താനൂര്‍ ഗവ. ഫിഷറീസ് സ്‌കൂളിലെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗതിയില്‍
താനൂര്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗതിയില്‍. തീരദേശ വികസന കോര്‍പ്പറേഷന്‍ അനുവദിച്ച 10 കോടി രൂപയും പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള മൂന്ന് കോടി രൂപയും വിനിയോഗിച്ചാണ് താനൂര്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അക്കാദമിക അടിസ്ഥാന സൗകര്യ വികസന പദ്ധതി നടപ്പിലാക്കുന്നത്.
എട്ട് കോടിയില്‍പ്പരം രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളുള്ള കെട്ടിടനിര്‍മ്മാണം അടുത്ത മാസം ആരംഭിക്കും. സ്‌കൂളിലെ കാലപ്പഴക്കമുള്ള കെട്ടിടം പൊളിച്ചു നീക്കല്‍ അവസാന ഘട്ടത്തിലാണ്. ക്ലാസ് മുറികള്‍, ലൈബ്രറി, ലാബ് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ കെട്ടിടം, ഹോസ്റ്റല്‍ എന്നിവയ്ക്ക് പുറമെ സ്‌കൂളിനായി ചുറ്റുമതില്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള സ്‌കൂള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് വി.അബ്ദുറഹ്മാന്‍ എം.എല്‍.എ അറിയിച്ചു.
പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ മൂന്ന് കോടിയില്‍പ്പരം രൂപ വിനിയോഗിച്ച് ഹോസ്റ്റല്‍ നിര്‍മ്മാണ പ്രവര്‍ത്തനമാണ് ആരംഭിച്ചത്. ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ ആരംഭിച്ച ഹോസ്റ്റലിന്റെ താഴത്തെ നിലയുടെ നിര്‍മ്മാണ പ്രവര്‍ത്തനം 25 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു.
120 വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ സമയം താമസിക്കാവുന്ന ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഡൈനിങ് ഹാള്‍, ലൈബ്രറി, വായനാമുറി, അടുക്കള തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. അടുത്ത വര്‍ഷം മെയ് അവസാനത്തോടെ ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള വിധത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് തീരദേശ വികസന കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അപര്‍ണ്ണ പറഞ്ഞു.
താനൂര്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലേതുള്‍പ്പെടെയുള്ള കുട്ടികളാണ് പഠിക്കുന്നത്. സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നതോടെ ഇവരുടെ വിദ്യാഭ്യാസ നിലവാരവും ഉയരും.