കൂട്ടുംവാതുക്കല്‍ക്കടവ് പാലം നാടിന് സമര്‍പ്പിച്ചു

post


ദേശീയപാത നവീകരണം 2025ല്‍ പൂര്‍ത്തിയാക്കും- മന്ത്രി മുഹമ്മദ് റിയാസ്


ആലപ്പുഴ: ദേവികുളങ്ങര, കണ്ടല്ലൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൂട്ടുംവാതുക്കല്‍ക്കടവ് പാലത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. 

40 കോടി രൂപ വിനിയോഗിച്ചാണ് ദേവികുളങ്ങര, കണ്ടല്ലൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൂട്ടുംവാതുക്കല്‍ക്കടവ് പാലം നിര്‍മിച്ചത്. 320 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തില്‍ ഇരുവശങ്ങളിലും നടപ്പാതയും പാലത്തിന്‍റെ ഇരുകരകളിലും 500 മീറ്റര്‍ വീതം നീളത്തില്‍ ബി.എം. ആന്‍റ് ബി.സി. നിലവാരത്തിൽ അപ്രോച്ച് റോഡുകളുമുണ്ട്. അഞ്ച് വലിയ ആര്‍ച്ചുകളും സജ്ജമാക്കിയിരിക്കുന്നു. 


സംസ്ഥാനത്തെ ദേശീയ പാത വികസനം 2025 ഓടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഉദ്ഘാടനം ചെയ്തശേഷം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.  

ദേശീയ പാതയുടെ വികസനം യാഥാര്‍ത്ഥ്യമാകുന്നതോടെ വാഹനത്തിരക്കുമൂലം ഗതാഗത മേഖല നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകും. പാതകളില്‍ റെയില്‍വേ ക്രോസിംഗ് ഒഴിവാക്കുന്നതിന് 10 മേല്‍പ്പാലങ്ങള്‍ നിര്‍മിച്ചുവരികയാണ്. തീരദേശ പാത വികസനവും സമയബന്ധിതമായി പൂര്‍ത്തീകരിക്കും- മന്ത്രി പറഞ്ഞു.


ചടങ്ങില്‍ യു. പ്രതിഭ എം.എല്‍.എ, എ.എം.ആരിഫ് എം.പി, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.