ഇനി വരി നിന്ന് മുഷിയേണ്ടി വരില്ല; ജില്ലാ ആശുപത്രി ലാബില്‍ കമ്പ്യൂട്ടര്‍ സംവിധാനമൊരുങ്ങി

postപരിശോധന ഫലം കാത്ത് ഇനി മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കേണ്ട. ജില്ലാ ആശുപത്രി ലാബ് സംവിധാനം കമ്പ്യൂട്ടര്‍വല്‍ക്കരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ലാബില്‍ പരിശോധനക്കെത്തുന്ന രോഗികള്‍ക്ക് പ്രത്യേക ബാര്‍കോഡ് സംവിധാനമൊരുക്കുന്നതിലൂടെ തിരക്ക് പരമാവധി കുറക്കാനാകുമെന്ന് പി പി ദിവ്യ പറഞ്ഞു. ഇന്റര്‍നെറ്റ് കണക്ഷന്‍ കൂടി ഒരുക്കിയാല്‍ പരിശോധന ഫലങ്ങള്‍ മെയില്‍ ചെയ്യാനുള്ള സംവിധാനമാകുമെന്നും അവര്‍ പറഞ്ഞു


ഒന്നിലധികം പരിശോധനകള്‍ നടത്തുന്ന രോഗികള്‍ക്ക് ബാര്‍കോഡ് സംവിധാനം കൂടുതല്‍ പ്രയോജനകരമാകും. പരിശോധന വിവരങ്ങള്‍ പ്രിന്റ് ചെയ്ത് പേരും വയസ്സും രേഖപ്പെടുത്തി ബാര്‍കോഡ് ഒട്ടിച്ചാണ് നല്‍കുക. പരിശോധന സാമ്പിളുകളിലും ഇതേ സ്റ്റിക്കര്‍ പതിക്കും.  ഈ ബാര്‍കോഡ് രോഗികള്‍ക്ക് പിന്നീടും ഉപയോഗിക്കാം.


ദിവസേന അറുന്നൂറിലധികം പേര്‍ വരുന്ന ജില്ലാ ആശുപത്രി ലാബ് കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിനും മെഷീന്‍  ഇന്റഗ്രേഷന്‍ സംവിധാനമൊരുക്കുന്നതിനുമായി ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്. സ്വകാര്യ ലാബുകളില്‍ 1500 രൂപ വരെ ഈടാക്കുന്ന പരിശോധനകള്‍ക്ക് 600 രൂപ വരെയാണ് ജില്ലാശുപത്രി ലാബില്‍ ഈടാക്കുന്നത്.