മികവ് 2021: അവാര്‍ഡ് വിതരണം മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു

post


കൊല്ലം: മത്സ്യഫെഡിന്റെ നേതൃത്വത്തിലുള്ള മികവ് 2021 ന്റെ ഭാഗമായുള്ള ജില്ലാതല വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നീണ്ടകര  സെന്റ് സെബാസ്റ്റ്യന്‍ പാരിഷ് ഹാളില്‍ ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ മേഖലയില്‍ സുപ്രധാന നേട്ടങ്ങള്‍ കൈവരിക്കാനായ കാലഘട്ടമാണിത്. നവീകരിച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് കൂടുതലായി കുട്ടികളെത്തുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും വിദ്യാലയങ്ങള്‍ക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍ അധ്യക്ഷനായി.

എസ്. എസ്. എല്‍. സി / പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കാണ് അവാര്‍ഡ്. മത്സ്യഫെഡ് അസിസ്റ്റന്റ് മാനേജര്‍ ആയിരുന്ന വി.ആര്‍.രമേഷിന്റെ സ്മരണാര്‍ഥം പ്ലസ് ടു പരീക്ഷയില്‍ ഫിസിക്സ്, ബയോളജി വിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചവര്‍ക്കുള്ള  എന്‍ഡോവ്മെന്റ് അവാര്‍ഡും  വിതരണം ചെയ്തു. എസ്. എസ്. എല്‍. സിക്ക്  181 പേരും പ്ലസ്ടുവിന് 47 പേരും, എന്‍ഡോവ്മെന്റ് അവാര്‍ഡിന് ഒരാളുമാണ് അര്‍ഹതനേടിയത്.