ഹൈടെക് പ്രദര്‍ശനമേള വിസ്മയം എന്റെ കേരളം

post



വയനാട്: ജില്ല കണ്ട ഏറ്റവും വലിയ ഹൈടെക് പ്രദര്‍ശനമേള എന്റെ കേരളം എക്‌സിബിഷന് തിരക്കേറി. കുട്ടികള്‍ അടക്കമുള്ളവരുടെ നീണ്ട നിരകള്‍ പ്രദര്‍ശനമേളയെ സജീവമാക്കുന്നു. 180 ലധികം സ്റ്റാളുകളാണ് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ ഹൈടെക് പവലിയനില്‍ സജ്ജീകരിച്ചിരിക്കുന്നത്.

ശീതീകരിച്ച മൂന്നോളം പവലിയിനില്‍ വിനോദത്തിനും വിജ്ഞാനത്തിനും സേവനത്തിനുമായുള്ള വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സംരംഭകരുടെയും സ്റ്റാളുകളാണുള്ളത്. വിനോദ സഞ്ചാര വകുപ്പും ഉത്തരവാദിത്ത ടൂറിസവും ചേര്‍ന്നൊരുക്കിയ കേരളീയ ടൂറിസം അനുഭവങ്ങളുടെ വിശാലമായ സ്റ്റാളാണ് ഏവരെയും കവാടത്തില്‍ തന്നെ വരവേല്‍ക്കുക. കേരളത്തിന്റെ സ്വന്തം ഗ്രാമഭംഗി വരച്ചിടുന്ന ഈ സ്റ്റാള്‍ ഏവരെയും ആകര്‍ഷിക്കും. ഇതിനോട് തുടര്‍ച്ചയായാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ എന്റെ കേരളം എക്‌സിബിഷന്‍. കേരളം നടന്നു വന്ന ചരിത്ര വഴിയിലൂടെയുള്ള സഞ്ചാരമാണിത്.

മുന്‍ മുഖ്യമന്ത്രിമാര്‍ തുടങ്ങി ഇന്നലെകളില്‍ നിന്നും തുടങ്ങിയ മുന്നേറ്റങ്ങളെല്ലാം ആകര്‍ഷകമായ ഈ സ്റ്റാളില്‍ നിന്നും മനസ്സിലാക്കാം. എല്‍.ഇ.ഡി വാളുകളില്‍ തത്സമയ പ്രദര്‍ശനങ്ങളും ഇവിടെയുണ്ട്. ഇതിന് തുടര്‍ച്ചയായി കെ.റെയില്‍ ഓഗ്മെന്റല്‍ റിയാലിറ്റി ഷോയും സന്ദര്‍ശകരെ ആകര്‍ഷിക്കും.  കിഫ്ബിയുടെ ബിഗ് സ്‌കീനില്‍ കേരളത്തില്‍ നടപ്പാക്കിയ പദ്ധതികളെ നേരിട്ട് മനസ്സിലാക്കാം.

ഇതിനെയും മറികടന്ന് മുന്നോട്ടുപോകുമ്പോള്‍ വയനാട്ടിലടക്കം കിഫ്ബി നടപ്പില്‍ വരുത്തിയ പ്രോജക്ടുകളുടെ വെര്‍ച്വല്‍ പ്രദര്‍ശനവും വേറിട്ടതാണ്. ത്രിഡി ഫ്രെയിമിലൂടെയുള്ള ഇവിടുത്തെ  കാഴ്ചാനുഭവം ജില്ലയിലെത്തിയ ഏറ്റവും വലിയ പ്രദര്‍ശന മേളയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. തീം സ്റ്റാളുകളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകളും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടാം. കെ.എസ്.ഇ.ബി, അക്ഷയ, പോലീസ്, അഗ്നി രക്ഷാ സേന തുടങ്ങി വിവിധ വകുപ്പുകളുടെ സ്റ്റാളുകളില്‍ അതതു വകുപ്പുകള്‍ അവരവരുടെ സേവനങ്ങള്‍ പരിചയപ്പെടുത്തുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ ജില്ലയില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഇന്‍ഫര്‍മേഷന്‍ പബ്ലക് റിലേഷന്‍സ് വകപ്പിന്റെ സ്റ്റാളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വകുപ്പ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളും നാല്‍പ്പത് ശതമാനം വിലക്കുറവില്‍ ഇവിടെ വില്‍പ്പനയ്ക്കായി തയ്യാറാക്കിയിട്ടുണ്ട്.

ആരോഗ്യ വകുപ്പ് അക്ഷയ തുടങ്ങിയ നിരവധി സ്റ്റാളുകളില്‍ വിവിധ സേവനങ്ങളും നല്‍കുന്നു. വ്യവസായ വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള വിവിധ ഉത്പന്ന വില്‍പ്പന സ്റ്റാളുകളില്‍ ഗുണമേന്മയുള്ള തേന്‍, ചോക്ലേറ്റ് തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ വില്‍പ്പനയ്ക്കായി തയ്യാറാക്കിയിട്ടുണ്ട്. 80 ലധികം വ്യത്യസ്തമായ സ്റ്റാളുകള്‍ ഇത്തരത്തിലുണ്ട്. 25 ലധികം നിരീക്ഷണ ക്യാമറകള്‍ പ്രദര്‍ശന സ്റ്റാളുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. 450 ടണ്‍ എ.സിയിലാണ് പവലിയന്‍ ശീതീകരിച്ചിരിക്കുന്നത്. അഗ്നിബാധയെ ചെറുക്കുന്ന ജര്‍മ്മന്‍ നിര്‍മ്മിത ടെന്റുകളാണ് ഹാങ്ങറുകളില്‍ ഉപയോഗിച്ചിരിക്കുന്നത്.