നാല് വര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കും

post

മലയിന്‍കീഴ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പ്രവര്‍ത്തനം തുടങ്ങി

തിരുവനന്തപുരം: നാലുവര്‍ഷം കൊണ്ട് കേരളത്തിലെ റീസര്‍വേ പൂര്‍ത്തിയാക്കുമെന്നും ഇതിലൂടെ എല്ലാവരുടേയും ഭൂമിയ്ക്ക് രേഖ ഉറപ്പാക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. കാട്ടാക്കട താലൂക്കിലെ മലയിന്‍കീഴ് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. തൊള്ളായിരത്തി പതിനൊന്ന് വില്ലേജുകളില്‍ ഇതിനോടകം ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കി. 27 വില്ലേജുകളില്‍ റീസര്‍വേ നടപടികള്‍ പുരോഗമിക്കുകയാണ്.

റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി 807 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. 4700 ഓളം ജീവനക്കാരെ റീ സര്‍വേ ജോലികള്‍ക്കായി നിയോഗിക്കുകയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. വിവിധ ഭൂപ്രകൃതിക്ക് അനുസൃതമായുള്ള സര്‍വേ സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്.  റീസര്‍വേയുടെ കരട് പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് ഭൂഉടമകള്‍ക്ക് അത് പരിശോധിക്കുന്നതിനും പരാതി പരിഹരിക്കുന്നതിനുള്ള അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

റവന്യൂ വകുപ്പിലെ ക്രയവിക്രയങ്ങളെ സുതാര്യമാക്കുന്നതിനായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ കൊണ്ടു വരും. ഇതിലൂടെ ഓഫീസിലെ ഭൗതിക സാഹചര്യങ്ങള്‍ മാത്രമല്ല ഇടപാടുകളും സമാര്‍ട്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.