വിത്തുമുതല്‍ വിപണി വരെ ഒരു കുടക്കീഴില്‍; നൂതന ആശയങ്ങളുടെ മാതൃകകളൊരുക്കി കൃഷിവകുപ്പ്

post



ഇടുക്കിയുടെ മലമടക്കുകളിലും പച്ചപ്പ് വിതയ്ക്കാന്‍ കര്‍ഷകര്‍ക്ക് ഉത്തേജകമാകുന്ന നൂതന കാര്‍ഷിക ആശയങ്ങളുടെ മാതൃകകളൊരുക്കി  എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കാര്‍ഷിക വികസന വകുപ്പിന്റെ സ്റ്റാള്‍.

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴില്‍ ഒരുക്കിയിരിക്കുന്ന സ്റ്റാളില്‍ കാര്‍ഷിക രംഗത്തെ പുത്തന്‍ മാതൃകകള്‍ അവലംബിച്ചുകൊണ്ടുള്ള
ആധുനിക കൃഷിരീതിയായ കാര്‍ബണ്‍ തൂലിതാ സംയോജിത കൃഷി രീതികള്‍ വിശദീകരിക്കുന്ന മാതൃകകളാണ് ഒരുക്കിയിരിക്കുന്നത്.

മണ്ണും കീടനാശിനിയും രാസവള പ്രയോഗവുമില്ലാതെ മത്സ്യം, ജലം, സസ്യങ്ങള്‍ എന്നിവ പരസ്പരപൂരകങ്ങളാകുന്ന കൃഷിരീതിയായ അക്വാപോണിക്‌സ് കൃഷി രീതിയാണ് അവയില്‍ ഏറ്റവും ആകര്‍ഷണീയം. നെല്‍കൃഷി അധിഷ്ഠിതമായിട്ടുള്ള സംയോജിത കൃഷിരീതിയാണ് അക്വാപോണിക്‌സ് മാതൃകയ്ക്ക് ഒരുക്കിയിരിക്കുന്നത്.  കിഴങ്ങുവര്‍ഗങ്ങളൊഴികെ മറ്റു പച്ചക്കറികളെല്ലാം ഈ രീതിയില്‍ കൃഷി ചെയ്യാമെന്നതാണ് ഇതിന്റെ സവിശേഷത.

കാര്‍ഷിക ഉല്‍പന്നങ്ങള്‍ നിറഭംഗിയോടെ അലങ്കാരമായി വളര്‍ത്തുന്ന ഫുഡ് സ്‌കേപിംഗ് രീതിയും, ഏതുകാലാവസ്ഥയിലും ഒരേപോലെ കൃഷിചെയ്യാനും വിളവെടുക്കാനും സാധിക്കുന്ന പോളിഹൗസിന്റെ മിനി മാതൃകയും കര്‍ഷകന്റെ കൃഷിയിടത്തില്‍ തന്നെ ചെറിയൊരു ഭാഗം ഉപയോഗിച്ച് മിയാവാക്കി വനങ്ങള്‍ എങ്ങനെ നിര്‍മ്മിച്ചെടുക്കാമെന്നും കുറഞ്ഞ കാലത്തിനുള്ളില്‍ കണ്ടല്‍ ചെടികള്‍ വളര്‍ത്തി കൃത്രിമ മഴക്കാടുകള്‍ നിര്‍മ്മിക്കുന്നതിന്റെ ചെറിയ രൂപവുമെല്ലാം ഉള്‍പ്പെടുത്തിയാണ്  കാര്‍ബണ്‍ തൂലിത സംയോജിത കൃഷി മാതൃക നിര്‍മ്മിച്ചിരിക്കുന്നത്.

മേള സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ പുത്തന്‍ കൃഷിയറിവുകള്‍ മാത്രമല്ല വിവിധയിനം വിത്തുല്‍പ്പന്നങ്ങള്‍, നൂറ്റാണ്ടോളം പഴക്കം കൂടാതെയിരിക്കുന്ന വാഴനാരുപയോഗിച്ച് നിര്‍മ്മിച്ച കര കൗശല വസ്തുക്കള്‍, കുറ്റിക്കുരുമുളക് ചെടികള്‍, ഫലവൃക്ഷങ്ങള്‍, അലങ്കാര ചെടികള്‍, ജൈവ വളങ്ങള്‍, ബഡ് തൈകള്‍, ഗ്രാഫ്റ്റ് തൈകള്‍, ലെയര്‍ തൈകള്‍, ടിഷ്യൂ കള്‍ച്ചര്‍ വാഴത്തൈകള്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള പന്നിയൂര്‍ കുരുമുളക് ഇനങ്ങള്‍ ഇവയെല്ലാം കാഴ്ചക്കര്‍ക്കു വാങ്ങുവാനുള്ള സൗകര്യവും വിവിധ കൃഷിഭവന്‍ സ്റ്റാളുകളില്‍  ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ മോഡല്‍ ഫാമുകളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട അരീക്കുഴ ജില്ലാ കൃഷി ഭവന്റെ കീഴിലുള്ള ജില്ലാ കൃഷിതൊട്ടവും വണ്ടിപ്പെരിയാര്‍ കൃഷിഭവന്റെ കീഴിലുള്ള സംസ്ഥാന പച്ചക്കറി തോട്ടവുമാണ് തങ്ങളുടെ ഫാമുകളില്‍ വികസിപ്പിച്ചെടുത്ത കാര്‍ഷിക ഉല്‍പന്നങ്ങള്‍ വില്‍പ്പനക്കായി എത്തിച്ചിട്ടുള്ളത്. കട്ടപ്പന സര്‍വീസ് സഹകരണ ബാങ്കും മേളയില്‍ അലങ്കാര ചെടികളും ധാന്യമില്‍ ഉല്‍പ്പന്നങ്ങളും വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്.