'എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയ്ക്ക് 150 സ്റ്റാളുകളോടെ ഏപ്രില്‍ 28ന് തുടക്കം
*കുടുംബശ്രീയും കെ.ടി.ഡി.സിയും സംയുക്തമായൊരുക്കുന്ന വിപുലമായ ഫുഡ് സ്റ്റാള്‍
*നിറസന്ധ്യ പകര്‍ന്നു തരുന്ന കലാ- സാംസ്‌കാരികപരിപാടികള്‍
*റോഡപകടങ്ങള്‍ എങ്ങനെ കുറയ്ക്കാം, സ്വയം സഹായ സംഘങ്ങള്‍ മുഖേനയുള്ള ധനസഹായം തുടങ്ങി ജനോപകാരപ്രദമായ സെമിനാറുകള്‍
*തനത് രുചിക്കൂട്ടുകളും കരകൗശല- കാര്‍ഷികോത്പന്നങ്ങള്‍ മുതല്‍ ധനസഹായമുള്‍പ്പെടെയുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ ഒറ്റ കുടക്കീഴില്‍
പാലക്കാട്: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം, വ്യവസായം, കൃഷി, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ 28 മുതല്‍ മെയ് നാല് വരെ 'എന്റെ കേരളം' എന്ന പേരില്‍ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പ്രദര്‍ശന-വിപണന മേള നടക്കും. ശീതീകരിച്ച 150 സ്റ്റാളുകളാണ് മേളയില്‍ ഉള്‍പ്പെടുക. മേളയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഏപ്രില്‍ 28 ന് വൈകിട്ട് അഞ്ചിന് നിര്‍വഹിക്കും.
കുടുംബശ്രീ, കെ.ടി.ഡി.സി എന്നിവയുടെ ആഭിമുഖ്യത്തില്‍ പാലക്കാടിന്റെ തനത് രുചിക്കൂട്ടുകളും മറ്റ് രുചി വൈവിധ്യങ്ങളും ഉള്‍പ്പെടുത്തിയുള്ള വിപുലമായ ഫുഡ് സ്റ്റാള്‍ ഉണ്ടാകും. 'കേരളത്തെ അറിയാം' എന്ന പേരില്‍ ടൂറിസം വകുപ്പിന്റെ 10 വിനോദ കേന്ദ്രങ്ങള്‍ സംബന്ധിച്ച സ്റ്റാളുകള്‍, കേരള ചരിത്രം അഭിമാനം, നേട്ടങ്ങള്‍, പ്രതീക്ഷ ഭാവി എന്നിവ വിഷയീകരിച്ചുള്ള പി.ആര്‍.ഡിയുടെ സ്റ്റാള്‍, പരമ്പരാഗത- കാര്‍ഷിക ഉത്പന്നങ്ങളും കൗതുകമുണര്‍ത്തുന്ന കരകൗശല ഉത്പന്നങ്ങളും ഉള്‍പ്പെടുന്ന സ്റ്റാളുകളും, ധനസഹായമുള്‍പ്പെടെ സര്‍ക്കാരിന്റെ വിവിധ സേവനങ്ങളും രേഖകള്‍ സംബന്ധിച്ച വിവരങ്ങളും ലഭിക്കുന്ന സ്റ്റാളുകളും ഇതില്‍ ഉള്‍പ്പെടും. തനത് സാംസ്‌കാരിക പരിപാടികള്‍, പൊതു ജനോപകാരപ്രദമായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി സെമിനാറുകള്‍ എന്നിവ മേളയുടെ ഭാഗമായി നടക്കും. മെയ് നാലിന് മേളയുടെ സമാപനം നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.