തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഫയല്‍ അദാലത്തുകള്‍ സംഘടിപ്പിക്കും

post


ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് അദാലത്തുകള്‍ സംഘടിപ്പിക്കുന്നു. ജില്ല ആസൂത്രണ സമിതി ചെയര്‍മാന്‍കൂടിയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാതല പെന്റിംഗ് ഫയല്‍ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനമെടുത്തത്.

ഏപ്രില്‍ 30നകം അദാലത്തുകള്‍ നടത്തി പരമാവധി ഫയലുകളില്‍ തീരുമാനമുണ്ടാക്കാനാണു നിര്‍ദ്ദേശം. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വകുപ്പിന്റെ ജില്ലാതല ഓഫീസുകള്‍ക്കും അദാലത്ത് നടത്തിപ്പുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം നല്‍കും.

ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി ആയിരക്കണക്കിന് ഫയലുകളാണ് ഇനിയും തീര്‍പ്പാക്കനാകാതെ കെട്ടിക്കിടക്കുന്നത്. റോഡുകളുടെ നിര്‍മാണം, കെട്ടിട പെര്‍മിറ്റുകള്‍, വിവിധ ലൈസന്‍സുകള്‍ എന്നിവയുമായി ബന്ധപ്പെട്ടവയാണ് ഇവയില്‍ അധികവും. സാങ്കേതിക പ്രശ്‌നങ്ങളില്ലാതെ തീര്‍പ്പാക്കാന്‍ കഴിയുന്നവ എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമായാണ് അദാലത്ത് നടത്തുന്നത്.