ക്ഷീര കാർഷിക മേഖലയിലെ സമഗ്ര വികസനം സർക്കാർ ലക്ഷ്യം

post



ക്ഷീര മേഖലയിലെ സമഗ്രമായ വികസനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് മൃഗ സംരക്ഷണ ക്ഷീര വികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീരകർഷകർക്ക് വിലക്കുറവിൽ വൈക്കോൽ വിതരണം ചെയ്യുക, നെല്ല് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട്  നടപ്പിലാക്കിവരുന്ന വൈക്കോൽ ബെയ്ലിംഗ് യൂണിറ്റിന്റെയും ആട്ടോർ പോട്ടോർ ക്ഷീര സഹകരണ സംഘത്തിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 

കാലിത്തീറ്റ വിലക്കയറ്റത്തിന് പരിഹാരം കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ ക്ഷീര കാർഷിക മേഖലയെ  മെച്ചപ്പെടുത്താൻ കുറഞ്ഞ ചെലവിൽ കാലിത്തീറ്റ കർഷകരിലേയ്ക്ക് എത്തേണ്ടതുണ്ട്. അതിനായി ഒരേക്കറിൽ പച്ചപ്പുല്ല് കൃഷി ചെയ്യുന്നവർക്ക് 16,000 രൂപ സബ്സിഡി കൊടുത്ത് തീറ്റപ്പുൽ കൃഷി വ്യാപകമാക്കുമെന്നും കൂടാതെ എല്ലാ പഞ്ചായത്തുകളിലും ഡോക്ടർ സേവനം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. 

വീട്ടുമുറ്റത്ത് സേവനം എന്ന ലക്ഷ്യത്തോടെ 152 ബ്ലോക്കുകളിൽ രാത്രിസമയങ്ങളിൽ ആംബുലൻസ് സൗകര്യം ഒരുക്കുവാൻ ടെലി വെറ്റിനറി യൂണിറ്റുകൾ ആരംഭിക്കുകയാണ്. അതിൽ ആദ്യ 29 ആംബുലൻസുകളുടെ സേവനം ഈ മാസം 15 മുതൽ നടപ്പിലാക്കും. മൃഗങ്ങൾക്ക് വേണ്ട എല്ലാവിധ ശുശ്രൂഷകൾക്കുള്ള സംവിധാനങ്ങൾ യൂണിറ്റിലുണ്ട്. പാൽ ഉൽപാദനത്തിലും പാലുൽപ്പന്ന മേഖലയിലും വളർച്ച കൈവരിക്കാൻ അധികം വരുന്ന പാൽ കേരളത്തിൽ തന്നെ പൊടിയാക്കി മാറ്റുവാൻ മലപ്പുറത്ത് മൂർക്കനാട് 59 കോടി രൂപ ചെലവഴിച്ച് ഫാക്ടറി നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു. 

ആട്ടോർ -പോട്ടോർ ക്ഷീരോൽപാദക സഹകരണ സംഘം  പരിസരത്ത് നടന്ന ചടങ്ങിൽ  സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അധ്യക്ഷത വഹിച്ചു .