എന്റെ കേരളം' പ്രദര്‍ശന വിപണനമേള: പഴമയുടെ രുചിക്കൂട്ടുകള്‍ കലര്‍പ്പില്ലാതെ മേളയില്‍ എത്തും: ഇത് കുടുബശ്രീയുടെ ഉറപ്പ്

post

'

 പുതിയ തലമുറയ്ക്ക് സുപരിചിതമല്ലാത്ത പഴമയുടെ രുചിക്കൂട്ടുകള്‍ കലര്‍പ്പില്ലാതെ എന്റെ കേരളം പ്രദര്‍ശന- വിപണന മേളയുടെ ഭാഗമായി കുടുംബശ്രീ ഫുഡ് കോര്‍ട്ടില്‍ ഉണ്ടാക്കും. ചാമ, തിന, കുതിരവാലി, റാഗി, വരക്, കമ്പം, ചോളം, മുളയരി തുടങ്ങിയ ചെറു ധാന്യങ്ങളെല്ലാം അട്ടപ്പാടി ഹില്‍ വാല്യൂ എന്ന ബ്രാന്‍ഡിലാണ് കുടുംബശ്രീ മേളയില്‍ എത്തുന്നത്.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ഭരണകൂടം, വ്യവസായം, കൃഷി, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 28 മുതല്‍ മെയ് നാല് വരെ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 'എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ 'പാലക്കാടന്‍ തനത് വിഭവങ്ങളുടെ രുചി മഹോത്സവം ഒരുക്കുകയാണ് കുടുംബശ്രീ.


ചക്ക ഹല്‍വയും കുക്കീസും


മേളയുടെ ഫുഡ്കോര്‍ട്ടില്‍് മധുരം കൂട്ടാന്‍ ചക്ക ഹല്‍വയും, ചക്ക കുക്കിസുമുണ്ട്,  ചക്ക കാലം കഴിഞ്ഞാലും കൊതി തോന്നിയാല്‍ കഴിക്കാന്‍ ചക്ക പുട്ട് പൊടിയും, ചക്ക ചപ്പാത്തി പൊടിയും തയ്യാറാണ്. പുറമെ ചക്ക മിക്സ്ച്ചര്‍, ചക്ക ചിപ്സ് തുടങ്ങി ചക്ക വിഭവങ്ങളുടെ നീണ്ടനിര തന്നെ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കുടുംബശ്രീ ഫുഡ് കോര്‍ട്ടില്‍ ഉണ്ടാകും.


ഇരുമ്പാമ്പുളി, പാവയ്ക്ക, വെളുത്തുള്ളി, മാങ്ങ, നാരങ്ങാ, മീന്‍ അച്ചാറുകളുടെ മേളം



ഇരുമ്പാമ്പുളി, പാവയ്ക്ക, വെളുത്തുള്ളി, മാങ്ങ, നാരങ്ങാ, മീന്‍.....തൊട്ടുകൂട്ടാന്‍ ഇത്തിരി അച്ചാര്‍ ഇല്ലെങ്കില്‍ മലയാളിക്ക് ഊണ് സമ്പൂര്‍ണ്ണമാവില്ല. നമ്മുടെ ഭക്ഷണ സംസ്‌കാരത്തിന്റെ തന്നെ ഭാഗമാണ് അച്ചാറുകള്‍. വിവിധതരം അച്ചാറുകളുടെ ശ്രേണി തന്നെ ഫുഡ് കോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്.

അട്ടപ്പാടി കുന്തിരിക്കം,നാടന്‍ ഏലം,കറുവപ്പട്ടയും


 അട്ടപ്പാടി കുന്തിരിക്കം,നാടന്‍ ഏലം, കറുവപ്പട്ട, ഗ്രാമ്പു, കാപ്പി, കുരുമുളക്, കസ്തൂരി മഞ്ഞള്‍ തുടങ്ങിയ നിരവധി സുഗന്ധവ്യഞ്ജനങ്ങളും, കടുക്, അമര, തുവര, ചോളം, എള്ള് തുടങ്ങിയ ധാന്യങ്ങള്‍ അട്ടപ്പടി ഹില്‍ വാല്യൂ  ബ്രാന്‍ഡില്‍ മേളയിലുണ്ടാവും.