അരുവിക്കര ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

post

കായികക്ഷമതയുള്ള പുതുജനതയെ സൃഷ്ടിക്കുക ലക്ഷ്യം: മന്ത്രി വി.അബ്ദുറഹിമാന്‍

തിരുവനന്തപുരം:  അരുവിക്കര ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വഹിച്ചു.  കായികവകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 47.80 ലക്ഷം രൂപ വിനിയോഗിച്ച് മികച്ച പരിശീലന സൗകര്യങ്ങളോടെയാണ് അരുവിക്കര ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നവീകരിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും.


കായികക്ഷമതയുള്ള പുതുജനതയെ വാര്‍ത്തെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. സംസ്ഥാനത്തെ മുഴുവനാളുകള്‍ക്കും കായികക്ഷമത ഉറപ്പാക്കാനുള്ള പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്നും എല്ലാ ഗ്രാമപഞ്ചായത്തുകളിലും കളിക്കളങ്ങള്‍ ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കായിക പരിശീലനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികള്‍ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ തയാറാക്കുന്നുണ്ട്. കായികരംഗത്ത് വലിയമാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സര്‍ക്കാർ. ഏകദേശം 1200 കോടിരൂപയുടെ അടിസ്ഥാനവികസന പ്രവര്‍ത്തനങ്ങളാണ് കായികരംഗത്ത് നടക്കുന്നത്. ഈ പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുകയാണ് വകുപ്പിന്റെ ലക്ഷ്യം. കായികമേഖലയെ വിനോദത്തിനപ്പുറം ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നും  ഇത്തരം ശ്രമങ്ങളെ ശരിയായ രീതിയില്‍ വിനിയോഗിക്കണമെന്നും മന്ത്രി വ്യക്തമാക്കി.