'കിഫ് ബി കൊള്ളാലോ, കേരളം ഉഷാറല്ലേ!'

post

കണ്ണൂർ: 300 കോടി രൂപ ചെലവിൽ 311 ഏക്കറിൽ നിർമിക്കുന്ന അതിവിശാലമായ കെട്ടിടം. വിദേശ രാജ്യങ്ങളോട് കിടപിടിക്കുന്ന അത്യാധുനിക സൗകര്യങ്ങൾ. കിഫ്ബി സഹായത്തോടെ കല്യാട് നിർമിക്കുന്ന ആയുർവേദ ഗവേഷണ കേന്ദ്രത്തെ വെർച്വൽ റിയാലിറ്റിയിലൂടെ അനുഭവിച്ചറിഞ്ഞപ്പോൾ ഗോവയിൽ നിന്നെത്തിയ ഇ കെ ബീരാന് അമ്പരപ്പ്. 'കിഫ് ബി കൊള്ളാലോ. കേരളം ഉഷാറല്ലേ!' എന്നൊരു കലക്കൻ മറുപടിയും. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായ എന്റെ കേരളം പ്രദർശനത്തിൽ കിഫ്ബിയെ നേരിട്ടറിയാനെത്തുന്നവർ അനവധി. 

എന്റെ കേരളം പ്രദർശന നഗരിയുടെ ഇൻഫ്രാസ്ട്രക്ചർ ഫെസിലിറ്റി ഒരുക്കിയത് കിഫ്ബിയാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആന്റ് കൺസ്ട്രക്ഷന്റെ സഹായത്തോടെയാണ് ഒരു ലക്ഷം സ്‌ക്വയർ ഫീറ്റിൽ എയർ കണ്ടീഷൻ ചെയ്ത ജർമൻ ടെന്റ് ഒരുക്കിയത്. കേരളത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സുഗമമായി നടപ്പാക്കുന്നതിൽ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻറ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) പങ്ക് ജനങ്ങളെ നേരിട്ട് പരിചയപ്പെടുത്തുകയാണ് കിഫ്ബിയുടെ സ്റ്റാളിലൂടെ.

ജില്ലയിലെ കിഫ്ബി പ്രൊജക്ടുകളുടെ വിവരങ്ങൾ വ്യക്തമാക്കുന്ന കൂറ്റൻ വീഡിയോ വാളാണ് പ്രധാന ആകർഷണം. ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റത്തിലൂടെ പദ്ധതികളുടെ കൃത്യമായ വിവരങ്ങൾ അറിയാൻ കഴിയും. ഓരോ പ്രദേശത്തും കിഫ്ബി നടപ്പാക്കുന്ന പദ്ധതികളെ മനസിലാക്കാം. വിദേശ രാജ്യങ്ങളിൽ ഉപയോഗിച്ച് വരുന്ന ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ് (ബി ഐ എം) സന്ദർശകർക്കായി പരിചയപ്പെടുത്തുന്നു. ഈ രീതി ഉപയോഗിച്ചാണ് കിഫ്ബി ആശുപത്രി പോലുള്ള പ്രൊജക്ടുകളുടെ ഗ്രാഫിക് ഡിസൈനുകൾ തയ്യാറാക്കുന്നത്. ബി ഐ എം സംവിധാനമുപയോഗിക്കുന്ന ഇന്ത്യയിലെ ഏക സർക്കാർ സംവിധാനവും ഇതുതന്നെയാണ്. ബി ഐ എം സംവിധാനത്തിലൂടെ നിർമാണ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് സുഗമമായി പ്രവൃത്തി പൂർത്തിയാക്കാനും സാധിക്കും. വെർച്വൽ റിയാലിറ്റിയിലൂടെ ഭാവി പദ്ധതികളെ അനുഭവിച്ചറിഞ്ഞാണ് സന്ദർശകർ മടങ്ങുന്നത്.

കിഫ്ബി നടപ്പാക്കുന്ന 21 പ്രധാന പദ്ധതികളുടെ മിനിയേച്ചർ മാതൃകകളും ഡിസ്‌പ്ലേകളും ഇവിടെ ഉണ്ട്. ആശുപത്രികൾ, സ്‌കൂളുകൾ, സ്റ്റേഡിയങ്ങൾ, റോഡുകൾ, പവർ സപ്ലൈ, ജലവിതരണം, സാംസ്‌കാരിക സ്ഥാപനങ്ങൾ തുടങ്ങി ചെറുതും വലുതുമായ പദ്ധതികളുടെ രൂപമാതൃകകൾ നേരിട്ട് കണ്ടറിയാം.
മലയോര ഹൈവേയുടെ തെക്കിൽ-ആലട്ടി, നന്ദാരപ്പടവ് ചേവാർ റീച്ചുകളുടെ മാതൃകകൾ, ആലപ്പുഴ മൊബിലിറ്റി ഹബ്, തലശ്ശേരി കോർട്ട് കോംപ്ലക്‌സ്, മേപ്പാടി ടണൽ, കാസർഗോഡ് ഇ എം എസ് സ്റ്റേഡിയം, നെടുങ്കണ്ടം ജനറൽ ആശുപത്രി തുടങ്ങി കിഫ്ബി തുടങ്ങി വച്ചതും തുടങ്ങാനിരിക്കുന്നതുമായ പദ്ധതികളെ പരിചയപ്പെടാനും അവസരമുണ്ട്.