കെഎസ്ഇബി സ്റ്റാളിലെത്തൂ; വൈദ്യുതി ബില്ലിൽ ലാഭം കൊയ്യൂ

post


കണ്ണൂർ: വൈദ്യുതി ബിൽ കുറക്കണോ? കെ എസ് ഇ ബി സ്റ്റാളിൽ എത്തിയാൽ മതി. ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസമായി വൈദ്യുതി ബിൽ കുറയ്ക്കാനുള്ള പദ്ധതികളും സൂത്രവിദ്യകളും വിശദമായി പറഞ്ഞു മനസിലാക്കിയാണ്  കെ എസ് ഇ ബി ഉദ്യോഗസ്ഥർ സന്ദർശകരെ യാത്രയാക്കുന്നത്. സ്ലാബ് അടിസ്ഥാനത്തിൽ  കൂടിയ വൈദ്യുതി നിരക്കിൽ നിന്ന് രക്ഷ നേടാൻ വൈദ്യുതി ഉപയോഗം യൂണിറ്റ് കണക്കാക്കി നിയന്ത്രിച്ചു നിർത്താനുള്ള വഴികളും ഫിലമെന്റ് ബൾബും എൽ ഇ ഡി ബൾബും ഉപയോഗിക്കുമ്പോഴുണ്ടാകുന്ന വൈദ്യുത ലാഭവും മീറ്റർ വച്ച് നേരിട്ട് കാണുവാൻ കഴിയും. കെ എസ് ഇ ബി യുടെ വാതിൽപ്പടി സേവനങ്ങളും സന്ദർശകർക്ക് മുന്നിൽ വിശദമായി അവതരിപ്പിക്കുന്നുണ്ട്. പുതിയ വൈദ്യുത കണക്ഷൻ, ഉടമയെ മാറ്റൽ, താരിഫ് മാറ്റൽ, പരാതികൾ എന്നിവ ടോൾഫ്രീ നമ്പറായ 1912 ൽ അറിയിച്ചാൽ 24 മണിക്കൂറിനകം ഉദ്യോഗസ്ഥർ വീടുകളിലെത്തി സേവനം നൽകും. 

കെഎസ്ഇബിയുടെ പുരപ്പുറം സൗരോർജ പദ്ധതിക്കും ആവശ്യക്കാരേറെയാണ്. എന്റെ കേരളം മെഗാ എക്‌സിബിഷനിൽ കെ എസ് ഇ ബി സ്റ്റാളിലെത്തി 96 പേരാണ്  ഇതുവരെ പുരപ്പുറം സോളർ പദ്ധതിക്ക് രജിസ്റ്റർ ചെയ്തത്. സ്റ്റാളിൽ നേരിട്ടെത്താൻ കഴിയാത്തവർക്ക് ഇ കിരൺ എന്ന വെബ്‌സൈറ്റ് വഴി സേവനം പ്രയോജനപ്പെടുത്താം. ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സ്റ്റേഷന്റെ മാതൃകയും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. Charge MOD എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് റീചാർജ് ചെയ്താൽ ഇവ ഉപയോഗിക്കാനാവും. ഡിസി ഫാസ്റ്റ് ചാർജിങ്ങിന് യൂണിറ്റിന് 15.34 രൂപയും എസി സാധാരണ ചാർജിങ്ങിന് 10.60 രൂപയുമാണ് നിരക്ക്. വൈദ്യുത ബില്ല് നിയന്ത്രിക്കുന്നതിന് ഏറെ പ്രയോജനപ്രദമാണ് കെ എസ് ഇ ബി സ്റ്റാൾ എന്നാണ് ജനങ്ങൾ പറയുന്നത്.