കാസര്‍കോട് വികസനപാക്കേജ് വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിട നിര്‍മ്മാണം - 13.90 കോടി രൂപ അനുവദിച്ചു

post



കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതിയായി.  ജിഎല്‍പിഎസ് കുളൂര്‍, ജിഎച്ച്‌യുപിഎസ് കുറിച്ചിപളള, ജിബിഎല്‍പിഎസ് ബംബ്രാണ, ജിബിഎല്‍പിഎസ് ആരിക്കാടി, ജിഎല്‍പിഎസ് കണ്വതീര്‍ത്ഥ, ജിവിഎച്ച്എസ്എസ് കയ്യൂര്‍, സിഎച്ച്എംകെഎസ് ജിവിഎച്ച്എസ് കോട്ടപ്പുറം, ജിഎച്ച്എസ് ചായോത്ത്, ജിഎച്ച്എസ്എസ് മാലോത്ത് കസബ, ജിഎല്‍പിഎസ് ചെര്‍ണത്തല, ജിയുപിഎസ് കാനത്തൂര്‍, എന്നീ 11 സ്‌കൂളുകള്‍ക്കാണ് കെട്ടിട നിര്‍മ്മാണത്തിനായി ഭരണാനുമതി ലഭിച്ചത്.

മീഞ്ച പഞ്ചായത്തിലെ ജിഎല്‍പിഎസ് കുളൂരില്‍  കിച്ചണ്‍ ആന്റ് ഡൈനിംഗ് ഷെഡ് നിര്‍മ്മാണത്തിനായി 41 ലക്ഷം രൂപയും മംഗല്‍പ്പാടി പഞ്ചായത്തിലെ ജിഎച്ച്‌യുപിഎസ് കുറിച്ചിപളളയില്‍ കിച്ചണ്‍ ആന്റ് ഡൈനിംഗ് ഷെഡ് നിര്‍മ്മാണത്തിനായി 34.7  ലക്ഷം രൂപയും വകയിരുത്തി. എല്‍എസ്ജിഡി വിഭാഗം എക്‌സി. എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുളള മേല്‍ പദ്ധതികളില്‍ കിച്ചണ്‍, ഡൈനിംഗ് ഹാള്‍, കുടിവെളള സൗകര്യത്തിനായുളള ബോര്‍വെല്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുമ്പള പഞ്ചായത്തിലെ ജിബിഎല്‍പിഎസ് ബംബ്രാണയില്‍ 6 ക്ലാസ് റൂമുകളും, 4 ടോയ്‌ലറ്റ് ബ്ലോക്കും അടങ്ങിയ ഇരുനില കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി 1.25 കോടി രൂപയാണ് വകയിരുത്തിയിട്ടുളളത്. എല്‍എസ്ജിഡി വിഭാഗം എക്‌സി.എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുളള  മേല്‍ പദ്ധതിയില്‍ 6.1 മീ.നീളവും 6.1 മീ.വീതിയും ഉളള 4 വീതം ക്ലാസ് റൂമുകളോട് കൂടിയ കെട്ടിടമാണ് ഉള്‍പ്പെടുത്തിയത്.

90 ലക്ഷം  രൂപ  അടങ്കലില്‍ കുമ്പള പഞ്ചായത്തിലെ ജിബിഎല്‍പിഎസ് ആരിക്കാടിയില്‍ 4 ക്ലാസ് റൂമുകളോടു കൂടിയ കെട്ടിട നിര്‍മ്മാണത്തിനും മെയിന്‍ ഗേറ്റ്   നിര്‍മ്മാണത്തിനും  ഭരണാനുമതി ലഭിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സി.എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ മേല്‍ പദ്ധതി ഒരു വര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാകും. കയ്യൂര്‍ പഞ്ചായത്തിലെ ജിവിഎച്ച്എസ്എസ് കയ്യൂരില്‍ 4 ക്ലാസ്മുറികളോട് കൂടിയ കെട്ടിട നിര്‍മ്മാണത്തിന് 82.3 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ചു. നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ജിവിഎച്ച്എസ് കോട്ടപ്പുറത്തിന് 6 ക്ലാസ് മുറികളോടും ടോയ്‌ലറ്റ് ബ്ലോക്കോടും കൂടിയ ഇരുനില കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് 1.75 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചു. എല്‍എസ്ജിഡി വിഭാഗം എക്‌സി.എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുളള മേല്‍ പദ്ധതിയില്‍ 9.2 മീറ്റര്‍ നീളവും 6.2 മീറ്റര്‍ വീതിയുമുളള 3 വീതം  ക്ലാസ് മുറികള്‍ ഇരുനിലകളിലുമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ജിഎച്ച്എസ് ചായോത്തിന് പുതിയ കെട്ടിട നിര്‍മ്മാണത്തിന് 3.62 കോടി രൂപയ്ക്കും മടിക്കൈ പഞ്ചായത്തിലെ ജിഎല്‍പിഎസ് ചെര്‍ണത്തലയില്‍ 4 ക്ലാസ് മുറികളുടെ നിര്‍മ്മാണത്തിന് 80 ലക്ഷം രൂപയ്ക്കും ഭരണാനുമതി ലഭിച്ചു.  മുളിയാര്‍ പഞ്ചായത്തിലെ ജിയുപിഎസ് കാനത്തൂരിന് 6.05 മീറ്റര്‍ നീളവും 6.06  വീതിയും ഉളള 6 ക്ലാസ് മുറികളോട് കൂടിയ ബഹുനിലകെട്ടിട നിര്‍മ്മാണത്തിന് 1.23 കോടി രൂപയും വകയിരുത്തി. ബളാല്‍ പഞ്ചായത്തിലെ ജിഎച്ച്എസ്എസ് മാലോത്ത് കസബയ്ക്ക് 6.1 മീറ്റര്‍ നീളവും വീതിയും ഉളള 8 ക്ലാസ് മുറികളോട് കൂടിയ ഇരുനില കെട്ടിടത്തിന് 1.7 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചു.

പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സി. എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുളള ഒന്നര വര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാക്കും. മഞ്ചേശ്വരം പഞ്ചായത്തിലെ ജിഎല്‍പിഎസ് കണ്വതീര്‍ത്ഥയ്ക്ക് 4 ക്ലാസ് മുറികളുടെ നിര്‍മ്മാണത്തിന് 1.07 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സി.എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ മേല്‍ പദ്ധതി ഒരു വര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാകും.
മേല്‍ സ്‌കൂളുകളില്‍ കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കാത്ത സാഹചര്യങ്ങള്‍ നിലവില്‍ ഉളളതിനാലാണ് സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിട നിര്‍മ്മാണത്തിനായുളള അനുമതി  നല്‍കിയതെന്ന് ജില്ലാ കളക്ടര്‍  ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു.
പ്രവൃത്തി ഉടന്‍ ടെണ്ടര്‍ ചെയത് ആരംഭിക്കുമെന്ന് കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്‌മോഹന്‍ അറിയിച്ചു.