തലശ്ശേരി ബിരിയാണി, വനസുന്ദരി, ആലപ്പുഴ സ്‌പെഷ്യല്‍ കപ്പ-മീന്‍ കറി... പിന്നെ പായസവും പഴച്ചാറുകളും ഐസ്‌ക്രീമും കേക്കുകളും

post


എന്റെ കേരളം പ്രദര്‍ശന-വിപണന മേളയില്‍ രുചിക്കൂട്ടൊരുക്കി കുടുംബശ്രീ ഫുഡ്കോര്‍ട്ട്

തലശ്ശേരി ബിരിയാണി, വനസുന്ദരി, ആലപ്പുഴ സ്‌പെഷ്യല്‍ കപ്പ-മീന്‍ കറി. പിന്നെ പായസവും പഴച്ചാറുകളും ഐസ്‌ക്രീമും കേക്കുകളും പാലക്കാടിന്റെ നാടന്‍ വിഭവങ്ങളും. എന്റെ കേരളം പ്രദര്‍ശന-വിപണന മേളയില്‍ വിവിധ രുചിക്കൂട്ടുകള്‍ ഒരുക്കി കുടുംബശ്രീ ഫുഡ് കോര്‍ട്ട് വേറിട്ട് നില്‍ക്കും. മധുരത്തിന് പായസങ്ങളും ഉഷ്ണത്തിന് ജ്യൂസുകളും ഫുഡ്കോര്‍ട്ടിലുണ്ടാകും.


ഇതോടൊപ്പം ഓര്‍ഡറുകള്‍ക്കനുസരിച്ച് കേക്കുകള്‍ തയ്യാറാക്കി നല്‍കുകയും ചെയ്യും. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഏപ്രില്‍ 28 മുതല്‍ മെയ് 04 വരെ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം, വ്യവസായം, കൃഷി, ടൂറിസം, കുടുംബശ്രീ വകുപ്പുകളുടെ സഹകരണത്തോടെ നടക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയുടെ ഭാഗമായാണ് കുടുംബശ്രീ സ്റ്റാള്‍ ഒരുക്കുന്നത്.

പാള പ്ലേറ്റും പേപ്പര്‍ ബാഗും ഉള്‍പ്പെട്ട ബദല്‍ മാര്‍ഗങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാകും

നിത്യ ജീവിതത്തിലെ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് ബദല്‍ മാര്‍ഗം ഒരുക്കുകയാണ് കുടുംബശ്രീ യൂണിറ്റുകള്‍. പാള കൊണ്ട് നിര്‍മ്മിക്കുന്ന പ്ലേറ്റ്, ഗ്ലാസ്, പേപ്പര്‍ ബാഗുകള്‍, പേപ്പര്‍ ഫയലുകള്‍, തുണി സഞ്ചികള്‍ തുടങ്ങിയവയെല്ലാം സ്റ്റാളുകളില്‍ ലഭിക്കും.


ചിരട്ടയിലും മുളയിലും വിസ്മയങ്ങള്‍ കാണാം

പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച വിവിധ വസ്തുക്കള്‍, ആഭരണങ്ങള്‍, ലോഹങ്ങളില്‍ നിര്‍മ്മിച്ചെടുക്കുന്ന ശില്‍പ്പങ്ങള്‍, ബാഗുകള്‍, ചിരട്ട, മുള  തുടങ്ങിയവ കൊണ്ട് നിര്‍മ്മിച്ച കരകൗശല ഉത്പന്നങ്ങള്‍ സ്റ്റാളുകളില്‍ ആകര്‍ഷകമാവും.


രാജസ്ഥാനി, കുത്താമ്പുള്ളി വസ്ത്ര വൈവിധ്യങ്ങള്‍

പ്രാദേശികമായി നെയ്തെടുക്കുന്ന കൈത്തറി വസ്ത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി പാലക്കാടിന്റെ തനത് കുത്താമ്പുള്ളി വസ്ത്രങ്ങള്‍ മേളയിലെത്തും. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി സാരി, ചുരിദാര്‍, ഉടുപ്പ്, മുണ്ട്, ഷര്‍ട്ട് ഉള്‍പ്പടെയുള്ള രാജസ്ഥാനി മോഡല്‍ വസ്ത്രങ്ങളും എന്റെ കേരളം പ്രദര്‍ശന-വിപണന മേളയിലെ സ്റ്റാളുകളിലുണ്ടാവും.

കാന്താരി സിറപ്പും ചക്കിലാട്ടിയ എണ്ണയും

തനത് നാടന്‍ വിഭവങ്ങള്‍ ഉള്‍പ്പെട്ട ഫുഡ് പ്രോസസിങ് സ്റ്റാള്‍ മേളയില്‍ ശ്രദ്ധാകേന്ദ്രമായി മാറും. ശര്‍ക്കര വരട്ടി, കായ വരട്ടി, കാന്താരി സിറപ്പ്, വിവിധ സ്‌ക്വാഷുകള്‍, അച്ചാറുകള്‍, ബിസ്‌ക്കറ്റുകള്‍, ചക്കിലാട്ടിയ വെളിച്ചെണ്ണ, ചോക്ലേറ്റ്, കൂണ്‍ ബിസ്‌ക്കറ്റ് ഉള്‍പ്പെട്ട വിവിധ കൂണ്‍ ഉത്പ്പന്നങ്ങളും കുടുംബശ്രീ സ്റ്റാളുകളില്‍ ലഭ്യമാകും.

മോടികൂട്ടാന്‍ അലങ്കാര സസ്യങ്ങള്‍


സ്റ്റാളിന് നിറവസന്തം തീര്‍ത്ത് സവിശേഷമായ പൂച്ചെടികള്‍, അലങ്കാരസസ്യങ്ങള്‍, ഫലവൃക്ഷ തൈകള്‍, വിവിധ വിത്തുകള്‍ ഉള്‍പ്പടെയുള്ളവയും  പ്രദര്‍ശനത്തിന്റെ ഭാഗമായി എത്തും. പ്ലാന്റ് നഴ്സറികളില്‍ നിന്ന് ചെടികള്‍ വാങ്ങുന്നതിനുള്ള സൗകര്യവും കുടുംബശ്രീ ഒരുക്കും.


അട്ടപ്പാടി രുചിക്കൂട്ടുകളുമായി പ്രത്യേകം സ്റ്റാള്‍


അട്ടപ്പാടിയിലെ ഗോത്ര പൈതൃകം കാത്തു സൂക്ഷിച്ച രുചിക്കൂട്ടുകള്‍ 'ഹില്‍ വാല്യൂ' എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് കുടൂംബശ്രീ സ്റ്റാളിലെത്തിക്കും. അതോടൊപ്പം റാഗി, തുവര, ചോളം, തേന്‍ തുടങ്ങിയ നിരവധി ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയ മില്ലറ്റ് കഫേയും സ്റ്റാളില്‍ ഉണ്ടാകും. ഇവ കൂടാതെ എല്‍.ഇ.ഡി ബള്‍ബുകള്‍ നിര്‍മ്മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന യൂണിറ്റ്, ആയുര്‍വേദ സോപ്പുകള്‍, രാമച്ചം സ്‌ക്രബ്ബര്‍, ഔഷധഗുണങ്ങളുള്ള സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന വസ്തുക്കള്‍ പ്രദര്‍ശന വിപണന മേളയില്‍ ആകര്‍ഷകമാകും. കുടുംബശ്രീയും കെ.ടി.ഡി.സിയും സംയുക്തമായൊരുക്കുന്ന സ്റ്റാളില്‍ പ്രാദേശികമായ കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളോടൊപ്പം പൊതുവിപണിയില്‍ സ്വീകാര്യത നേടിയ കുടുംബശ്രീ ബ്രാന്‍ഡ് ഉത്പന്നങ്ങളും ലഭ്യമാകും.