എല്ലാ ബ്ലോക്കുകളിലും രാത്രി കാല മൃഗചികിത്സാ സൗകര്യം

post


മൃഗസംരക്ഷണ വകുപ്പ് പൂർത്തീകരിക്കുന്നത്  4.28 കോടി രൂപയുടെ പദ്ധതികൾ

കോട്ടയം : സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറി  ഒരു വര്‍ഷം പൂർത്തിയാകുമ്പോൾ   ജില്ലയില്‍ മൃഗ സംരക്ഷണ വകുപ്പ്  പൂർത്തീകരിക്കുന്നത്  .
4.28 കോടി  രൂപയുടെ പദ്ധതികൾ. വളർത്തുമൃഗങ്ങൾക്ക് രാത്രി കാലങ്ങളിൽ അടിയന്തിര ചികിത്സക്കുള്ള സൗകര്യങ്ങൾ 11 ബ്ലോക്കുകളിലും  ഏർപ്പെടുത്തി . ആടുവളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന്  43.76 ലക്ഷം രൂപയുടെ രണ്ട് പദ്ധതികൾ നടപ്പാക്കി. വ്യാവസായികാടിസ്ഥാനത്തിൽ ആടുകളെ വളർത്തുന്നതിനുള്ള 20 ലക്ഷം രൂപയുടെ പദ്ധതിയിൽ  20 യൂണിറ്റുകൾ ആരംഭിച്ചു.  20 ആടുകളെയാണ് ഒരു യൂണിറ്റിൽ വളർത്തുന്നത്. 
നാഷണല്‍ ലൈവ് സ്റ്റോക്ക് മിഷന്‍- റൂറല്‍ ബാക്ക് യാര്‍ഡ് ഗോട്ട് ഡെവലപ്പ്മെന്റ് സ്‌കീമിൽ തലയോലപ്പറമ്പ്, ടി. വിപുരം, മണിമല, അയ്മനം ഗ്രാമപഞ്ചായത്തുകളിലായി  40 യൂണിറ്റുകളും  ആരംഭിച്ചു.

ഒരു മുട്ടനാടും  10 പെണ്ണാട്ടുകളുമടങ്ങുന്ന ഇത്തരം യൂണിറ്റുകൾക്കായി  23. 76 ലക്ഷം രൂപ  ചെലവഴിച്ചു. തലനാട്  മാതൃകാ പഞ്ചായത്ത് വികസനത്തിനായി 5 ലക്ഷം  രൂപയും  മെയില്‍ കാഫ് ഫാറ്റനിംഗിനായി  13. 80 ലക്ഷം രൂപയും  ചെലവഴിച്ചു. മണര്‍കാട് പൗള്‍ട്രി ഫാമിന്റെ വികസനത്തിനായി  1.58 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കി വരുന്നത്. ഫാമിലെ പൗള്‍ട്രി ഷെഡുകളുടെ നവീകരണത്തിനായി 29 ലക്ഷം രൂപയും  40 കെ.വി ജനറേറ്റര്‍ സ്ഥാപിക്കുന്നതിന് 14 ലക്ഷം രൂപയും ചെലവഴിച്ചു. 89 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന രണ്ട് പൗള്‍ട്രി ഷെഡുകളുടെ നിർമ്മാണം പൂർത്തീകരിച്ചു.

26 ലക്ഷം രൂപ ചെലവില്‍ മണര്‍കാട് ഫാം ഓഫീസ്, ക്വാര്‍ട്ടേഴ്സ് നവീകരണം, ചുറ്റുമതില്‍ നിര്‍മ്മാണം എന്നിവയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. 12.85 ലക്ഷം  രൂപ ചെലവഴിച്ച്  കോടിമത ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഓപ്പറേഷന്‍ തിയറ്റര്‍ ആധുനീകവത്ക്കരിച്ചു.   45 ലക്ഷം രൂപ വിനിയോഗിച്ച്  വൈക്കം, കാഞ്ഞിരപ്പള്ളി, കോട്ടയം, പരിയാരം(പുതുപ്പള്ളി), പാലാ, ചങ്ങനാശേരി വെറ്ററിനറി പോളിക്ലിനിക്കുകളിലെ ലബോറട്ടറി സേവനങ്ങള്‍  വര്‍ദ്ധിപ്പിച്ചു. പാമ്പാടി മൃഗാശുപത്രിക്ക് 70 ലക്ഷത്തിൻ്റെയും കൊഴുവനാല്‍ മൃഗാശുപത്രിക്ക്  37 ലക്ഷത്തിൻ്റെയും  മേതിരി വെറ്ററിനറി സബ് സെന്ററിന്  അഞ്ച് ലക്ഷം രൂപയുടെയും കെട്ടിടം  നിര്‍മ്മിച്ചു.