പെണ്മ തുടിക്കും കലാസൃഷ്ടികൾ: സമ്പന്നമാണ് 'എന്റെ കേരളം'

post


തൃശൂർ: പ്രതീക്ഷകളിൽ വർണങ്ങൾ ചാലിച്ച് ഒരുക്കിയ ബോട്ടിലുകൾ, കാൻവാസുകൾ,സ്വപ്‌നങ്ങൾ ആവാഹിക്കാൻ നനുത്ത തൂവലുകളിൽ വിരിഞ്ഞ ഡ്രീം ക്യാച്ചറുകൾ...... സർഗശേഷിയാൽ ചലിക്കുന്ന പെൺവിരലുകൾ തീർത്ത കരകൗശല വസ്തുക്കളാൽ സമ്പന്നമാണ് വനിതാ ശിശു വികസന വകുപ്പിന്റെ പ്രദർശന സ്റ്റാൾ. 

തേക്കിൻകാട് വിദ്യാർത്ഥി കോർണറിൽ തുടരുന്ന 'എന്റെ കേരളം' പ്രദർശന മേളയിലാണ് കൗതുകമുണർത്തുന്ന കരകൗശല സൃഷ്ടികൾ സഹൃദയരെ കാത്തിരിക്കുന്നത്. തൃശൂർ രാമവർമപുരത്ത് പ്രവർത്തിക്കുന്ന മോഡൽ ഗേൾസ് ഹോം, മെന്റൽ ഹെൽത്ത് സെന്റർ, ഗവൺമെന്റ് മഹിളാമന്ദിരം എന്നീ സ്ഥാപനങ്ങളിലെ അന്തേവാസികളാണ് ഈ സൃഷ്ടികൾക്ക് പിന്നിൽ. 

ബോട്ടിൽ ആർട്ട്, ഡ്രീം ക്യാച്ചർ, ഫ്ലവർവേസ്, പെയിന്റിംഗുകൾ, പെൻ ഹോൾഡർ, ചിരട്ടയിൽ തീർത്ത കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ തുടങ്ങി അലങ്കാര സൃഷ്ടികൾക്ക് പുറമെ അച്ചാറുകൾ, ചിപ്സുകൾ, സോപ്പുപൊടി, ചവിട്ടി തുടങ്ങിയവയും സ്റ്റാളിൽ ലഭ്യമാണ്. വിവിധ പ്രോജക്ടുകളുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് ആണ് 250 ഓളം വരുന്ന അന്തേവാസികൾക്ക് കലാസൃഷ്ടികൾ ഒരുക്കാൻ  പരിശീലനം നൽകിയത്.


അമൃതൂറും വിഭവങ്ങളുമായി അമൃതം

അമൃതം പൊടി കൊണ്ട് പായസം മുതല്‍ കട്‌ലെറ്റ് വരെ കൊതിയൂറും വിഭവങ്ങള്‍. ഏത് കഴിക്കണമെന്നതില്‍ ആശയക്കുഴപ്പം ഉണ്ടാക്കും വിധമാണ് വനിതാശിശു വികസന വകുപ്പിന്റെ ഭക്ഷ്യവിഭവ പ്രദര്‍ശനമേള. അങ്കണവാടി വഴി കുട്ടികള്‍ക്ക് പോഷകാഹാരമായി വിതരണം ചെയ്യുന്ന അമൃതംപൊടി കുറുക്കുണ്ടാക്കാന്‍ മാത്രമല്ല, രുചികരമായ വിവിധ വിഭവങ്ങളുണ്ടാക്കാന്‍ കഴിയുമെന്ന് കാണിച്ചുതരികയാണ് വനിത ശിശു വികസന വകുപ്പ്.

അമൃതം പൊടി കുടിക്കാന്‍ കുട്ടികള്‍ മടി കാണിക്കുന്നതിനാല്‍ അമ്മമാര്‍ പ്രയോഗിച്ച സൂത്രമാണ് വിവിധ വിഭവങ്ങളായി മുളച്ചത്. 
ലോലിപോപ്പ്, മില്‍ക്ക് ഷെയ്ക്ക്, കട്ലറ്റ്, കുക്കര്‍ അപ്പം, ഉണ്ട, കേക്ക്, ഉപ്പുമാവ്, നേന്ത്രപ്പഴം മില്‍ക്ക് തുടങ്ങിയ വിഭവങ്ങളാണ് ഓരോ ദിവസവും ഒരുക്കുന്നത്.. അങ്കണവാടി ജീവനക്കാരും കുട്ടികളുടെ അമ്മമാരുമാണ് വിഭവങ്ങള്‍ ഒരുക്കിയത്. വിഭവങ്ങളുടെ പാചകക്കുറിപ്പും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അങ്കണവാടികളില്‍ ലഭിക്കുന്ന സേവനങ്ങള്‍, അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള പോഷകാഹാരങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും ബോധവത്കരണ ക്ലാസുകളും ന്യൂട്രിഷ്യന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ 23 സംയോജിത ശിശു വികസന പദ്ധതിയായ പോഷകാഹാര പദ്ധതിയിലൂടെ ഭാഗമായാണ് ദിവസവും ഭക്ഷ്യ വിഭവങ്ങള്‍ സ്റ്റാളുകളില്‍ എത്തിക്കുന്നത്.