മഴയിലും തണുക്കാത്ത ആവേശം; എന്റെ കേരളം പ്രദര്‍ശന-വിപണനമേളയെ നെഞ്ചേറ്റി ഇടുക്കി

post

ഇടുക്കി: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ഇടുക്കി ജില്ലാതല ആഘോഷങ്ങള്‍ക്കിടയില്‍ രസം കൊല്ലിയായി മഴയെത്തിയെങ്കിലും മഴയിലും തണുക്കാത്ത ആവേശത്തോടെയാണ് ഹൈറേഞ്ച് ജനത ആഘോഷ പരിപാടികളെ ഏറ്റെടുത്തത്. എന്റെ കേരളം പ്രദര്‍ശന വിപണന മേളയെ അക്ഷരാര്‍ത്ഥത്തില്‍ ഇടുക്കി നെഞ്ചേറ്റുകയായിരുന്നു.ആഘോഷ പരിപാടികളുടെ ആരംഭം മുതല്‍ മേളയ്ക്ക് വലിയ ജന പങ്കാളിത്തം ലഭിച്ചു.മേളയുടെ ഒട്ടുമിക്ക ദിവസങ്ങളിലും മഴ തിമിര്‍ത്ത് പെയ്തെങ്കിലും ആഘോഷ നഗരിയിലേക്കൊഴുകിയെത്തിയ ആളുകളുടെ എണ്ണത്തില്‍ തെല്ലും കുറവ് സംഭവിച്ചില്ല.


പ്രതികൂല കാലാവസ്ഥ മേളയുടെ മാറ്റ് കുറക്കാതിരിക്കാനും മേളയില്‍ സന്ദര്‍ശകര്‍ക്ക് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവാതിരിക്കാനും സംഘാടക സമതി കുറ്റമറ്റ രീതിയില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. വികസന കാഴ്ച്ചപ്പാടോടെ മുന്നേറുന്ന ഒരു സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അടുത്തറിഞ്ഞായിരുന്നു പരാതികളും പരിഭവങ്ങളുമില്ലാതെ ആഘോഷനഗരിയിലേക്കെത്തിയവരുടെ മടക്കം. ഏഴ് ദിവസങ്ങള്‍ കൊണ്ട് എന്റെ കേരളം പ്രദര്‍ശന സ്റ്റാള്‍ കണ്ടറിഞ്ഞും ചിത്രങ്ങള്‍ പകര്‍ത്തിയും മടങ്ങിയത് ആയിരങ്ങളാണ്.

മേളയുടെ ഭാഗമായി ഒരുക്കിയ പ്രദര്‍ശന സ്റ്റാളുകളിലും വിപണന സ്റ്റാളുകളിലും ഒരേ പോലെ സന്ദര്‍ശകരുടെ തിരക്കനുഭവപ്പെട്ടു.വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഒരുക്കിയ സ്റ്റാളുകള്‍ ആഘോഷ നഗരിയിലെത്തിയവര്‍ക്ക്, സര്‍ക്കാര്‍ മുമ്പോട്ട് വയ്ക്കുന്ന വികസന കാഴ്ച്ചപ്പാടിന്റെ നേരനുഭവം പകര്‍ന്ന് നല്‍കുന്നതായി. കുടുംബശ്രീയുടെ നേതൃത്വത്തില്‍ തയ്യാറാക്കിരുന്ന ഭക്ഷ്യമേളക്ക് പൊതുജനമധ്യേ വലിയ സ്വീകാര്യത ലഭിച്ചു. വൈവിധ്യം തീര്‍ത്ത രുചിയനുഭവങ്ങള്‍ ആസ്വദിച്ചറിയാന്‍ കുടുംബശ്രീ കഫേകളില്‍ ഇടവേളകളില്ലാതെ ഭക്ഷണപ്രിയരുടെ തിരക്കനുഭവപ്പെട്ടു.


വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടന്ന സെമിനാറുകളിലും എല്ലാം ദിവസവും വൈകുന്നേരങ്ങളില്‍ അരങ്ങേറിയ കലാസന്ധ്യയിലും ഹൈറേഞ്ച് ജനതയുടെ വലിയ പങ്കാളിത്തമുണ്ടായി. പ്രാദേശിക കലാകാരന്‍മാരുള്‍പ്പെടെ അവതരിപ്പിച്ച കലാവിരുന്നുകള്‍ക്ക് ആളുകള്‍ വലിയ പ്രോത്സാഹനം നല്‍കി. ദിവസങ്ങള്‍ നീണ്ട ജില്ലാതല ആഘോഷപരിപാടികള്‍ക്കും എന്റെ കേരളം പ്രദര്‍ശന, വിപണന മേളക്കും തിരശ്ശീല വീണപ്പോള്‍ വാഴത്തോപ്പ് ജി വി എച്ച് എസ് സ്്കൂള്‍ മൈതാനി ഒരാഴ്ച്ചക്കാലം സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത ജനപങ്കാളിത്തത്തിനായിരുന്നു.