പട്ടയമേളയ്ക്കൊരുങ്ങി ജില്ല; 1900 കുടുംബങ്ങള്‍ക്ക് കൂടി സ്വന്തമായി ഭൂമി

post



എറണാകുളം: സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ എറണാകുളം ജില്ലയിലെ ഭൂരഹിതരായ 1900 കുടുംബങ്ങള്‍ക്കുകൂടി സ്വന്തമായി ഭൂമിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. ജില്ലയിലെ വിവിധ താലൂക്കുകള്‍ കേന്ദ്രീകരിച്ച് പട്ടയങ്ങള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്.  സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പട്ടയവിതരണം വേഗത്തിലാക്കിയത്. തയാറായ പട്ടയങ്ങള്‍ അടുത്തമാസം ഉടമകള്‍ക്ക് കൈമാറും.

ലാന്‍ഡ് ട്രൈബ്യൂണല്‍ (എല്‍.ടി) ഇനത്തില്‍ വരുന്ന 1000 പട്ടയങ്ങളും, കളക്ടറേറ്റില്‍ നിന്ന് അനുവദിക്കുന്ന ലാന്‍ഡ് റിഫോര്‍മ്സ്(എല്‍.ആര്‍) ഇനത്തിലെ 200 പട്ടയങ്ങളും കോതമംഗലം താലൂക്കില്‍ നിന്ന് അനുവദിക്കുന്ന 500 പട്ടയങ്ങളും മറ്റ് താലൂക്കുകളില്‍ നിന്നനുവദിക്കുന്ന 200 പട്ടയങ്ങളുമാണ് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ജില്ലയില്‍ 530 പട്ടയങ്ങളാണ്  ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജില്ലയില്‍ 6217 പട്ടയങ്ങളാണ് വിതരണം ചെയ്തത്. രണ്ടാം നൂറുദിന പരിപാടിയോടനുബന്ധിച്ച് സംസ്ഥാനത്താകെ 30,000 ല്‍ പരം പട്ടയങ്ങള്‍ വിതരണം ചെയ്യും. അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം ലഭ്യമാക്കുക എന്നതാണു സര്‍ക്കാരിന്റെ ലക്ഷ്യം.