ജിഎസ്ടി ഓർമ്മപ്പെടുത്തുന്നു 'ബില്ല് എന്റെ അവകാശം'
കണ്ണൂർ: കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയാൽ നിങ്ങൾ ബിൽ ചോദിച്ചു വാങ്ങാറുണ്ടോ? ഇല്ലെങ്കിൽ ജി എസ് ടി വകുപ്പ് നിങ്ങളെ ഓർമ്മിപ്പിക്കുകയാണ്, നികുതി നാടിന്റെ നന്മക്ക്...ബില്ല് എന്റെ അവകാശം. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം എക്‌സിബിഷൻ ജി എസ് ടി വകുപ്പ് സ്റ്റാളിൽ ജനങ്ങൾക്ക് നൽകുന്ന പ്രാധാന സന്ദേശം ഇതാണ്.
ബിൽ വാങ്ങുന്ന ശീലം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ രസകരമായ മത്സരങ്ങളും വകുപ്പ് സ്റ്റാളിൽ സംഘടിപ്പിക്കുന്നുണ്ട്. 2022 ഏപ്രിൽ ഒന്ന് മുതൽ ലഭിച്ച ബിൽ വാട്ട്‌സാആപ്പ് നമ്പറിലേക്ക് അയച്ചാൽ ഓരോ ദിവസവും നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കുന്നവർക്ക് സമ്മാനങ്ങൾ ലഭിക്കും. ബില്ല് ചോദിച്ചു വാങ്ങൂ നികുതി വെട്ടിപ്പ് തടയൂ...എന്ന മുദ്രാവാക്യമാണ് ഇതിലൂടെ ആളുകളിലേക്ക് എത്തിക്കുന്നത്. ഇതിന് പുറമെ ജി എസ് ടി ചോദ്യപ്പെട്ടിയും സ്റ്റാളിൽ സ്ഥാപിച്ചിട്ടുണ്ട്. പെട്ടിയിലുള്ള ജി എസ് ടി സംബന്ധമായ ചോദ്യത്തിന് ശരിയായ ഉത്തരം നൽകുന്നവർക്ക് സമ്മാനം ലഭിക്കും. ജി എസ് ടിയെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ ഉണ്ടാക്കുന്നതിനുള്ള വിവരങ്ങളും സേവനങ്ങളെക്കുറിച്ച് വിവരിക്കുന്ന ഒരു സ്‌ക്രീനും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.