ലൈഫ് 2020: പുനഃപരിശോധന പൂർത്തീകരിച്ച ആദ്യ ജില്ലയായി കോട്ടയം

post



കോട്ടയം: ലൈഫ് പട്ടികയിൽ ഇടം നേടാതെ പോയ അർഹരായ ഗുണഭോക്താക്കൾക്കായി പോർട്ടൽ മുഖേന സ്വീകരിച്ച അപേക്ഷകളുടെ പ്രാഥമിക പരിശോധനയും തുടർന്നുള്ള പുനഃപരിശോധനയും പൂർത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയം.
സംസ്ഥാനത്താകെ 9,20,256 അപേക്ഷയാണ് ലഭിച്ചത്. ജില്ലയിൽ ലഭിച്ച 44,435 അപേക്ഷകളുടെ പ്രാഥമിക പരിശോധന ഫെബ്രുവരിയിൽ പൂർത്തീകരിച്ചു. പ്രാഥമിക പരിശോധനയിൽ 40 ശതമാനത്തിനു മുകളിൽ അർഹരായി കണ്ടെത്തിയ വാർഡുകളിലെ 28557 അപേക്ഷകളുടെ പുനഃപരിശോധന ഏപ്രിൽ 27 ന് പൂർത്തിയാക്കി.


ഇക്കണോമിക്‌സ് ആൻഡ്  സ്റ്റാറ്റിസ്റ്റിക്‌സ്, രജിസ്‌ട്രേഷൻ, സഹകരണം, ക്ഷീരവികസനം, വ്യവസായം, ഗ്രാമവികസനം, തൊഴിൽ, സിവിൽ സപ്ലൈസ്, എംപ്ലോയ്‌മെന്റ് തുടങ്ങി ജില്ലയിലെ വിവിധ വകുപ്പുകളിൽ നിന്നായി 615 ജീവനക്കാരെ പുനഃപരിശോധനയ്ക്കായി നിയോഗിച്ചിരുന്നതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് ബ്ലോക്ക്തലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. പ്രാഥമിക പരിശോധനയിൽ ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ അപേക്ഷകർ അർഹരായിട്ടുള്ള എരുമേലി പഞ്ചായത്തിലാണ് (1269 - അപേക്ഷ) പുനഃപരിശോധനയിലും കൂടുതൽ പേർ അർഹരായതായി കണ്ടെത്തിയത് (1102  പേർ). കുറവ് വെളിയന്നൂർ പഞ്ചായത്തിലും (66 - അപേക്ഷ, അർഹരായവർ - 64). നഗരസഭകളിൽ ഏറ്റവും കൂടുതൽ അപേക്ഷകർ അർഹരായിട്ടുള്ളത് കോട്ടയം നഗരസഭയിലാണ് (1141 - അപേക്ഷ, അർഹരായവർ - 1215). കുറവ് പാലാ നഗരസഭയിയാണ് (142 - അപേക്ഷ, അർഹരായവർ - 139). ഇതുവരെ നടത്തിയ പ്രാഥമിക പരിശോധനയിലും പുനഃപരിശോധനയിലുമായി 27,524 (61.94%)  പേർ അർഹരായതായി കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്തൊട്ടാകെയുള്ള പുനഃപരിശോധന പൂർത്തിയായതിനു ശേഷം കരട് പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിൽ പ്രസിദ്ധീകരിക്കും. അതിനുശേഷം പട്ടികയിൽ ഉൾപ്പെടാത്തവർക്ക് അപ്പീൽ നൽകാൻ സമയം അനുവദിക്കും. ഒന്നാംഘട്ട അപ്പീൽ ഗ്രാമപഞ്ചായത്തുകളിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളിൽ നഗരസഭാ സെക്രട്ടറിമാർക്കും രണ്ടാംഘട്ട അപ്പീൽ ജില്ലാ കളക്ടർക്കും നൽകാം. ലൈഫ് മിഷന് മുഖേന ജില്ലയിൽ ഇതുവരെ 11185 വീടുകൾ നൽകിയതായി ലൈഫ്  മിഷൻ കോർഡിനേറ്ററും പ്രോജക്ട് ഡയറക്ടറുമായ പി.എസ്. ഷിനോ പറഞ്ഞു.