കെഎസ്ആർടിസി സ്വിഫ്റ്റിൽ സന്തോഷയാത്ര

post

മികവോടെ മുന്നോട്ട്: 95

* ഒരു മാസത്തെ വരുമാനം 3 കോടി

* 549 ട്രിപ്പ്, യാത്രക്കാർ 55775 പേർ

---

സംസ്ഥാന, അന്തർ-സംസ്ഥാന ദീർഘദൂര യാത്രകൾക്കായി സംസ്ഥാന സർക്കാർ സ്വപ്നപദ്ധതിയായി ആരംഭിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് യാത്ര ഒരുമാസം പിന്നിട്ടപ്പോൾ വരുമാനം 3,01,62,808 രൂപ. 549 ബസുകൾ 55775 യാത്രക്കാരുമായി നടത്തിയ 1078 യാത്രകളിൽ നിന്നാണ് ഈ തുക ലഭിച്ചത്. ഒരു മാസം പിന്നിടുമ്പോൾ സ്വിഫ്റ്റ് ബസ് പദ്ധതി വൻ വിജയത്തോടെ മുന്നേറുന്നത് സർക്കാരിനും കെഎസ്ആർടിസിക്കും പൊതുജനങ്ങൾക്കും വലിയ സന്തോഷം നൽകുന്ന കാര്യമാണ്. 


എസി സീറ്റർ, നോൺ എസി സീറ്റർ, എസി സ്ലീപ്പർ എന്നീ വിഭാഗത്തിലുളള സ്വിഫ്റ്റ് ബസുകളാണ് സംസ്ഥാനത്തിന് പുറത്തും അകത്തും സർവീസ് നടത്തുന്നത്. നോൺ എസി വിഭാഗത്തിൽ 17 സർവീസും എസി സീറ്റർ വിഭാഗത്തിൽ 5 സർവീസും, എസി സ്ലീപ്പർ വിഭാഗത്തിൽ 4 സർവീസുകളുമാണ് ദിനംപ്രതിയുള്ളത്. കോഴിക്കോട്-ബംഗളൂരു രണ്ട് ട്രിപ്പും, കണിയാപുരം-ബംഗളൂരു, തിരുവനന്തപുരം-ബംഗളൂരു ഓരോ ട്രിപ്പുമാണ് സ്വിഫ്റ്റ് എസി സ്ലീപ്പർ ബസ് ഒരു ദിവസം ഓടുന്നത്. 


എസി സീറ്റർ വിഭാഗത്തിൽ കോഴിക്കോട്-ബംഗളൂരു, തിരുവനന്തപുരം-പാലക്കാട് രണ്ട് വീതം സർവീസും, പത്തനംതിട്ട-ബംഗളൂരു ഒരു സർവീസും നടത്തുന്നുണ്ട്. നോൺ എസി വിഭാഗത്തിൽ തിരുവനന്തപുരം-കോഴിക്കോട് മൂന്ന്, തിരുവനന്തപുരം-കണ്ണൂർ ഒന്ന്, നിലമ്പൂർ-ബംഗളൂരു ഒന്ന്, തിരുവനന്തപുരം-പാലക്കാട് ഒന്ന്, തിരുവനന്തപുരം-നിലമ്പൂർ ഒന്ന്, തിരുവനന്തപുരം-സുൽത്താൻബത്തേരി രണ്ട്, പത്തനംതിട്ട-മൈസൂർ ഒന്ന്, പത്തനംതിട്ട-മംഗലാപുരം ഒന്ന്, പാലക്കാട്-ബംഗളൂരു ഒന്ന്, കണ്ണൂർ-ബംഗളൂരു ഒന്ന്, കൊട്ടാരക്കര-കൊല്ലൂർ ഒന്ന്, തലശ്ശേരി-ബംഗളൂരു ഒന്ന്, എറണാകുളം-കൊല്ലൂർ ഒന്ന്, തിരുവനന്തപുരം-മണ്ണാർക്കാട് ഒന്ന് എന്നിങ്ങനെ 17 സർവീസാണ് സ്വിഫ്റ്റ് ബസ് ഒരു ദിവസം നടത്തുന്നത്. 


ദീർഘദൂര സർവീസുകൾക്ക് കെഎസ്ആർടിസി ബസുകളെ ആശ്രയിക്കുന്ന യാത്രക്കാർക്ക് സ്വിഫ്റ്റ് ബസ് വലിയ ആശ്വാസമാണ്. സീസൺ സമയങ്ങളിൽ യാത്രക്കാരുടെ തിരക്ക് ബുദ്ധിമുട്ട് ഒഴിവാക്കാൻ കൂടുതൽ എണ്ണം സ്വിഫ്റ്റ് ബസും ട്രിപ്പുകളുടെ എണ്ണം കൂട്ടുന്നതും കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്. വരുമാനം വർദ്ധിപ്പിക്കുന്നതിനൊപ്പം യാത്രക്കാർക്ക് മികച്ച യാത്രാനുഭവങ്ങളുമായി കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് യാത്ര തുടരുകയാണ്.