ചന്തത്തില്‍ വിരിയും കേക്കുകള്‍; ആവേശമായി കേക്ക് മത്സരം

post

തൃശൂർ: ഒഴുകിയെത്തുന്ന ഒരു പുഴ. അതില്‍ തുള്ളിക്കളിക്കുന്ന മീനുകള്‍, പീലി വിടര്‍ത്തിയാടുന്ന മയില്‍. ഇതൊരു കവിതയുടെ ദൃശ്യാവിഷ്‌കാരമാണെന്ന് തോന്നല്ലേ. പുഴയും മീനും മയിലുമെല്ലാം ചന്തമേറുന്ന കേക്കുകളാണ്. നാവില്‍ കപ്പലോടിക്കുകയും ഒപ്പം കണ്ണിന് കുളിര്‍മ്മയേകുകയും ചെയ്ത മത്സരമാണ് 
എന്റെ കേരളം മെഗാ എക്‌സിബിഷന്‍ കുടുംബശ്രീ കഫേയില്‍ വെള്ളിയാഴ്ച നടന്നത്. മയിലും പുഴയും മാത്രമല്ല എന്റെ കേരളം മെഗാ പ്രദര്‍ശനം വരെ വനിതാരത്‌നങ്ങള്‍ കേക്കുകള്‍ക്ക് മോഡലാക്കി. 

കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, വീട്, മാമ്പഴം, ആഴക്കടല്‍, എന്നിങ്ങനെ മത്സരാര്‍ത്ഥികളുടെ കലാവാസനനും കോര്‍ത്തിണക്കിയ വ്യത്യസ്തമായ തീം കേക്കുകള്‍ കാണികളുടെയും വിധികര്‍ത്താക്കളുടെയും മനം നിറച്ചു. മത്സരത്തില്‍ ഇളനീര്‍ കേക്കായിരുന്നു താരമെങ്കിലും ചക്ക, മാമ്പഴം എന്നീ പാരമ്പര്യ വിഭവങ്ങളും സ്പാനിഷ് ഡിലൈറ്റ്, മിക്‌സഡ് ഫ്രൂട്ട്‌സ്, നട്ടി ബബിള്‍, ഫലൂദ, വൈറ്റ് ചോക്ലേറ്റ്, പിസ്ത, വൈറ്റ് ചോക്ലേറ്റ്, മാംഗോ ട്രഫിള്‍ എന്നിവയും സ്ഥാനം പിടിച്ചു. 

16 ബ്ലോക്കില്‍ നിന്നുമായി പതിനാറ് പേരാണ്  മത്സരത്തില്‍ പങ്കെടുത്തത്. ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ നട്ടി ബബിള്‍സ് കേക്ക് തയ്യാറാക്കിയ മതിലകം ബ്ലോക്കിലെ ശരണ്യ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്പാനിഷ് ഡിലൈറ്റ് തയ്യാറാക്കി ചാവക്കാട് ബ്ലോക്കിലെ ശരണ്യ രണ്ടാം സ്ഥാനവും നട്ടി ബബിള്‍സ് കേക്ക് തയ്യാറാക്കി ചേര്‍പ്പ് ബ്ലോക്കിലെ ശ്വേത മൂന്നാം സ്ഥാനവും നേടി.

കെടിഡിസി സീനിയര്‍ ഷെഫ് വി മനോജ്, ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ. ഷാലിമാര്‍, ഫുഡ് കോര്‍ട്ട് പ്രൊഡക്ഷന്‍ ഡെമോണ്‍സ്‌ട്രേഷന്‍ പി.ശ്യാം, ഐഫ്രം ഫാക്കല്‍റ്റി ദയാശീലന്‍ എന്നിവരടങ്ങുന്ന വിധികര്‍ത്താക്കളാണ് മത്സരാര്‍ത്ഥികളെ തെരഞ്ഞെടുത്തത്.

വിപണനത്തില്‍ മുന്നില്‍ വനശ്രീ

വനംവകുപ്പിന്റെ വനശ്രീ ഉത്പന്നങ്ങള്‍ക്ക് പ്രിയമേറുകയാണ്. കച്ചവടം പൊടിപൊടിക്കുകയാണ് വനംവകുപ്പിന്റെ ഈ സ്റ്റാളില്‍.  ചന്ദനം, ചന്ദനത്തൈലം, തേയില, കാപ്പി, കറുത്ത കുന്തിരിക്കം, കുരുമുളക്, മറയൂര്‍ ശര്‍ക്കര കുടംപുളി, ലക്ക, ഇഞ്ച, കാട്ടുതേന്‍, പുല്‍തൈലം തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ്  വനവികസന ഏജന്‍സിയായ വനശ്രീയുടെ പേരില്‍ വിറ്റഴിക്കുന്നത്. അതിരപ്പിള്ളി, വാഴച്ചാല്‍, മറയൂര്‍ മേഖലകളിലെ നിത്യഹരിത വനങ്ങളുടെ ഉള്‍പ്രദേശങ്ങളില്‍ നിന്ന് പരമ്പരാഗതമായി ശേഖരിക്കുന്ന വനവിഭവങ്ങളാണിവ. അതുകൊണ്ടുതന്നെ ആവശ്യക്കാരേറെയാണ്. വനവകുപ്പിന്റെ പവലിയനില്‍ നിരത്തിവച്ചിരിക്കുന്ന വനശ്രീയുടെ ഉത്പന്നങ്ങളില്‍ ചന്ദനമുട്ടിയും ചന്ദനതൈലവുമാണ് ഏറെ വിറ്റഴിയുന്നത്. 150 ഗ്രാം വരുന്ന ചന്ദനമുട്ടിക്ക് ആയിരം രൂപയാണ് വില. കൂടാതെ ആദിവാസികള്‍ നിര്‍മ്മിക്കുന്ന ഓടക്കുഴലുകള്‍ക്കും ആവശ്യക്കാരുണ്ട്. 

ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഉല്‍പ്പന്നം ഏതാണെന്ന ചോദ്യത്തിന്  വാഴച്ചാല്‍ ഡിവിഷണല്‍ കോഡിനേറ്റര്‍ രാജീവനും വനശ്രീ സെക്രട്ടറിയായ അഞ്ജനയ്ക്കും പരസ്പരം നോക്കിയുള്ള ചിരിയാണ് ഉത്തരം. കാരണം സ്റ്റോറില്‍ നിരത്തിവെച്ചിരിക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഒരേപോലെ ആവശ്യക്കാര്‍  ധാരാളമുണ്ട്. വനശ്രീ എന്നത് ഒരു ബ്രാന്റ് നെയിം മാത്രമല്ല ആദിവാസി ക്ഷേമത്തിനായി വനമേഖല ഉല്‍പ്പന്നങ്ങളുടെ സംസ്‌കരണം, 
മൂല്യവര്‍ദ്ധന വിപണി പ്രവേശനം എന്നിവ സുഗമമാക്കി ആദിവാസി സമൂഹങ്ങളുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുന്നതിനായി കേരളത്തിലെ വനം വന്യജീവി വകുപ്പിന്റെ ഒരു നവീന സംരംഭംകൂടിയാണ്. സസ്യോത്പന്നങ്ങളുടെ രോഗശാന്തി ഗുണങ്ങള്‍ ജനങ്ങളുടെ വാതില്‍പ്പടികളിലെത്തിക്കുക, വനത്തെ ആശ്രയിക്കുന്ന ജനങ്ങളുടെ ജീവിതത്തിന് മാറ്റം വരുത്തുക എന്ന ഇരട്ടലക്ഷ്യം കൈവരിക്കുകയാണ് 'വനശ്രീ' ലക്ഷ്യമിടുന്നത്. എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനമേള ആസ്വദിക്കാനെത്തുന്നവരുടെ കൈയില്‍ വനശ്രീയുടെ ഉത്പന്നമില്ലാതെ മടക്കയാത്രയില്ലായെന്നതാണ് പ്രത്യേകത.