‍ക്കാണ്  വായ്പ ലഭിക്കുക.


വായ്പയെ കുറിച്ചുള്ള വിശദാംശങ്ങള്‍ക്ക് വനിതാ വികസന കോര്‍പ്പറേഷന്റെ 0471 2454585, 2454570, 9496015016 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുകയോ നോര്‍ക്ക റൂട്ട്സിന്റെ  തിരുവനന്തപുരം ഹെഡ്ഓഫീസിലെ 0471 2770511 എന്ന ഫോണ്‍ നമ്പരിലോ 18004253939 എന്ന ടോള്‍ ഫ്രീ നമ്പരിലോ ബന്ധപ്പെടാവുന്നതുമാണ്.  0091 880 20 12345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്സ്ഡ് കോള്‍ സേവനവും ലഭ്യമാണ്.