സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും വെറ്റിനറി ആംബുലൻസ് നൽകും

post




സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും വെറ്റിനറി ആംബുലൻസ് സൗകര്യം നൽകുമെന്ന്  മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി.  വെറ്റിനറി ഡോക്ടർമാർക്ക് രാത്രികാലങ്ങളിൽ  അടിയന്തരഘട്ടത്തിൽ സഞ്ചരിക്കുന്നതിന് ആംബുലൻസ് സൗകര്യം പ്രയോജനപ്പെടുമെന്നും ജില്ലകളിലേയ്ക്ക്  ടെലി വെറ്റിനറി യൂണിറ്റ് വാഹനം നൽകുമെന്നും മന്ത്രി അറിയിച്ചു. ചാലക്കുടി  മൃഗാശുപത്രിയുടെ ശിലാസ്ഥാപനവും  മൃഗ സംരക്ഷണ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

ക്ഷീര-മൃഗ സംരക്ഷണ മേഖലയിൽ നിരവധി പദ്ധതികൾ സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. കൃഷി ചെയ്യാതെ കിടക്കുന്ന സ്ഥലങ്ങളിൽ തീറ്റപ്പുൽ കൃഷി ചെയ്യുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്നും ഇതിനായി കൃഷിമന്ത്രിയുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. 

ചോളം, സോയാബീൻ  എന്നിവ സംസ്ഥാനത്ത് കൃഷി ചെയ്യുന്ന കാര്യവും സർക്കാരിൻ്റെ  പരിഗണനയിലുണ്ട്. പാലിൻ്റെ വില വർധിപ്പിക്കാതെ തന്നെ   ക്ഷീരകർഷകർക്ക് മൃഗങ്ങൾക്കുള്ള തീറ്റ വാങ്ങുന്നത്  എങ്ങനെ ലാഭകരമാക്കാം എന്ന കാര്യം സർക്കാരും മൃഗ സംരക്ഷണ വകുപ്പും ആലോചിച്ചു വരികയാണെന്നും  മന്ത്രി പറഞ്ഞു. 

മൃഗങ്ങൾക്കുളള പ്രതിരോധ വാക്സിൻ നൽകാനുള്ള സത്വര നടപടികൾ സ്വീകരിക്കും.  കഴിഞ്ഞ വർഷം പുതുതായി 50 വെറ്റിനറി ഡോക്ടർമാരുടെ സേവനം വിനിയോഗിച്ച് കഴിഞ്ഞതായും മന്ത്രി അറിയിച്ചു. മൃഗസംരക്ഷണ ക്ഷീരവികസന മേഖലകളിലെ സമഗ്ര മാറ്റമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും ക്ഷീര കർഷകർക്ക് ഒപ്പം സർക്കാർ എക്കാലവും ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ്  ചാലക്കുടിയിൽ മൃഗാശുപത്രി നിർമ്മിക്കുന്നത്. 93.2 ലക്ഷം രൂപയാണ് നിർമ്മാണത്തിനായി വകയിരുത്തിയിരിക്കുന്നത്. ചടങ്ങിൽ ബെന്നി ബഹന്നാൻ  എം പി, സനീഷ് കുമാർ ജോസഫ് എംഎൽഎ, നഗരസഭ ചെയർമാൻ വി ഒ പൈലപ്പൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഒ ജി സൂരജ തുടങ്ങിയവർ പങ്കെടുത്തു. മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തിൽ സെമിനാറും പരിപാടിയുടെ ഭാഗമായി നടന്നു.