മത്സ്യത്തൊഴിലാളികള്‍ക്ക് കൈത്താങ്ങായി ഫിഷറീസ് വകുപ്പ്

post


ജില്ലയില്‍ നടപ്പാക്കിയത് 13.68 കോടി രൂപയുടെ പദ്ധതികള്‍

എറണാകുളം: എറണാകുളം ജില്ലയില്‍ മത്സ്യത്തൊഴിലാളികള്‍ക്കു കൈത്താങ്ങായി പ്രവര്‍ത്തിക്കുകയാണ് ജില്ലാ ഫിഷറീസ് വകുപ്പ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 13.68 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടത്തിയത്.

കടല്‍ത്തീരത്ത് 50 മീറ്ററിനുള്ളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കുന്ന പദ്ധതിയായ പുനര്‍ഗേഹം പദ്ധതിയില്‍ സ്ഥലംവാങ്ങി വീട് വച്ചു നല്‍കുന്നതിനായി 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 26 സ്ഥലങ്ങളുടെ രജിസ്‌ട്രേഷനുകള്‍ പൂര്‍ത്തീകരിക്കുകയും ഇതില്‍ 24 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ പദ്ധതിക്കായി 2,22,41,307 രൂപ ചെലവഴിച്ചു.

മത്സ്യത്തൊഴിലാളികള്‍ക്കുള്ള സമ്പാദ്യ സമാശ്വാസ പദ്ധതിക്കായി 2,86,17,500 രൂപയും മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് 55,99,903 രൂപയും ചെലവഴിച്ചിട്ടുണ്ട്. കൂടാതെ മത്സ്യകര്‍ഷകര്‍ക്കു മത്സ്യകൃഷി സംബന്ധിച്ചു പരിശീലനം നല്‍കുന്നതിനുള്ള  കപ്പാസിറ്റി ബില്‍ഡിംഗ് പ്രോഗ്രാം പദ്ധതിക്കുവേണ്ടി 1,00,000 അനുവദിക്കുകയും ഈ തുക പൂര്‍ണ്ണമായും ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്.

ഉള്‍നാടന്‍ ജലാശയങ്ങളില്‍ ഏതെല്ലാം ഇനത്തിലുള്ള മത്സ്യങ്ങളാണു ലഭ്യമായിട്ടുള്ളതെന്നും ഈ ജലാശയങ്ങളില്‍ ലഭ്യമാകുന്ന മത്സ്യങ്ങളുടെ അളവും സര്‍വ്വേ ചെയ്യുന്ന പദ്ധതിയായ ഇന്‍ലാന്റ് ക്യാച്ച് അസസ്‌മെന്റ് സര്‍വ്വേയ്ക്കായി 2,23,718 രൂപയും, വിവിധ മറൈന്‍ ഫിഷ് ലാന്റിംഗ് സെന്ററുകളില്‍ എത്തുന്ന മത്സ്യങ്ങളുടെ കണക്കും ഏതെല്ലാം ഇനത്തിലുള്ള മത്സ്യങ്ങളാണു ലഭ്യമാകുന്നതെന്നും കണക്കാക്കുന്നതിനും നിയമ വിരുദ്ധമായി ചെറുമത്സ്യങ്ങളെ പിടിക്കുന്നതു സംബന്ധിച്ചു പഠനം നടത്തുന്നതിനുമായിട്ടുള്ള മറൈന്‍ ക്യാച്ച് അസസ്‌മെന്റ് സര്‍വ്വേ പദ്ധതിക്കായി 3,00,000 രൂപ അനുവദിക്കുകയും ഈ തുക പൂര്‍ണ്ണമായും ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്.

പൊതുജലാശയങ്ങളില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിക്കായി കഴിഞ്ഞ വര്‍ഷത്തില്‍ 11,69,010 രൂപയും കടലും കായലും കൂടിചേരുന്ന ഭാഗത്ത് ഓരു ജലത്തില്‍ കൂടുകളിലായി നടത്തുന്ന മത്സ്യകൃഷിയായ സീകേജ്  പദ്ധതിക്കായി 20,00,000 രൂപയും ചെലവഴിച്ചു.

പടുതക്കുളം, ബയോഫ്‌ളോക്ക് മത്സ്യകൃഷി എന്നീ രണ്ടു പദ്ധതികളാണ് ഈ കാലയളവില്‍ സുഭിക്ഷകേരളം പദ്ധതിയില്‍ നടപ്പാക്കിയിട്ടുള്ളത്. ജില്ലയില്‍ 97 പടുത യൂണിറ്റുകളും 89 ബയോഫ്‌ളോക്ക് യൂണിറ്റും സ്ഥാപിച്ചിട്ടുണ്ട്. ഈ പദ്ധതികള്‍ക്ക് പഞ്ചായത്തും വകുപ്പും കര്‍ഷകര്‍ക്ക് സബ്‌സിഡിയും നല്‍കി വരുന്നു. പദ്ധതിക്കായി 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 1,17,01,874 രൂപ ചെലവഴിക്കുകയും 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ജനകീയ മത്സ്യകൃഷിക്കും സുഭിക്ഷകേരളം പദ്ധതിക്കുമായി 3,74,99,707 രൂപ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. ഈ പദ്ധതികള്‍ക്ക് 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ ഒരുമിച്ചാണ് ഫണ്ട് അനുവദിച്ചത്.

മത്സ്യകര്‍ഷകരുടെ വളര്‍ത്തു മത്സ്യങ്ങള്‍ക്കു രോഗബാധയുണ്ടോ എന്നറിയുന്നതിനായി ലാബില്‍ ടെസ്റ്റ് നടത്തുന്ന പദ്ധതിയാണ് അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് സര്‍വീലന്‍സ്.  ഇതിനായി 2,08,780 രൂപ ചെലവഴിച്ചു. ജനകീയ മത്സ്യകൃഷിയുടെ വിവിധ ഘടക പദ്ധതികളായ കൂട് മത്സ്യകൃഷി, ഗിഫ്റ്റ് തിലാപ്പിയ മത്സ്യകൃഷി, ശാസ്ത്രീയ കാര്‍പ്പ് മത്സ്യകൃഷി, ഓരുജല സമ്മിശ്ര കൃഷി, ഞണ്ട് കൊഴുപ്പിക്കല്‍, ശാസ്ത്രീയ ചെമ്മീന്‍ കൃഷി, കരിമീന്‍ വിത്തുല്പാദനം തുടങ്ങിയവയ്ക്കായി 1,13,70,619 രൂപ ചെലവഴിച്ചിട്ടുണ്ട്.


ഭൂതത്താന്‍കെട്ട് റിസര്‍വോയറില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയായ റിസര്‍വോയര്‍ ഫിഷറീസ് ഡെവലപ്പ്‌മെന്റ് പദ്ധതിക്കായി 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 12,30,080 രൂപ വിനിയോഗിച്ചു. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത പദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സംപാദ യോജനയില്‍ ബയോഫ്‌ളോക്ക്, റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം എന്നീ ഘടക പദ്ധതികളാണ് ഉള്‍പ്പെടുന്നത്. ഈ പദ്ധതികള്‍ക്കായി 1,45,68,039 രൂപയാണു കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചെലവഴിച്ചത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 13,68,30,487 രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടത്തിയത്. ഈ വര്‍ഷത്തില്‍ നിരവധി വികസന പദ്ധതികളാണ് വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്.