എരുമേലി ഇടത്താവള പദ്ധതി നിര്‍മ്മാണോദ്ഘാടനം നടത്തി

post


എരുമേലി, നിലയ്ക്കല്‍, ശബരിമല വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും: മന്ത്രി കെ. രാധാകൃഷ്ണന്‍

കോട്ടയം:  എരുമേലി, നിലയ്ക്കല്‍, ശബരിമല വികസനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് ദേവസ്വം- പട്ടികജാതി, പട്ടിക വര്‍ഗക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന് സമീപം ദേവസ്വം ഹാളില്‍ എരുമേലി ഇടത്താവള പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  കിഫ്ബി ഫണ്ട് ഉപയോഗിച്ച്  15 കോടി രൂപ ചെലവില്‍ മൂന്നു നിലകളിലായി നിര്‍മിക്കുന്ന കെട്ടിടം തീര്‍ത്ഥാടകര്‍ക്ക് ഏറെ പ്രയോജനം ചെയ്യും.

ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ മേഖലയിലും ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.  ഹിന്ദുവും  മുസ്ലീമും ക്രിസ്ത്യാനിയും ഏകമനസ്സോടെ ജീവിക്കുന്ന സാഹചര്യമാണ് കേരളത്തില്‍ വേണ്ടത്. മനസില്‍ കളങ്കമില്ലാതെ എല്ലാവരോടും സ്നേഹത്തോടെ പെരുമാറുക എന്നതാണ് നാം ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എം. എല്‍. എ അധ്യക്ഷത വഹിച്ചു.