ജില്ലയിൽ ആരംഭിച്ചത് 106 ജനകീയ ഹോട്ടലുകൾ; വിജയശ്രീയായി ജില്ലയിലെ കുടുംബശ്രീ

post

കോഴിക്കോട്: ജില്ലയിൽ സ്ത്രീപക്ഷ മുന്നേറ്റം, സാമൂഹ്യ വികസന പദ്ധതികൾ, ജനകീയ ഹോട്ടൽ തുടങ്ങി നിരവധി ശ്രദ്ധേയ പദ്ധതികൾ വിജയകരമായി നടപ്പാക്കി കുടുംബശ്രീ. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയിൽ 106 ജനകീയ ഹോട്ടലുകൾ ആരംഭിച്ചു. ദിവസേന 31,000 ത്തോളം ഊണുകളാണ് ഇതുവഴി വിതരണം ചെയ്തു വരുന്നത്. 20 രൂപ, 25 രൂപ നിരക്കിലാണ് ഉച്ച ഭക്ഷണ വിതരണം. ഇതുപ്രകാരം ജില്ലയിലെ വിവിധ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിന്  ഈ വർഷം ജില്ലയിൽ എട്ട് കോടിയോളം രൂപ സബ്‌സിഡി അനുവദിച്ചിട്ടുണ്ട്.

പട്ടികവർഗ മേഖലയിൽ പുതിയ അഞ്ച് ട്രൈബൽ അയൽക്കൂട്ടങ്ങളും പുതിയ 10 ട്രൈബൽ ജെ എൽ ജികളും രൂപവത്കരിച്ചു. പട്ടികവർഗ മേഖലയിലെ അയൽക്കൂട്ടങ്ങളെ സ്വയംപര്യപ്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 10 അയൽക്കൂട്ടങ്ങളെ തിരഞ്ഞെടുക്കുകയും അയൽക്കൂട്ടങ്ങളുടെ ഭാരവാഹികൾക് പരിശീലനം നൽകുകയും ചെയ്തു. പട്ടികവർഗ മേഖലയിൽ മൃഗ സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മുഴുവൻ സബ്‌സിഡിയോടെ നിരവധി യൂണിറ്റുകൾ ആരംഭിച്ചു. കൂടുതൽ സംരംഭം രൂപീകരിക്കുന്നതിനായി സ്റ്റാർട്ട് അപ്പ് ഫണ്ടുകൾ നൽകി ജില്ലയിൽ പുതുതായി ആറ് ചെറുകിട സംരംഭങ്ങൾ രൂപവത്കരിച്ചു.

പട്ടികവർഗ മേഖലയിലെ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി അവരുടെ ഊരിൽതന്നെ പഠന സംബന്ധമായി അധികവിദ്യാഭ്യാസം നൽകുന്നതിന്  ബ്രിഡ്ജ് കോഴ്‌സ് ആരംഭിച്ചു. ജില്ലയിൽ കൂടുതൽ കൊഴിഞ്ഞുപോക്ക് റിപ്പോർട്ട് ചെയ്ത മരുതോങ്കര സി ഡി എസിലെ കുടിൽപാറ കോളനിയിൽ ബ്രിഡ്ജ് കോഴ്‌സ് ആരംഭിച്ചു. ഈ മേഖലയിലെ യുവാക്കൾക്കിടയിൽ വായനശീലം വളർത്തുന്നത്തിനായി യൂത്ത് ക്ലബ്ബുകൾ കേന്ദ്രീകരിച്ചു ലൈബ്രറികൾ രൂപവത്കരിച്ചു. ജില്ലയിൽ ആകെ ആറോളം പട്ടികവർഗ യൂത്ത് ക്ലബ് ലൈബ്രറികളാണ് രൂപവത്കരിച്ചത്.

സ്ത്രീധനവുമായി ബന്ധപ്പെട്ട് സ്ത്രീകൾ അനുഭവിക്കുന്ന അതിക്രമങ്ങളും മറ്റ് പ്രശ്‌നങ്ങളും  ചർച്ച ചെയ്യുന്നതിനായി സ്ത്രീപക്ഷ നവകേരളം ക്യാമ്പയിൻ സംഘടിപ്പിച്ചു. റാലികൾ, സെമിനാറുകൾ, അഭിപ്രായ സർവേകൾ എന്നിവ സംഘടിപ്പിക്കുകയും സ്ത്രീപക്ഷ കർമപദ്ധതികൾ തയ്യാറാക്കുകയും ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരേയുള്ള അതിക്രമങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെ ക്രൈം മാപ്പിംഗ് നടപ്പാക്കി. ജില്ലയിലെ 12 ബ്ലോക്കുകളിൽനിന്നായി തിരഞ്ഞെടുക്കപ്പെട്ട 12 പഞ്ചായത്തുകളിൽ ക്രൈം മാപ്പിംഗ് പ്രവർത്തനം ആരംഭിച്ചു.

ജില്ലയിൽ 1,566 വാർഡിൽ ആകെ 1,596 ഓക്‌സിലറി ഗ്രൂപ്പ് രൂപവത്കരിച്ചു. 29,136 യുവതികൾ  ഈ ഗ്രൂപ്പുകളിൽ അംഗങ്ങളാണ്. ജില്ലാകലക്ടറുടെ ഓക്‌സിജൻ കോൺസെൻട്രേറ്റർ ചലഞ്ചിൽ 38.66 ലക്ഷംരൂപയും കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് 21 ലക്ഷംരൂപയും കുടുംബശ്രീ നൽകി. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷൻ ശുചിത്വചങ്ങല 2.0 എന്ന പേരിൽ ശുചീകരണ പ്രവർത്തനം നടത്തി. ഇതിന്റെ ഭാഗമായി 3,15,234 വീടുകൾ ശുചിത്വഭവനമായി പ്രഖ്യാപിച്ചു.

4,571 അയൽക്കൂട്ടത്തിന് 349 കോടിരൂപ ബാങ്ക്‌ ലിങ്കേജ്‌ വഴി നേടി. ലിങ്കേജ് ലോൺ എടുത്ത അയൽക്കൂട്ടത്തിനു ലോൺ പലിശ സബ്‌സിഡി ആയി ഈ വർഷം 3.25 കോടിരൂപ അയൽക്കൂട്ടത്തിനു നൽകി. അയൽക്കൂട്ട സമ്പാദ്യം വർധിപ്പിക്കുന്നതിന് മികച്ച അയൽക്കൂട്ടത്തിനു സർക്കാർ നൽകുന്ന റിവോൾവിംഗ് ഫണ്ട് പ്രകാരം 333 അയൽക്കൂട്ടത്തിന് ഈ വർഷം 50 ലക്ഷംരൂപ നൽകി. ബാലസഭകളുടെ പ്രവർത്തനം മികവുറ്റതാക്കി. നാല് പുതിയ ബഡ്‌സ് ബി ആർ സി സ്ഥാപനങ്ങൾ ആരംഭിച്ചു. ബഡ്‌സ് ഫെസ്റ്റ് മഴവില്ല് 2022 നടപ്പാക്കി.  

കൃഷിയിൽ താത്പര്യമുള്ള കുടുംബശ്രീ വനിതകൾക്കായി ജില്ലയിൽ 76 പുതിയ ജെ എൽ ജികൾ രൂപീകരിച്ചു. നിലവിൽ 5167 ജെ എൽ ജികൾ പ്രവർത്തിക്കുന്നുണ്ട്. 952.1 ഹെക്ടറിൽ പച്ചക്കറി, നെല്ല്, വാഴ എന്നിവ കൃഷി ചെയ്തുവരുന്നുണ്ട്. ഉത്പന്നങ്ങളുടെ വിപണനത്തിനായി ജില്ലയിൽ 36 നാട്ടുചന്തകൾ പ്രവർത്തിച്ചു വരുന്നു.

ജില്ലയിൽ 16 ചെറുകിട മൂല്യവർധിത യൂണിറ്റും 10 ഇടത്തരം മൂല്യവർധിത യൂണിറ്റും 22 ജൈവിക പ്ലാന്റ് നഴ്‌സറികളും പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ ഒരുകോടി ഫല വൃക്ഷത്തൈ പദ്ധതിയുടെ ഭാഗമായി ജൈവിക പ്ലാന്റ് നഴ്‌സറികൾ ജില്ലയിലെ വിവിധ കൃഷിഭവനുകളിലേക്ക് 7143 ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. ഈ സാമ്പത്തിക വർഷം 4,76,741 രൂപയോളം വരുമാനം ലഭിച്ചു. 20 അഗ്രി ബിസിനസ്സ് വെഞ്ചറുകൾ പ്രവർത്തിച്ചുവരുന്നുണ്ട്. 1225 വാർഡുകളിലായി 61,250 കുടുംബശ്രീ കുടുംബങ്ങൾ അഗ്രി ന്യൂട്രി ഗാർഡൻ  പദ്ധതിയുടെ ഭാഗമായി. 10 ബയോഫാർമസികൾ, രണ്ട് ഫ്രൂട്ട്‌ പ്രോസസ്സിംഗ് യൂണിറ്റുകൾ, അഞ്ച് വെജിറ്റബിൾ കിയോസ്‌ക്കുകൾ എന്നിവ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്.

മൃഗ സംരക്ഷണ മേഖലയിൽ ക്ഷീര സാഗരം, ആട് ഗ്രാമം, കോഴി ഗ്രാമം, മുട്ടക്കോഴി വളർത്തൽ, മാംസ  സുരക്ഷാ പദ്ധതി എന്നിവ നടപ്പാക്കി. 781 ക്ഷീരസാഗരം യൂണിറ്റുകളും 825 ആട് ഗ്രാമം യൂണിറ്റുകളും 24 മുട്ടക്കോഴി യൂണിറ്റുകളുമാണുള്ളത്. മൃഗസംരക്ഷണ മേഖലയിൽ പുതിയ യൂണിറ്റുകൾ രൂപവത്കരിക്കുന്നതിന് സാമ്പത്തിക സഹായം നൽകി. കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ  അംഗങ്ങളായ ഇറച്ചിക്കോഴി കർഷകർക്ക് കോഴിക്കുഞ്ഞ്, തീറ്റ എന്നിവ നൽകി.

നിലവിൽ 3500ഓളം  സംരംഭങ്ങൾ ജില്ലയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. ഈ സർക്കാറിന്റെ ആദ്യ വർഷത്തിൽ നിലവിൽ 454 സൂക്ഷ്മ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ 931 അംഗങ്ങൾ വരുമാന മാർഗം കണ്ടെത്തുന്നുണ്ട്. പ്രവാസി ഭദ്രത, ഗ്രാമകം ഗ്രാമീണ ദാരിദ്ര്യ ലഘൂകരണ പദ്ധതി, തൊഴിൽ വൈദഗ്ധ്യ പരിശീലനം, മാസച്ചന്തകൾ, കുടുംബശ്രീ മാർക്കറ്റിങ് ഔട്‌ലെറ്റുകൾ, പിങ്ക് കഫേ, നാനോ മാർക്കറ്റുകൾ, സി ഇ എഫ് ലോൺ വിതരണം, പ്രത്യേക വിപണന മേളകൾ, ഹോംഷോപ്, മാർക്കറ്റിങ് കിയോസ്‌കുകൾ, യുവ കേരളം സെന്ററുകൾ, എസ്.വി.ഇ.പി പദ്ധതി എന്നിവ വിജയകരമായി നടപ്പാക്കി.