റമസാൻ രാവിനെ ഇശൽ മഴയിൽ നനയിച്ച് സംഗീത നിശ
കാസറഗോഡ്: റമസാൻ രാവിൽ കാഞ്ഞങ്ങാട് നഗരിയെ ഇശൽ മഴയിൽ നനയിച്ച് പ്രശസ്ത പിന്നണി ഗായകൻ വിടി. മുരളി നയിച്ച ഗാനമേള. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷി കാഘോഷത്തോടനുബന്ധിച്ച് മെയ് 3 മുതൽ 9 വരെ കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ് സ്റ്റാന്റ് പരിസരത്ത് നടത്തുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായാണ് സംഗീത നിശ സംഘടിപ്പിച്ചത്. ഫാത്തിമുൽ നബിയെ എന്ന ഗാനത്തിൽ ആരംഭിച്ച ഇശൽ രാവ് ഗ്യഹാതുരത്വം ഉണർത്തുന്ന നിരവധി ഗാനങ്ങൾക്ക് അവതരണ വേദിയായി. മലയാള സംഗീതത്തിന്റെ സുവർണകാലഘട്ടത്തിലേക്ക് കാണികളെ കൂട്ടിക്കൊണ്ട് പോകുന്നതായി വേദിയിൽ പാടിയ ഈണങ്ങൾ . മലയാളഗാനശാഖയെ ഉന്നതിയിലേക്കുയർത്തിയ മൺമറഞ്ഞ മഹാരഥൻമാർക്കുള്ള അനുസ്മരണ വേദി കൂടിയായി സംഗീതനിശ . വി.ടി.മുരളിക്കൊപ്പം റാണി ജോയ് പീറ്റർ, ഷിജേഷ് കാലിക്കറ്റ് എന്നിവരും സംഗീത നിശയ്ക്ക് മാറ്റുകൂട്ടി. അണിയറയിൽ വിനീഷ് ഐ, റാം സി പണിക്കർ, അഴിയൂർ പ്രഭാകരൻ പ്രദീപ്, നിഥിൻ, രാജു തീർത്ഥങ്കര എന്നിവർ ഗായകർക്ക് പിന്തുണയേകി.