താരമാകാൻ കേരള ചിക്കൻ

post

മികവോടെ മുന്നോട്ട്: 70


* 94 ഔട്ട്ലെറ്റുകൾ, 270 കോഴി കർഷകർ

* 86 കോടി രൂപയുടെ വിറ്റുവരവ്

---


കോഴിയിറച്ചിയുടെ അമിതവിലയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനും കേരളത്തിലെ ആഭ്യന്തരവിപണിയുടെ അമ്പത് ശതമാനം ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്തുതന്നെ ഉത്പാദിപ്പിച്ച് വിപണനം ചെയ്യാനുമുള്ള സർക്കാർ പദ്ധതിയാണ് കേരള ചിക്കൻ പദ്ധതി. തദ്ദേശ സ്വയംഭരണ വകുപ്പ് കുടുംബശ്രീ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.

കർഷകർക്ക് ഇന്റഗ്രേഷൻ ഫീസ് (വളർത്തുകൂലി) നൽകുന്ന രീതിയിൽ കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിലാണ് കേരള ചിക്കൻ പദ്ധതി മുന്നോട്ട് പോകുന്നത്.


ഇന്റഗ്രേഷൻ അഥവാ കോൺട്രാക്ട് ഫാർമിംഗ് എന്നത് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങൾ, മരുന്ന്, തീറ്റ എന്നിവ ഇറച്ചികോഴി കർഷകർക്ക് നൽകി 45 ദിവസം പ്രായമാകുമ്പോൾ തിരിച്ചെടുത്ത് വിപണിയിൽ വിൽക്കുന്ന പ്രക്രിയയാണ്. ഫാമുകളും ഔട്ട്ലെറ്റുകളും ആരംഭിക്കുക വഴി 364 പേർക്ക് സ്വയംതൊഴിൽ നൽകാൻ കേരള ചിക്കൻ പദ്ധതിയിലൂടെ സാധിച്ചു. പദ്ധതി വഴി ഫാം ഇന്റഗ്രേഷൻ മുഖേന 8 കോടി രൂപ കോഴി കർഷകർക്കും 8.58 കോടി രൂപ ഔട്ട്ലെറ്റ് ഗുണഭോക്താക്കൾക്കും നൽകാൻ സാധിച്ചിട്ടുണ്ട്.


കേരള ചിക്കൻ പദ്ധതിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്റഗ്രേഷന്റെ 14 സൈക്കിൾ പൂർത്തീകരിച്ചു. 270 ഇറച്ചികോഴി കർഷകർക്ക് 41 ലക്ഷത്തോളം കോഴികളെ വിതരണം ചെയ്യാൻ സാധിച്ചു. എറണാകുളം 55, തൃശൂർ 48, കോട്ടയം 47, കോഴിക്കോട് 36, തിരുവനന്തപുരം 45, കൊല്ലം 39 എന്നിങ്ങനെയാണ് സംസ്ഥാനത്ത് കേരള ചിക്കൻ പദ്ധതി പ്രകാരം ജോലി ചെയ്യുന്ന കർഷകർ. 2020 ജൂണിലാണ് കേരള ചിക്കന്റെ ആദ്യത്തെ ഔട്ട്്ലെറ്റ് എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിൽ ആരംഭിച്ചത്. സംസ്ഥാനത്ത് നിലവിൽ കേരളചിക്കന് 94 ഔട്ട്്ലെറ്റുകൾ ഉണ്ട്. എറണാകുളം 24, തൃശൂർ 12, കോട്ടയം 21, കോഴിക്കോട് 10, തിരുവനന്തപുരം 12, കൊല്ലം 15 എന്നിങ്ങനെയാണ് ഔട്ട്ലൈറ്റുകൾ പ്രവർത്തിക്കുന്നത്. ഇതുവരെ 86 കോടി രൂപയുടെ വിറ്റുവരവ് നടത്താൻ കേരള ചിക്കൻ പദ്ധതി വഴി സാധിച്ചിട്ടുണ്ട്.


കോവിഡ് മാഹാമാരിയുടെ കാലത്ത് കുടുംബശ്രീ അംഗങ്ങളായ കോഴി കർഷകർക്കും, ഔട്ട്ലെറ്റ് ഉപഭോക്താക്കൾക്കും 6 കോടി രൂപയുടെ വരുമാനം നൽകാൻ പദ്ധതിയിലൂടെ കഴിഞ്ഞു. ഇറച്ചിക്കോഴിയുടെ വില വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വില നിയന്ത്രണത്തിനായി കേരള ചിക്കൻ പദ്ധതി കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.