സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് 3 മുതല്‍ 9 വരെ

post


കാസര്‍കോട്: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം മെയ് 3 മുതല്‍ 9 വരെ കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് നടക്കും. മെയ് 4ന് വൈകിട്ട് 5ന് എന്റെ കേരളം പ്രദര്‍ശന വിപണന മേള തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. ഇ ചന്ദ്രശേഖരന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.


മെയ് 4ന് വൈകിട്ട് നാലിന് കാഞ്ഞങ്ങാട് പഴയ സ്റ്റാന്‍ഡ് മുതല്‍ ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് വരെ സാംസ്‌കാരിക ഘോഷയാത്ര നടക്കും. മെയ് 5ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഗാ മെഡിക്കല്‍ ക്യാംപ് നടക്കും. മെയ് 8ന് ജില്ലയിലെ പ്രവാസികളെ പങ്കെടുപ്പിച്ച് പ്രവാസി സംഗമവും നടത്തും.
വ്യവസായ, കാര്‍ഷിക-പ്രദര്‍ശന വിപണന മേള, വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍, ടൂറിസം മേള, ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം, കുടുംബശ്രീ ഭക്ഷ്യമേള, മെഗാ മെഡിക്കല്‍ ക്യാമ്പ്, സെമിനാര്‍ എന്നിവ മേളയുടെ ഭാഗമാകും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ 160 സ്റ്റാളുകള്‍ ഒരുക്കും. കൂടാതെ എല്ലാ ദിവസവും കലാസന്ധ്യയും അരങ്ങേറും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.

കവിതാലാപന മത്സരം


സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ മെയ് 3 മുതല്‍ 9 വരെ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ത്ഥം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പൊതുജനങ്ങള്‍ക്കായി കവിതാലാപന മത്സരം സംഘടിപ്പിക്കും. ഏപ്രില്‍ 28ന് ഉച്ചയ്ക്ക് 2 മുതല്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പിആര്‍ഡി ചേംബറിലാണ് മത്സരം. അഞ്ച് മിനിറ്റാണ് സമയദൈര്‍ഘ്യം. താല്‍പര്യമുള്ളവര്‍ www.prdcontest@gmail.com എന്ന ഇ മെയിലിലേക്ക് രജിസ്‌ട്രേഷന്‍ അയക്കണം. അവസാന തീയതി ഏപ്രില്‍ 26.