സംസ്ഥാന മന്ത്രിസഭാ വാര്‍ഷികം; ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

post


കൊല്ലം: ആശ്രാമം മൈതാനത്ത് ഏപ്രില്‍ 25 ന് തുടങ്ങുന്ന സംസ്ഥാന മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലെന്ന് സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രദര്‍ശന-വിപണന മേളയുടെ രൂപരേഖയ്ക്ക് ജില്ലാ കലക്ടര്‍ അംഗീകാരം നല്‍കി. ഒരു ലക്ഷത്തോളം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വിശാലമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം അടയാളപ്പെടുത്തുന്ന 62 തീം സ്റ്റാളുകളും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ 103 കമേഴ്‌സ്യല്‍ സ്റ്റാളുകളുമാണ് സജ്ജീകരിക്കുന്നത്.

എല്ലാ ദിവസവും രാവിലെ 11 നും മൂന്ന് മണിക്കും തിരഞ്ഞെടുത്ത വകുപ്പുകളുടെ നേതൃത്വത്തില്‍ വ്യത്യസ്ത വിഷയങ്ങളില്‍ സെമിനാറുകള്‍ നടത്തും. വൈകുന്നേരങ്ങളില്‍ പ്രമുഖ കലാകാരൻമാര്‍ പങ്കെടുക്കുന്ന പരിപാടികളും ഒരുക്കിയിട്ടുണ്ട്. കൗതുകമാര്‍ന്ന മൃഗ-പക്ഷി ശേഖരത്തിന്റെ പ്രദര്‍ശനം, ശ്വാന പ്രദര്‍ശനം, ഫയര്‍ റെസ്‌ക്യു പ്രദര്‍ശനം, പൊലിസിന്റെ അന്വേഷണ രീതികളുടേയും സൈബര്‍ സുരക്ഷ സംബന്ധിച്ചുമുള്ള വിവരണം, കൃഷി വകുപ്പിന്റെ കാര്‍ഷിക പ്രദര്‍ശനം, എക്‌സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതിയുടെ പ്രദര്‍ശനം, ഉത്തരവാദിത്ത ടൂറിസം സംബന്ധിച്ച കാഴ്ചകള്‍, കുടുംബശ്രീയുടെ രുചിക്കൂട്ട് വൈവിദ്ധ്യം നിറയുന്ന ഫുഡ്‌കോര്‍ട്ട് തുടങ്ങിയ ആകര്‍ഷണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശീതികരിച്ച പ്രദര്‍ശന സ്റ്റാളുകളില്‍ സര്‍ക്കാര്‍ വകുപ്പുകളുടേയും ഏജന്‍സികളുടേയും വിലക്കുറവിന്റെ വിപണിയുമുണ്ട്. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴിലെത്തിക്കുന്ന മേള കൂടിയാണിത്. സൗജന്യമായി ആസ്വദിക്കാവുന്ന പ്രദര്‍ശനഗരിയിലെത്തുന്നവര്‍ക്കായി വിനോദവും വിജ്ഞാനവും ഒത്തു ചേരുന്ന അനുഭവങ്ങള്‍ വേറിട്ട അനുഭവം സമ്മാനിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.