ആരോഗ്യ വകുപ്പിൽ തുടർപരിശീലന പരിപാടി ഇനി ഇ പ്ലാറ്റ്ഫോമിലൂടെയും
സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കുള്ള തുടർപരിശീലന പരിപാടികൾ ഇനിമുതൽ ഇ പ്ലാറ്റ്ഫോമിലൂടെയും നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇന്ത്യയിൽ ആദ്യമായാണ് സമഗ്രമായി ഈ പ്ലാറ്റ്ഫോമിലൂടെ തുടർപരിശീലന പരിപാടി ആരോഗ്യ പ്രവർത്തകർക്ക് ലഭ്യമാക്കുന്നത്. ഇതിനായി ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം (എൽഎംഎസ്) സജ്ജമാക്കിയിട്ടുണ്ട്. 35 കോഴ്സുകൾ ഇതിൽ ലഭ്യമാണ്. ഇതിലൂടെ സംസ്ഥാനത്തുടനീളമുളള ഡോക്ടർമാർ, നഴ്സുമാർ തുടങ്ങി എല്ലാ ആരോഗ്യ പ്രവർത്തകർക്കും അതത് സ്ഥലങ്ങളിൽ ഇരുന്നുതന്നെ നിർബന്ധിത പരിശീലനങ്ങൾ പൂർത്തിയാക്കാം. പ്രാക്ടിക്കൽ പരിശീലനങ്ങൾ ആവശ്യമുള്ളവയ്ക്ക് മാത്രം നേരിട്ട് എത്തിയാൽ മതിയാകുമെന്ന് മന്ത്രി വ്യക്തമാക്കി.
നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഓഫീസിന്റെ നവീകരിച്ച കെട്ടിടം, ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം, മിനി കോൺഫറൻസ് ഹാൾ, ട്രെയിനിംഗ് കൺസോൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സി ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് വെബ് അധിഷ്ഠിത ഓൺലൈൻ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം വികസിപ്പിച്ചത്. ആരോഗ്യ വകുപ്പിലെ ജീവനക്കാർക്ക് സ്വയം രജിസ്റ്റർ ചെയ്ത് പരിശീലനങ്ങളിൽ പങ്കെടുക്കാം. പരിശീലനങ്ങളുടെ പൂർത്തീകരണവും സർട്ടിഫിക്കറ്റുകളും വ്യക്തിഗത പ്രൊഫൈലിൽ സൂക്ഷിക്കാം. പിന്നീട് ആവശ്യാനുസരണം ഡൗൺലോഡ് ചെയ്യാം. മൂന്നു തരത്തിലുള്ള പരിശീലനങ്ങൾ പ്ലാറ്റ്ഫോമിൽ സാധ്യമാണ്.
പരിശീലനാർഥികൾക്ക് സ്വയം എൻറോൾ ചെയ്തു സമയ സൗകര്യം അനുസരിച്ചു ചെയ്തു തീർക്കാവുന്ന സെൽഫ് പാക്ഡ് കോഴ്സുകൾ, പൂർണമായും ഫാക്കൽറ്റി നിയന്ത്രിതമായ സെൽഫ് പാക്ഡ് കോഴ്സുകൾ, ലൈവ് സെഷനുകൾ എന്നിവയാണ് പ്ലാറ്റ്‌ഫോമിൽ സജ്ജമാക്കിയിരിക്കുന്നത്. പരിശീലനങ്ങളിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർക്ക് അദ്ധ്യാപകരുമായി സംവദിക്കാനും സംശയ നിവാരണം നടത്താനുമുള്ള സംവിധാനം പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.
ഒരേ സമയം 5000ത്തിലധികം പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാനുള്ള സൗകര്യമുണ്ട്. ഓൺലൈനായി തന്നെ പരീക്ഷകൾ എഴുതുവാനും സർട്ടിഫിക്കറ്റുകൾ ലഭിക്കാനും സംവിധാനമുണ്ട്. പരിശീലനങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കും. മെഡിക്കൽ കൗൺസിൽ, നഴ്സിംഗ് കൗൺസിൽ, ഫാർമസി കൗൺസിൽ, പാരാമെഡിക്കൽ കൗൺസിൽ എന്നിവരുമായി സഹകരിച്ചുള്ള പരിശീലനവും ലക്ഷ്യമിടുന്നു.
വിവിധ കേഡറുകളിലെ ഡോക്ടർമാർക്ക് തങ്ങളുടെ മേഖലയിലെ വിവിധ വിഷയങ്ങൾ സംബന്ധിച്ചുള്ള പരിശീലനം നൽകും. ആരോഗ്യ വകുപ്പിലെ ഡോക്ടർമാർക്കും മറ്റ് വിഭാഗം ജീവനക്കാർക്കും ആരോഗ്യ വകുപ്പിന്റ വിവിധ പ്രോഗ്രാമുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങളും ഈ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കും. എസ്റ്റാബ്ലിഷ്മെന്റ്, സർവീസ് സംബന്ധമായ വിവിധ പരിശീലന പരിപാടികളും നൽകും.
പരിശീലനം ആവശ്യമായ സർക്കാർ ആരോഗ്യ പ്രവർത്തകർ പെൻ നമ്പർ ഉപയോഗിച്ച് https://keralahealtthraining.