'എന്റെ കേരളം' മെഗാ എക്സിബിഷൻ സമാപിച്ചു

post



കണ്ണൂർ: രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പോലീസ് മൈതാനിയിൽ സംഘടിപ്പിച്ച 'എന്റെ കേരളം' പ്രദർശന വിപണന മേള വ്യാഴാഴ്ച സമാപിച്ചു. മേളയുടെ ഭാഗമായുള്ള കലാ സാംസ്‌കാരിക പരിപാടികൾക്ക് കണ്ണൂർ ഷെരീഫിന്റെ സംഗീതനിശയോടെ സമാപനമായി. മേളയിലെ ഏറ്റവും മികച്ച സ്റ്റാളുകൾക്കുള്ള പുരസ്‌കാരം രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ വിതരണം ചെയ്തു. മേളയുടെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് പ്രസിദ്ധീകരിച്ച 'കണ്ണൂർ ഗസറ്റ്' പ്രത്യേക പതിപ്പ് ജില്ലാ കളക്ടർ എസ് ചന്ദ്രശേഖറിന് നൽകി രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ പ്രകാശനം ചെയ്തു.


ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ.കെ രത്‌നകുമാരി, സംഘാടക സമിതി കൺവീനറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ടി ഒ ഗംഗാധരൻ,  മാനേജർ പി വി രവീന്ദ്രൻ, എൽഎസ്ജിഡി ജോ. ഡയറക്ടർ ടി ജെ അരുൺ, ഫോക്‌ലോർ അക്കാദമി വൈസ് ചെയർമാൻ എ വി അജയകുമാർ, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ, കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സുർജിത് എന്നിവർ സംബന്ധിച്ചു. ഏപ്രിൽ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത മേള വൻ ജനപങ്കാളിത്തത്തോടൊപ്പം മികച്ച വിറ്റുവരവും നേടിയാണ് സമാപിച്ചത്.

മികച്ച തീം സ്റ്റാളിനുള്ള പുരസ്‌കാരം കേരള പൊലീസ് ഏറ്റുവാങ്ങി. മലബാർ കാൻസർ സെൻറർ രണ്ടും ജയിൽ വകുപ്പ് മൂന്നും സ്ഥാനം നേടി. മികച്ച ഡിസൈൻ: കിഫ്ബി. മികച്ച ആക്റ്റിവിറ്റി: പൊതുവിദ്യാഭ്യാസം. ജൂറി പ്രത്യേക പരാമർശം: ഐ ഐ എച്ച് ടി, ആയുഷ് ഹോമിയോ, സിദ്ധ ചികിത്സ. സാങ്കേതികവിദ്യ വിഭാഗത്തിൽ മികച്ച സ്റ്റാൾ ഗവ.ഐടിഐ കണ്ണൂർ. സർക്കാർ വകുപ്പുകളിൽ ഏറ്റവും മികച്ച വിപണന സ്റ്റാൾ കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ് ചന്തയാണ്. ഫിഷറീസ് സ്റ്റാൾ രണ്ടും ഖാദി ബോർഡ് മൂന്നും സ്ഥാനം നേടി.
മൃഗസംരക്ഷണ വകുപ്പിന്റെ മുണ്ടയാട് കോഴി വളർത്തൽ കേന്ദ്രത്തിന്റേതാണ് ഏറ്റവും നല്ല ജനസൗഹൃദ സ്റ്റാൾ.
മറ്റ് ഏജൻസികളിൽ ഏറ്റവും മികച്ച വിപണന സ്റ്റാളായി ദിനേശ് തെരഞ്ഞെടുക്കപ്പെട്ടു. കുടുംബശ്രീക്കാണ് രണ്ടാം സ്ഥാനം.
ഏറ്റവും കൂടുതൽ വിപണനം നടത്തിയ കൈത്തറി സ്റ്റാൾ കാഞ്ഞിരോട് കൈത്തറി സംഘത്തിന്റേതാണ്. ചിറക്കൽ കൈത്തറി സംഘം രണ്ടും ചൊവ്വ കൈത്തറി സംഘം മൂന്നും സ്ഥാനം നേടി. ഏറ്റവും കൂടുതൽ വിപണനം നടത്തിയ എംഎസ്എംഇ സ്റ്റാൾ പപ്പുവാൻ.
ഫുഡ് കോർട്ടുകളിൽ മികച്ച സ്റ്റാൾ കഫേ കുടുംബശ്രീയുടേതാണ്. ദിനേശ് ഫുഡ്‌സിനാണ് രണ്ടാം സ്ഥാനം.
ശുചിത്വം, വേയ്സ്റ്റ് മാനേജ്‌മെന്റ് തുടങ്ങിയവയിലുള്ള മികവിന് കെ ടി ഡി സി - പുട്ടോപ്പിയ സ്റ്റാൾ പുരസ്‌കാരം നേടി.