ട്രിപ്പിൾ വിൻ കരാർ കൂടുതൽ തൊഴിൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും

post


ജർമനിയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ആരോഗ്യരംഗത്ത് മാത്രമല്ല, വ്യത്യസ്തമായ മറ്റു മേഖലകളിലേക്ക് കൂടി തൊഴിലവസരങ്ങൾ തേടിയുള്ള പ്രവർത്തനം വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. ജർമനിയിലേക്ക് നഴ്സുമാരെ റിക്രൂട്ടു ചെയ്യുന്നതിന് നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുമായി ഒപ്പു വച്ച ട്രിപ്പിൾവിൻ കരാറിന്റെ ഭാഗമായി ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളും ജർമൻ ഉദ്യോഗസ്ഥരുമായി തിരുവനന്തപുരത്ത് നടന്ന  ആശയവിനിമയ പരിപാടിയായ ഇൻസൈറ്റ് 2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  


വിദ്യാസമ്പന്നരുടെ സമൃദ്ധമായ സാന്നിദ്ധ്യമുള്ള ഒരു നാട് എന്ന നിലയൽ ഗുണമേൻമയുള്ള തൊഴിൽ റിക്രൂട്ട്‌മെന്റ് സാധ്യമാക്കാൻ കഴിയുന്ന ലോകത്തിലെ അപൂർവം സമൂഹങ്ങളിലൊന്നാണ് കേരളം. എന്നാൽ ഭാഷയാണ് ഈ രംഗത്ത് നാം നേരിടുന്ന പ്രധാന പ്രശ്‌നം.


വൈദേശിക ഭാഷാ പ്രാവീണ്യം നേടിയെങ്കിലേ ആഗോളപൗരനായി ഉയരാനും തൊഴിൽ മേഖലയിൽ വിജയിക്കാനും സാധിക്കൂ.  ഉദ്യോഗാർഥികൾക്ക് ഭാഷാശേഷി വർധിപ്പിക്കാനുള്ള പരിശ്രമങ്ങൾക്ക് നോർക്കയുടെ ഭാഗത്തു നിന്ന് കൂടുതൽ പിന്തുണ നൽകാൻ ശ്രമിക്കും.  
ആഗോളതലത്തിൽ തന്നെ ആരോഗ്യരംഗത്ത് ഏറ്റവും ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് മലയാളി നഴ്‌സുമാർ. അവരുടെ സാന്നിദ്ധ്യമില്ലാത്ത രാജ്യങ്ങളില്ല. കനിവിന്റെയും ദയയുടെയും ഉറവകളായി അവർ കേരളത്തെ ലോകത്തിനു മുന്നിൽ ഒരു മെഴ്‌സി ഹബ്ബാക്കി മാറ്റിയിരിക്കുന്നു. ജർമൻ റിക്രൂട്ട്‌മെന്റ് യാഥാർഥ്യമാകുന്നതോടെ യൂറോപ്പിൽ മലയാളി നഴ്‌സുമാരുടെ സാന്നിദ്ധ്യം കൂടുതൽ സജീവമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


കേരളത്തിൽ നിന്നുള്ള മാനവവിഭവശേഷിയെ ജർമനിക്ക് ആവശ്യമുണ്ടെന്ന് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ ജർമൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസി ഡയറക്ടർ മാർക്കുസ് ബിർച്ചർ പറഞ്ഞു. ജർമനിയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി നോർക്ക റൂട്ട്‌സുമായി ഒപ്പുവച്ചിരിക്കുന്ന ട്രിപ്പിൾ വിൻ പദ്ധതി ഈ രംഗത്ത് ഒരു നാഴികക്കല്ലാണ്. തൊഴിൽ രംഗത്ത് യൂറോപ്പിലെയും ലോകത്തിലെ തന്നെയും മികച്ച ഒരു ഏജൻസി എന്ന നിലയിൽ ജർമൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസി- നോർക്ക റൂട്ട്‌സ് കൂട്ടുകെട്ടിന് വലിയ സാധ്യതകളുണ്ട്. വിദഗ്ദ്ധ തൊഴിൽ മേഖലയിൽ ഉദ്യോഗാർഥികളുടെ കുറവും ജനസംഖ്യാ വളർച്ചയിൽ താഴേക്കുള്ള പ്രവണതയും കേരളത്തിൽ നിന്നുള്ള തൊഴിലന്വേഷകർക്ക് ജർമനിയിൽ അനുകൂല സാഹചര്യമൊരുക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.


ട്രിപ്പിൾ വിൻ പ്രോഗ്രാമിലൂടെ ജർമനിയിലെത്തുന്ന മലയാളി നഴ്‌സുമാർക്ക് മികച്ച സേവന-വേതന വ്യവസ്ഥകൾ ലഭ്യമാവുമെന്നും ഭാഷാ പ്രവീണ്യത്തിന് മികച്ച അവസരം ഒരുക്കുമെന്നും പദ്ധതിയെ കുറിച്ച് വിശദീകരിച്ച ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോഓപ്പറേഷൻ പ്രതിനിധി ബജോൺ ഗ്രൂബർ പറഞ്ഞു. ജർമൻ ഓണററി കോൺസുൽ സയ്യിദ് ഇബ്രാഹീം സംസാരിച്ചു. നോർക്ക റൂട്ട്‌സ് സി.ഇ.ഒ കെ.ഹരികൃഷ്ണൻ നമ്പൂതിരി സ്വാഗതവും ജനറൽ മാനേജർ അജിത് കോളശേരി നന്ദിയും പറഞ്ഞു.


13,000 അപേക്ഷകരിൽ നിന്ന് ഷോർട്ടു ലിസ്റ്റ് ചെയ്യപ്പെട്ട നാനൂറോളം ഉദ്യോഗാർഥികൾ ജർമൻ ഉദ്യോഗസ്ഥരുമായുള്ള സംവാദ പരിപാടിയിൽ സംബന്ധിച്ചു. മേയ് നാലു മുതൽ 13 വരെ തിരുവനന്തപുരത്ത് ജർമൻ ഉദ്യോഗസ്ഥർ നടത്തുന്ന അഭിമുഖത്തിന് ശേഷമായിരിക്കും ജർമനിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നഴ്‌സുമാരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.