എന്റെ കേരളം പ്രദര്‍ശന വിപണന മേള; വ്യവസായ വകുപ്പ് വിപണന സ്റ്റാളുകളില്‍ നിന്ന് ലഭിച്ചത് 9.22 ലക്ഷം

post



സംരംഭകര്‍ക്ക് കൈത്താങ്ങായി മാറിയ 'എന്റെ കേരളം ' പ്രദര്‍ശന വിപണന മേളയില്‍ വ്യവസായ വകുപ്പിന് കീഴിലെ വിപണന സ്റ്റാളുകളില്‍  നിന്ന് ലഭിച്ചത് 9.22 ലക്ഷം രൂപ.വ്യവസായ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 47 യൂണിറ്റുകളാണ് മേളയുടെ ഭാഗമായത്. സംരംഭകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ പ്രയോജന പ്രദമായ രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിറ്റഴിക്കുന്നതിനും അവസരം ലഭിച്ചു. കൈത്തറിയും മണ്‍പാത്ര നിര്‍മ്മാണവുമായിരുന്നു വ്യവസായ വകുപ്പ് സജ്ജീകരിച്ച സ്റ്റാളുകളില്‍ ഏറ്റവും ശ്രദ്ധേയമായത്. തത്സമയം ഇവ രണ്ടും സന്ദര്‍ശകര്‍ക്ക് കാണുന്നതിനും അവസരമൊരുക്കിയിരുന്നു.

സ്ത്രീ സംരംഭകരുടെ പത്ത് സ്റ്റാളുകളാണ് വ്യവസായ വകുപ്പ് സജ്ജീകരിച്ചത്. ചക്ക വിഭവങ്ങള്‍, അച്ചാറുകള്‍, ബാഗുകള്‍, ഫാന്‍സി സാമഗ്രികള്‍, കേശസംരക്ഷണത്തിനുള്ള എണ്ണ തുടങ്ങിയവയാണ് സ്ത്രീ സംരംഭകര്‍ സ്റ്റാളുകളില്‍ എത്തിച്ചത്. കൂടാതെ ഭിന്നശേഷിക്കാരനായ സംരംഭകന്റെ കുട നിര്‍മ്മാണ യൂണിറ്റും ആളുകള്‍ ഏറ്റെടുത്തു. പരിസ്ഥിതി സൗഹാര്‍ദ്ദ ഇലക്ട്രിക് സൈക്കിള്‍ യൂണിറ്റ് സംരംഭകന് മുപ്പതോളം ഓര്‍ഡറുകളാണ് മേളയില്‍ ലഭിച്ചത്. ഖാദി ബോര്‍ഡും സ്റ്റാള്‍ ഒരുക്കി.

വെളിച്ചെണ്ണ, ഭക്ഷ്യോത്പ്പന്നങ്ങള്‍, തടി ഉപയോഗിച്ചുള്ള അലങ്കാര വസ്തുക്കള്‍, ചിരട്ട ഉത്പന്നങ്ങള്‍, മറ്റു കരകൗശല വസ്തുക്കള്‍, ആയുര്‍വ്വേദ ഉത്പന്നങ്ങള്‍, മുള കൊണ്ടുള്ളവ, കരിമ്പ് സിറപ്പ്, കുടകള്‍, അലങ്കാര വസ്തുക്കള്‍, തുണിത്തരങ്ങള്‍, മസാലപ്പൊടികള്‍, സോപ്പുകള്‍
എന്നിവ ഉള്‍പ്പടെയുള്ളവയും  വിപണന സ്റ്റാളുകളില്‍ വ്യവസായ വകുപ്പ് സജ്ജമാക്കി.  പല സംരംഭകരുടേയും ഉത്പന്നങ്ങള്‍ വിറ്റഴിഞ്ഞ ശേഷം കൂടുതല്‍ എത്തിച്ചാണ് വില്‍പ്പന നടത്തിയത്.