'ടേണിംഗ് പോയിന്റ് ' കരിയര്‍ എക്‌സ്‌പോ മെയ് 28ന് തുടക്കം

post

സംഘാടക സമിതിയായി


കണ്ണൂർ: ലോകത്തിന്റെ വൈജ്ഞാനിക കേന്ദ്രമായി കേരളത്തെ മാറ്റുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് മണ്ഡലത്തില്‍ നടത്തുന്ന കരിയര്‍ എക്‌സ്‌പോ 'ടേണിങ് പോയിന്റി'ന്റെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മുഴുവന്‍ ആളുകള്‍ക്കും ജാതി മത ലിംഗ ഭേദമന്യേ വിദ്യാഭ്യാസം നല്‍കാനുള്ള സംവിധാനം കേരളത്തിലുണ്ട്. ലോകത്തില്‍ തന്നെ ഉന്നത വിദ്യഭ്യാസം നേടിയ സ്ത്രീകളുടെ നിരക്ക് പരിശോധിച്ചാല്‍ കേരളം മുന്നിലാണ്. സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ മുഴുവന്‍ പേര്‍ക്കും തൊഴില്‍ ലഭ്യമാക്കാനും സര്‍ക്കാരിന് പദ്ധതികളുണ്ട് - മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. സമഗ്ര വിദ്യാഭ്യാസ പദ്ധതി കോ ഓര്‍ഡിനേറ്റര്‍ ഹരികൃഷ്ണന്‍ മാസ്റ്റര്‍ പദ്ധതി വിശദീകരണം നടത്തി.

അങ്കണവാടി മുതല്‍ ഉന്നതവിദ്യാഭ്യാസം വരെയുള്ള മേഖലകളില്‍ സമഗ്രമാറ്റത്തിനുതകും വിധം ഭൗതിക അക്കാദമിക സാങ്കേതിക രംഗത്ത് മികവ് വര്‍ധിപ്പിക്കുകയാണ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യം. മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ മുഖ്യ രക്ഷാധികാരിയും, മണ്ഡലത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപന അദ്ധ്യക്ഷന്‍മാര്‍ രക്ഷാധികാരികളുമായി സംഘാടക സമിതി രൂപീകരിച്ചു. ഡോ.മോഹന്‍ദാസ് ചെയര്‍മാനായും, ഡോ.അബ്ദുള്‍ ഗഫൂര്‍, ഡോ.രജനി എന്നിവര്‍ വൈ.ചെയര്‍മാന്‍മാരും, കണ്‍വീനര്‍ കെ സി ഹരികൃഷ്ണന്‍ മാസ്റ്റര്‍, ജോ.കണ്‍വീനര്‍മാരായി എന്‍ അനില്‍കുമാര്‍, കെ സന്തോഷ് എന്നിവരെയും തീരുമാനിച്ചു.