അട്ടപ്പാടി ഭൂമാഫിയ സംബന്ധിച്ച് അന്വേക്ഷണം നടത്തും

post



ആദിവാസികള്‍ക്ക് വാസയോഗ്യമല്ലാത്ത ഭൂമി വാങ്ങിച്ചു നല്‍കിയ അട്ടപ്പാടിയിലെ ഭൂമാഫിയയെ സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്റെ ഇന്‍വെസ്റ്റിഗേഷന്‍ വിങ്ങിനെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. ബൈജു നാഥ് പറഞ്ഞു. അട്ടപ്പാടി കില ഹാളില്‍ നടന്ന കമ്മീഷന്‍ സിറ്റിങ്ങില്‍ ഇത് സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അന്യേക്ഷണം നടത്താന്‍ ഉത്തരവിട്ടത്. അട്ടപ്പാടിയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ സൗജന്യ സേവനങ്ങളെ അടിസ്ഥാനമാക്കി വിശദമായ റിപ്പോര്‍ട്ട് അടുത്ത സിറ്റിങ്ങില്‍ സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ജില്ലാ ആരോഗ്യ വിഭാഗത്തോട് നിര്‍ദ്ദേശം നല്‍കി. പി. എം.ആര്‍. വൈ. പദ്ധതിയില്‍ ഏറ്റവും അര്‍ഹരായവര്‍ക്ക് ലോണ്‍ ലഭ്യത ഉറപ്പാക്കണമെന്ന് ലീഡ് ബാങ്ക്
അധികൃതരോട് കമ്മീഷന്‍ ആവശ്യപ്പെട്ടു .

ഈ വിഷയത്തില്‍ വ്യവസായ സംരംഭകര്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട കമ്മീഷന്‍ അടുത്ത സിറ്റിങ്ങില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ലീഡ് ബാങ്കിനോട് ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങളെ കുറിച്ചുള്ള നിരവധി പരാതികള്‍ ലഭിച്ചതായും കമ്മീഷന്‍ അറിയിച്ചു.

നേരത്തെ ലഭിച്ച നൂറിലേറെ പരാതികള്‍ പരിഗണിച്ച കമ്മീഷന്‍ ഇരുപതോളം പുതിയ പരാതികളും സ്വീകരിച്ചു. റവന്യു, പോലീസ് , ആരോഗ്യ വകുപ്പ് തുടങ്ങി നിരവധി വകുപ്പു ഉദ്യോഗസ്ഥര്‍ സിറ്റിങ്ങില്‍ പങ്കെടുത്തു. കമ്മീഷന്റെ അടുത്ത സിറ്റിങ് ജൂണ്‍ 14ന് പാലക്കാട് നടക്കുമെന്ന് കമ്മീഷന്‍ സെക്രട്ടറി വിജയകുമാര്‍ അറിയിച്ചു.