പരീക്ഷാ മൂല്യനിർണയം: പേപ്പറുകളുടെ എണ്ണം പുനർനിർണയിച്ചു

post

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ മൂല്യ നിർണയത്തിൽ ഒരു ദിവസം അധ്യാപകൻ മൂല്യ നിർണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണം പുനർ നിശ്ചയിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

പരമാവധി മാർക്ക് 150 ആയിരുന്നപ്പോൾ ഒരു ദിവസം ബോട്ടണി, സുവോളജി, മ്യൂസിക് ഒഴികെയുള്ള വിഷയങ്ങളുടെ ഉത്തരക്കടലാസുകൾ ഉച്ചയ്ക്ക് മുൻപ് 13ഉം ഉച്ചയ്ക്ക് ശേഷം 13ഉം എന്ന കണക്കിൽ ആകെ 26ഉം, ബോട്ടണി, സുവോളജി, മ്യൂസിക് എന്നീ വിഷയങ്ങളുടെ ഉത്തരക്കടലാസുകൾ ഉച്ചയ്ക്ക് മുൻപ് 20ഉം ഉച്ചയ്ക്ക് ശേഷം 20ഉം എന്ന കണക്കിൽ ആകെ 40 ഉത്തരക്കടലാസുകളുമാണ് മൂല്യനിർണയം നടത്തേണ്ടിയിരുന്നത്. പീന്നീടു വിദഗ്ധ സമിതിയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇവ യഥാക്രമം 34ഉം, 50ഉം ആക്കി വർധിപ്പിച്ചു. എന്നാൽ, ഈ വിഷയത്തിൽ അധ്യാപക സംഘടനകൾ സമർപ്പിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ ദിവസവും മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം 30ഉം,44ഉം ആയി പരിമിതപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

മൂല്യനിർണയം നടത്തുന്ന അധ്യാപകർക്ക് പേപ്പർ ഒന്നിന് എട്ടു രൂപ നിരക്കിൽ 240 രൂപയും ഡിഎ ഇനത്തിൽ ഓരോ ദിവസവും 600 രൂപയും നൽകുന്നുണ്ട്. ക്യാംപുകളിൽ എത്തുന്നതിന് യാത്രബത്തയും നൽകുന്നുണ്ട്. ഉത്തരക്കടലാസുകളുടെ മൂല്യനിർണയ പ്രതിഫലതുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഫയൽ പരിഗണനയിലാണെന്നും മന്ത്രി വിശദീകരിച്ചു.