ജനങ്ങള്‍ നെഞ്ചേറ്റി 'എന്റെ കേരളം' മെഗാമേള : മൂന്നാം ദിനവും പ്രദര്‍ശന നഗരി സജീവം

post

കലാവിരുന്നൊരുക്കി ഇന്ന് സൂഫി സംഗീത സദസ് 

ജനലക്ഷങ്ങള്‍ക്ക് ആനന്ദവും അറിവും സമ്മാനിച്ച് തിരൂരില്‍ 'എന്റെ കേരളം' മെഗാമേള നാലാം ദിനത്തിലേക്ക്. ജില്ലയുടെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ആയിരങ്ങള്‍ക്ക് രാവും പകലും സന്തോഷ നിമിഷങ്ങള്‍ ഒരുക്കി മെഗാമേള നാടിന്റെയാകെ ഉത്സവമായി. മെയ് 10ന് തുടങ്ങിയ പ്രദര്‍ശന-വിപണന-ഭക്ഷ്യമെഗാമേളയില്‍ ഇതിനകം ഭാഗമായത് നാടിന്റെ നാനാതുറകളില്‍ നിന്നുള്ള ആയിരങ്ങളാണ്. സ്ത്രീകളും കുട്ടികളും അടക്കം മേളയിലേക്ക് ഒഴുകിയെത്തുകയാണ്. വേനല്‍ അവധിക്കാലത്തെ മേള സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികളും യുവജനങ്ങളും ഏറെ ആവേശത്തോടെയാണ് നെഞ്ചേറ്റിയത്. കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്നുള്ള പ്രതികൂല അവസ്ഥയെ പോലും വകവെയ്ക്കാതെ കഴിഞ്ഞ ദിവസങ്ങളില്‍ സ്റ്റാളുകളിലും കലാവേദികളുമായി ഒത്തുകൂടിയത് വന്‍ജനക്കൂട്ടമാണ്. മെഗാമേള നാലാം ദിനത്തിലേക്ക് കടക്കുന്ന ഇന്ന് (മെയ് 13) രാത്രി എഴിന്  സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും സംഘവും സൂഫി സംഗീതാസ്വാദകരുടെ മനസുകളില്‍ കുളിര്‍ മഴ പെയ്യിക്കും. തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികളായ കുട്ടികളുടെ നാടകം വൈകീട്ട് 5.30നും അരങ്ങേറും.

മേളയുടെ മൂന്നാം ദിനമായ ഇന്നലെയും (മെയ് 12) നല്ല ജനതിരക്കായിരുന്നു പ്രദര്‍ശന നഗരിയില്‍. ഇടവിട്ടുള്ള മഴയെ അവഗണിച്ച് ജനങ്ങള്‍ മേള നഗരിയിലെ സജീവമാക്കി. സര്‍ക്കാര്‍ വകുപ്പുകളുടെ പ്രദര്‍ശനസ്റ്റാളുകള്‍ സന്ദര്‍ശിച്ചെത്തിയവര്‍ക്ക് പ്രദീപ് നിലമ്പൂരും അവതരിപ്പിച്ച മാജിക് ഷോ വേറിട്ട അനുഭവം സമ്മാനിച്ചു. ഇന്നലെ രാത്രിയോടെ ജനങ്ങള്‍ കുടുംബസമേതം എത്തിയതോടെ തിരൂരിലെ  പ്രദര്‍ശന നഗരി പൂരപറമ്പായി.

സംസ്ഥാനത്തിന്റെ ഇതുവരെയുള്ള ചരിത്രവും നേട്ടങ്ങളും അഭിമാനവും വിവരിക്കുന്ന എന്റെ കേരളം പവലിയനാണ് ജനങ്ങളെ ഏറെ ആകര്‍ഷിച്ചത്. എന്റെ കേരളം സ്റ്റാളിലെ മുഖ്യ ആകര്‍ഷകമായ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ്. മുതല്‍ നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വരെയുള്ള മുഖ്യമന്ത്രിമാരുടെ കട്ടൗട്ടുകള്‍ ഇപ്പോള്‍ തന്നെ സെല്‍ഫി പോയിന്റായിക്കഴിഞ്ഞു. തങ്ങള്‍ക്കിഷ്ടമുള്ള മുഖ്യമന്ത്രിമാര്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടുന്നവരില്‍ യുവതലമുറ മുതല്‍ പ്രായംചെന്നവര്‍ വരെയുണ്ട്.  ഗ്രാമീണ ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ അവതരിപ്പിക്കുന്ന ടൂറിസം വകുപ്പിന്റെ പവലിയനിലേക്കാണ് സന്ദര്‍ശകര്‍ ആദ്യമെത്തുന്നത്. ടൂറിസം മേഖലയില്‍ ജില്ലയുടെ സാമ്പത്തിക - തൊഴില്‍ സാധ്യതകള്‍ വിളിച്ചോതുന്ന തരത്തിലാണ് പവലിയന്‍ ഒരുക്കിയിട്ടുള്ളത്.

കാര്‍ഷിക വികസന വകുപ്പിന് കീഴില്‍ പ്രദര്‍ശന സ്റ്റാളുകള്‍ക്ക് പുറമേ കാര്‍ഷിക ഉത്പന്നങ്ങളുടെ ഔട്ട്ഡോര്‍ ഡിസ്പ്ലേയും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നുണ്ട്. മൃഗസംരക്ഷണവകുപ്പിന്റെ സ്റ്റാളുകളും സന്ദര്‍ശകരില്‍ കൗതുകമുണര്‍ത്തുന്നുണ്ട്. പൊലീസ് സ്റ്റാളുകളിലും കൗതുകം ഏറെയുണ്ട്. പൊലീസ് ഉപയോഗിക്കുന്ന വിവിധ തോക്കുകളും അവയുടെ ഉപയോഗരീതിയും ഇവിടെ കാണാം. ഓരോ പ്രവര്‍ത്തന രീതികള്‍ ഉദ്യോഗസ്ഥര്‍ തന്നെ വിവരിച്ചുനല്‍കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമസഹായവും കൗണ്‍സലിങും നല്‍കുന്ന സ്റ്റാളിലും കൂടുതല്‍ സന്ദര്‍ശകര്‍ വിവരങ്ങള്‍ തേടി എത്തുന്നുണ്ട്. ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനായി ജലസേചന വകുപ്പ് ഒരുക്കിയ പ്രത്യേക സ്റ്റാളും ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ ആശയങ്ങളും ബോധവത്ക്കരണവുമായി കെ.എസ്.ഇ.ബിയുടെ സ്റ്റാളും മേളയില്‍ ശ്രദ്ധ നേടുകയാണ്. കുടുംബശ്രീയുടെ കരകൗശല വില്‍പന ശാലകളും ഫുഡ് സ്റ്റാളും സജീവമായിക്കഴിഞ്ഞു. നിലമ്പൂരിലെ ഗോത്രവിഭാഗങ്ങളുടെ വനവിഭവങ്ങള്‍, ഗോത്ര വിഭാഗങ്ങളുടെ പരമ്പരാഗത വാദ്യോപകരണങ്ങള്‍, അച്ചാറുകള്‍, തേന്‍, ഗോത്ര മേഖലയിലെ തനത് ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്ന നങ്കമോട സ്റ്റാളും പ്രദര്‍ശനത്തിലെ മുഖ്യാകര്‍ഷണങ്ങളാണ്. പ്രദര്‍ശനത്തിനെത്തുന്നവരെ സജീവമാക്കുന്നതിനായി ഓരോ വകുപ്പുകളും വിവിധ മത്സരങ്ങളും സംഘടിപ്പിച്ച് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കി വരുന്നുണ്ട്. കൂടാതെ സെല്‍ഫി കോണറുകളും ഒരുക്കി കുട്ടികളെയും മുതിര്‍ന്നവരെയും സ്വീകരിക്കുന്നുണ്ട്. 'ജീവിതം ലഹരിയാക്കൂ' എന്ന സന്ദേശം കുട്ടികളിലെത്തിക്കുന്നതിനായി എക്സൈസ് വകുപ്പ് ഒരുക്കിയ  അമ്പെയ്ത്ത് മത്സരവും പ്രദര്‍ശനത്തിലെത്തുന്ന കുട്ടികള്‍ക്ക് പ്രിയമേറുകയാണ്.

ആരോഗ്യ വകുപ്പിന്റെ 'ഏകലോകം ഏകാരോഗ്യം' സെമിനാറും ആന്റിബയോട്ടിക് സാക്ഷരത കൈവരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സംഘടിപ്പിച്ച 'ആന്റിബയോട്ടിക് സാക്ഷര കേരളം 2023 എന്ത്, എന്തിന്, എങ്ങനെ?' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ കാലിക പ്രസക്തിയുള്ള വിഷയമായതിനാലും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. റോഡ് സുരക്ഷയെ ഓര്‍മപ്പെടുത്തിയ മോട്ടോര്‍ വാഹന വകുപ്പിന്റെ സെമിനാര്‍ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്നു.