മന്ത്രിസഭാ ഒന്നാം വാര്‍ഷികം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ഇടുക്കിയില്‍ ഇനി ഉത്സവനാളുകള്‍

post


ഇടുക്കി: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം 'എന്റെ കേരളം' പ്രദര്‍ശന-വിപണനമേള ഇന്ന് ( 9) മുതല്‍ മെയ് 15 വരെ വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനിയില്‍ നടത്തും. സ്റ്റാളിന്റെയും എല്ലാ പരിപാടികളുടെയും ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗത സംഘം ചെയര്‍മാന്‍ സിവി വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പിഎം മനോജ്, ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍ പ്രമോദ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍, എന്‍. ബി ബിജു എന്നിവരോടൊപ്പം മേള നഗരി സന്ദര്‍ശിച്ചു ഒരുക്കങ്ങള്‍ വിലയിരുത്തിയതിന് ശേഷമാണ് മാധ്യമങ്ങളെ കണ്ടത്. ഘോഷയാത്രയ്ക്ക് എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ സ്റ്റാളൊരുക്കുന്നത് സംബന്ധിച്ച് ജില്ലാ തല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് പ്രദര്‍ശന-വിപണന മേളയുടെ അവസാന ഒരുക്കം വിലയിരുത്തി.


പ്രദര്‍ശന-വിപണനമേളയുടെ പതാക ഉയര്‍ത്തല്‍ ഇന്ന് (9 ) രാവിലെ 9.00 മണിയ്ക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് 9.30 യ്ക്ക് ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നും ആയിരങ്ങള്‍ അണിനിരക്കുന്ന സാംസ്‌കാരിക ഘോഷയാത്ര മേള നഗരിയിലേക്ക് എത്തും.


     സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം 10.30 യ്ക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മേള നഗരിയിലെ വേദിയില്‍ നിര്‍വ്വഹിക്കും. യോഗത്തില്‍ എം.എം മണി എം.എല്‍.എ അധ്യക്ഷത വഹിക്കും. എം പിമാര്‍, എം എല്‍ എ മാര്‍, ജില്ലാ കളക്ടര്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സന്നദ്ധപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

   ഉദ്ഘാടന സമ്മേളനത്തിന് ശേഷം വൈകിട്ട് 6.00ന് ജില്ലയിലെ കലാകാരന്‍മാരുടെ നാടന്‍പാട്ട്, തുടര്‍ന്ന് പ്രശസ്ത കലാകാരന്‍ രാജേഷ് ചേര്‍ത്തലയുടെ മ്യൂസിക് ഫ്യൂഷനും വേദിയില്‍ അരങ്ങേറും. മേളയില്‍ സൗജന്യസേവനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, എല്ലാ ദിവസവും കലാപരിപാടികള്‍, സെമിനാര്‍, രുചിക്കൂട്ടുകളൊരുക്കി ഭക്ഷ്യമേള, കാര്‍ഷികപ്രദര്‍ശന-വിപണനമേള, കൈത്തറി മേള, ജര്‍മ്മന്‍ ഹാംഗറിലുള്ള എ.സി എക്‌സിബിഷന്‍ സ്റ്റാള്‍, വിസ്മയിപ്പിക്കുന്ന ശബ്ദ സന്നിവേശ സംവിധാനം, ഇടുക്കിയെ അറിയാന്‍ ഡോക്യുമെന്ററികള്‍ എന്നിവ ഉണ്ടാകും.


    എല്ലാ ദിവസവും 6.00 മുതല്‍ പ്രാദേശിക കലാകാരന്‍മാര്‍ അണി നിരക്കുന്ന വിവിധ കലാപരിപാടികളും തുടര്‍ന്ന് കലാ സാംസ്‌കാരിക സന്ധ്യയും എന്റെ കേരളം അരങ്ങില്‍ നടക്കും.

       കോവിഡ് പ്രതിസന്ധിക്കു ശേഷം സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മേളയില്‍ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും പങ്കെടുക്കും. 50,000 ചതുരശ്രയടി വിസ്തൃതിയുള്ള പന്തലില്‍ 138 സ്റ്റാളുകളാണുള്ളത്. 51 വാണിജ്യ സ്റ്റാളുകളും 87 തീം സ്റ്റാളുകളും വ്യത്യസ്തമായ രുചിക്കൂട്ടുകളൊരുക്കി ഭക്ഷ്യമേളയും കാര്‍ഷികോല്‍പന്ന പ്രദര്‍ശന-വിപണനമേളയും ദിവസവും പ്രശസ്തരുടെ കലാപരിപാടികളും ഇതോടൊപ്പം നടക്കും. കേരളത്തിന്റെ വളര്‍ച്ച അടയാളപ്പെടുത്തുന്ന 'എന്റെ കേരളം' ചിത്രപ്രദര്‍ശനം, വിനോദസഞ്ചാരമേഖലകളെ തൊട്ടറിയുന്ന 'കേരളത്തെ അറിയാം' പ്രദര്‍ശനം, നവീന സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തു ടെക്‌നോ ഡെമോ എന്നിവയും മേളയുടെ ഭാഗമാകും.

    വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകളും ശില്‍പശാലയും ഉണ്ടാകും. പാല്‍-ഭക്ഷ്യവസ്തു-മണ്ണ് പരിശോധനകള്‍, വിവിധ വകുപ്പുകള്‍, അക്ഷയ എന്നിവയുടെ സേവനങ്ങള്‍ സൗജന്യമായി ലഭിക്കും. ആരോഗ്യം, ഹോമിയോ, ഐ.എസ്.എം. വകുപ്പുകളുടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ്, പ്രമേഹ പരിശോധന എന്നിവയും ലഭ്യമാകും. മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളിലേക്ക് ഡിസ്‌കൗണ്ടോടെ പാക്കേജുകള്‍ ലഭ്യമാകും.

     മേളയോടനുബന്ധിച്ച് എല്ലാ ദിവസവും സര്‍ക്കാരിന്റെ വികസനപദ്ധതികളുമായി ബന്ധപ്പെട്ട തത്സമയക്വിസ് നടത്തും. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. പ്രവേശനം സൗജന്യമാണ്.


മന്ത്രി സഭാ വാര്‍ഷികം; ജില്ലയില്‍ കലാവിരുന്നിന്റെ ഏഴ് രാത്രികള്‍


രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 9 മുതല്‍ ആരംഭിക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന-വിപണനമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിപുലമായ കരവിരുന്നാണ് ആഘോഷത്തിന്റെ ഭാഗമായി ഒരുങ്ങുന്നത് . മേളയുടെ ആദ്യ ദിനമായ മെയ് ഒന്‍പതിന് ഏഴ് മണിക്ക് രാജേഷ് ചേര്‍ത്തലയുടെ ഫ്യൂഷന്‍ മ്യൂസിക് അരങ്ങേറും. കൂടാതെ വൈകിട്ട് 6 മണിക്ക് ധാര കലാവേദി അടിമാലിയുടെ കരക മയൂര നൃത്തവും നടക്കും. മെയ് 10 ന് പ്രശസ്ത കോമഡി താരം ബിനു അടിമാലിയുടെ മെഗാ ഷോ ഒപ്പം കലാജ്യോതി ഇടുക്കിയുടെ നൃത്ത സന്ധ്യയും സംഘടിപ്പിക്കുന്ന. മെയ് 11 ന് പ്രസീത ചാലക്കുടിയുടെ നാടന്‍പാട്ട് ഒപ്പം വിമല്‍ ഇടുക്കിയുടെ മാജിക് ഷോ . മെയ് 12 ന് കലാസാഗര്‍ ഇടുക്കിയുടെ ഗാനമേള ഒപ്പം മറയൂര്‍ ഗോത്ര സംസ്‌കൃതിയുടെ ഗോത്ര കലാ സന്ധ്യ. മെയ് 13 ന് പത്തനംതിട്ട സാരംഗിന്റെ ഗാനമേള കൂടാതെ സിംഫണി മാജിക് വിഷന്‍ തിരുവല്ലയുടെ മാജിക് ഷോയും ഉണ്ടാകും. മെയ് 14 ന് ജോബി പാലയുടെ മെഗാ ഷോയും ഭാരത് ഭവന്റെ ഇന്ത്യന്‍ ഗ്രാമോത്സവം ( ജമ്മു കശ്മീര്‍, പഞ്ചാബ്, സിക്കിം, ഗുജറാത്തത്, മഹാരാഷ്ട്ര, സംസ്ഥാനങ്ങളിലെ തനത് കലാ പരിപാടികള്‍) മേളയുടെ അവസാന ദിനമായ മെയ് 15 ന് ഓലിക്കല്‍ കളരി സംഘത്തിന്റെ കളരി പയറ്റ് പ്രദര്‍ശനവും പ്രശസ്ത സിനിമ പിന്നണി ഗായകന്‍ വിധു പ്രതാപിന്റെ ഗാനമേള എന്നിവ ഉണ്ടാകും. എല്ലാ ദിവസവും വൈകുന്നേരം 5.30 മുതല്‍ കലാപരിപാടികളും ഉണ്ട്.