പാലക്കാട് പട്ടണത്തില്‍ പ്രദര്‍ശന മേള...

post


കര്‍ഷക താളത്തില്‍ 'എന്റെ കേരളം' പ്രദര്‍ശന വിപണനമേളയുടെ പ്രചരണത്തിനായി പൊറാട്ടുനാടകാവതരണം


പാലക്കാട് പട്ടണത്തില്‍ പ്രദര്‍ശന മേള... കര്‍ഷക താളത്തില്‍ 'എന്റെ കേരളം' പ്രദര്‍ശന വിപണനമേളയുടെ പ്രചരണത്തിനായി പൊറാട്ടുനാടകാവതരണത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ 23ന് രാവിലെ ഒമ്പതിന് ആലത്തൂര്‍ ദേശീയ മൈതാനിയില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 'കാടും മലകളും കൂടി പിണയുന്ന നാടാണ് നമ്മുടെ പാലക്കാട്.... രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം നാട്ടില്‍ തുടക്കമായല്ലോ നാട്ടുകാരേ..... നാട്ടില്‍ തുടക്കമായല്ലോ....'  എന്നു തുടങ്ങുന്ന വരികള്‍ക്ക് പാലക്കാടിന്റെ തനത് നൃത്താവിഷ്‌കാരവുമായി മണ്ണൂര്‍ ചന്ദ്രനും സംഘവും പൊറാട്ട് നാടകം അവതരിപ്പിക്കും. കര്‍ഷകതൊഴിലാളിയായ തങ്കമണി എന്ന തങ്ക, കര്‍ഷകനായ ചാത്തു വാണിയംകുളം, മായാണ്ടി എന്ന ഇടചോദ്യക്കാരന്‍ എന്നീ മൂന്നു കഥാപാത്രങ്ങളാണ് അരങ്ങിലെത്തുന്നത്. ഇവരുള്‍പ്പടെ പത്തോളം കലാകാരന്മാര്‍ പൊറാട്ടില്‍ ഭാഗമാകും.

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ഭരണകൂടം, വ്യവസായം, കൃഷി, ടൂറിസം, കുടുംബശ്രീ എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 28 മുതല്‍ മെയ് 04 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയുടെ ഭാഗമായാണ് പൊറാട്ടുനാടക പര്യടനത്തിന് ആലത്തൂരില്‍ തുടക്കമാകുന്നത്. ആലത്തൂര്‍ ബ്ലോക്ക് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയാകും. ആലത്തൂര്‍, തരൂര്‍, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി, തൃത്താല, കോങ്ങാട്, മണ്ണാര്‍ക്കാട്, നെന്മാറ, ചിറ്റൂര്‍, മലമ്പുഴ, പാലക്കാട് എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പൊറാട്ട് പര്യടനം നടത്തുന്നത്. പര്യടനം പ്രദര്‍ശന വിപണനമേളയുടെ ഉദ്ഘാടന ദിനമായ ഏപ്രില്‍ 28 ന് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ പര്യവസാനിക്കും.