അടൂര്‍ ടൗണ്‍ ഫുഡ് ഓവര്‍ബ്രിഡ്ജ് സാധ്യതാ പഠനം നടത്താന്‍ വിദഗ്ധരെത്തി

post


പത്തനംതിട്ട: അടൂര്‍ ടൗണില്‍ ഫുട് ഓവര്‍ബ്രിഡ്ജ് സാധ്യതാ പഠനം നടത്താന്‍ വിദഗ്ധരെത്തി. ഡെപ്യൂട്ടിസ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ നിര്‍ദേശാനുസരണം കഴിഞ്ഞ ബജറ്റില്‍  അഞ്ചരക്കോടി രൂപ ഇതിനായി അനുവദിച്ചിരുന്നു. അതിന്റെ ഭരണാനുമതി ലഭിച്ചിട്ടുള്ളതും അടങ്കല്‍ തുകയുടെ 20 ശതമാനം ഈ പദ്ധതിക്കായി നീക്കിവയ്ക്കുകയും ചെയ്തതുമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് എഞ്ചിനീയറിംഗ്  വിഭാഗം ഉദ്യോഗസ്ഥരോട് ആലോചന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഫുട് ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കുന്ന സ്ഥലം ഏതെന്ന് മനസിലാക്കി  അതിനാവശ്യമായ ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നതിനായി ബന്ധപ്പെട്ട ബ്രിഡ്ജസ് വിഭാഗം എന്‍ജിനീയര്‍ക്കൊപ്പം അടൂര്‍  കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ ഉള്ള സ്ഥലം  സന്ദര്‍ശിച്ചു.


എത്രയും വേഗം ഡിപിആര്‍  പൂര്‍ത്തിയാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍ദേശവും നല്‍കി. ഡെപ്യൂട്ടി സ്പീക്കര്‍ക്കൊപ്പം അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, വൈസ് ചെയര്‍മാന്‍ ദിവ്യാ റെജി മുഹമ്മദ്, വാര്‍ഡ് കൗണ്‍സിലര്‍ റോണി പാണംതുണ്ടില്‍ എന്നിവരും ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുഭാഷ് കുമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ജോയി രാജ്, ഓവര്‍സിയര്‍ അജാസ് എന്നിവരും ഉണ്ടായിരുന്നു.
നീണ്ട കാലമായുള്ള അടൂര്‍ നിവാസികളുടെ ആഗ്രഹമാണ്  രണ്ടാം പിണറായി സര്‍ക്കാരിന്റെ  ആദ്യ ബജറ്റിലൂടെ സാധ്യമാവുന്നത്. അടൂര്‍ ഇരട്ടപാലവും  ഉടന്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ  അടൂര്‍ നഗരഹൃദയത്തിലെ  ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമുണ്ടാകുമെന്നും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഡെപ്യൂട്ടി സ്പീക്കര്‍  പറഞ്ഞു.