ധർമ്മടം മണ്ഡലത്തിലെ 20 പദ്ധതികൾ നാടിന് സമർപ്പിച്ചു

post

ഗ്രാമീണ കാർഷികോൽപ്പന്ന കയറ്റുമതി ലക്ഷ്യം: മുഖ്യമന്ത്രി


കണ്ണൂർ: ഗ്രാമപ്രദേശങ്ങളിലെ കാർഷികോൽപ്പന്നങ്ങൾ സംഭരിച്ച് വിദേശത്തേക്കടക്കം കയറ്റുമതി ചെയ്യുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധർമ്മടം മണ്ഡലത്തിൽ പൂർത്തിയാക്കിയ 20 പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കാർഷിക മേഖലയെ സ്വയംപര്യാപ്തതയിലേക്ക് എത്തിക്കുകയാണ് പ്രധാനം. ഇതിനുള്ള ഒരുക്കം സർക്കാർ നേരത്തെ തുടങ്ങിയിട്ടുണ്ട്. കൃഷി, സഹകരണം, വ്യവസായം എന്നീ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും യോജിച്ചുള്ള പദ്ധതികളാണ് തയാറാക്കുന്നത്. ഇതിന് കാർഷികോൽപ്പന്നങ്ങൾ കേടുകൂടാതെ സംഭരിച്ച് വെക്കാനുള്ള സംവിധാനം ആവശ്യമാണ്. നേരത്തെ 1,70,000 ഹെക്ടർ നെൽകൃഷി ഉൽപാദിപ്പിച്ചിടത്തു നിന്ന് 2,31,000 ഹെക്ടറായി വർധിപ്പിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജലസ്രോതസ്സുകളിൽ മാലിന്യം വലിച്ചെറിയൽ നാടിനോട് ചെയ്യുന്ന ദ്രോഹമാണ്. ജീവന്റെ നീരുറവ സംരക്ഷിക്കൽ ഓരോരുത്തരുടെയും കടമയാണ്. സർക്കാരിന്റെ ഒന്നാംവാർഷികത്തിനു മുന്നോടിയായി ലൈഫ് മിഷന്റെ ഭാഗമായി 2000 വീടുകൾ കൂടി കൈമാറും. പുനർഗേഹം പദ്ധതിയിൽ 532 കുടുംബങ്ങളെ കൂടി പുനരധിവസിപ്പിക്കും. വാതിൽപടി സേവനം സംസ്ഥാനത്ത് പൂർണമായും നടപ്പാക്കാൻ മുൻകൈയെടുക്കും. 15000 കുടുംബങ്ങൾക്കു കൂടി പട്ടയങ്ങൾ നൽകും. കെ ഫോണിലൂടെ 14000 കുടുംബങ്ങൾക്ക് ഇന്റർനെറ്റ് സൗകര്യങ്ങൾ തുടങ്ങിയ ഒട്ടേറെ പദ്ധതികൾ യാഥാർഥ്യമാവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിണറായി ചെക്കിക്കുനി പാലത്ത് നടന്ന ചടങ്ങിൽ ഡോ. വി ശിവദാസൻ എം പി അധ്യക്ഷനായി. ധർമ്മടം മണ്ഡലത്തിലെ തീരപ്രദേശങ്ങളിലെ സുഗമമായ ഗതാഗതത്തിനായി ഹാർബർ എൻജിനിയർ വിഭാഗം പൂർത്തീകരിച്ച റോഡുകൾ, നീർത്തട വികസന പദ്ധതിയുടെ ഭാഗമായി മൈനർ ഇറിഗേഷൻ, മണ്ണ്, ജല സംരക്ഷണ വകുപ്പ്, കേരള ലാന്റ് ഡവലപ്‌മെന്റ് കോർപറേഷൻ, കൃഷി എൻജിനിയറിങ് വകുപ്പുകളും പൂർത്തീകരിച്ച പദ്ധതികൾ എന്നിവയടക്കം 20 പദ്ധതികളാണ് നാടിന് സമർപ്പിച്ചത്.


പൂർത്തിയാക്കിയത് 20 പദ്ധതികൾ


മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമ്മടം മണ്ഡലത്തിലെ 20 പദ്ധതികളാണ് നാടിന് സമർപ്പിച്ചത്. തീരദേശ റോഡുകളായ ധർമ്മടം പഞ്ചായത്തിലെ കൊള്ള്യാൻ സ്മാരക റോഡ്, പിണറായിയിലെ എ കെ ജി റോഡ്, വളപ്പിലക്കണ്ടി കൊറുമ്പൻ റോഡ്, പെരളശ്ശേരിയിലെ കിലാലൂർ -മാണിക്കൊവ്വൽ റോഡ്, മുഴപ്പിലങ്ങാട്ടെ കൂടക്കടവ് ഗെയ്റ്റ്-ചിരാലക്കണ്ടി റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. മൈനർ ഇറിഗേഷന്റെ കീഴിൽ പിണറായി പഞ്ചായത്തിലെ ഇല്ലത്തുങ്കണ്ടി വിസിബി, ചേരിക്കിൽ കുളം, പെരളശ്ശേരിയിലെ കണ്ണോത്ത് ചിറ-പൊതുവാച്ചേരി റോഡ്, വേങ്ങാട്ടെ പറമ്പായി കീഴേടത്ത് വയൽകുളം, കടമ്പൂരിലെ ഒരികര തോട് എന്നിവ നാടിന് സമർപ്പിച്ചു. മണ്ണ് ജല സംരക്ഷണത്തിനു കീഴിൽ പിണറായി പഞ്ചായത്തിലെ തണ്വമംഗലം വിഷ്ണുക്ഷേത്ര കുളം, പെരളശ്ശേരിയിലെ ശാസ്താംകോട്ട അയ്യപ്പക്ഷേത്ര കുളം, ആറാട്ട് കുളം, വേങ്ങാട്ടെ കല്ലിക്കുന്ന് വയൽകുളം എന്നിവയും കെഎൽഡിസിയുടെ കീഴിലെ പെരളശ്ശേരിയിലെ മക്രേരി അമ്പലക്കുളം, പിണറായിലെ ചെക്കിക്കുനിപ്പാലം സബ്‌സ്റ്റേഷൻ തോട്, കൃഷി എൻജിനിയറിങ് കീഴിലെ കുറ്റിവയൽ-ബാവോട് കുളം ജലസേചന പദ്ധതി, വേങ്ങാട്ടെ കീഴത്തൂർ വിസിബി അനുബന്ധ പ്രവൃത്തി, ചെമ്പിലോട്ടെ തന്നട റോഡ് സംരക്ഷണം എന്നിവയാണ് യാഥാർഥ്യമാക്കിയത്.