മഴ: ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം

post

മഴക്കാലക്കെടുതികള്‍ നേരിടാന്‍ ജില്ല പൂര്‍ണ സജ്ജം

ഒരുക്കങ്ങള്‍ ജില്ലാകലക്ടര്‍ വിലയിരുത്തി

മലപ്പുറം: ജില്ലയില്‍ മഴക്കാലക്കെടുതികള്‍ മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ജില്ലാ പൂര്‍ണസജ്ജമെന്ന് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേം കുമാര്‍ അറിയിച്ചു.

ജില്ലയില്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ മഴക്കാല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് നിര്‍ദേശം. ജില്ലയിലെ ക്വാറിയിങ് അടക്കമുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവയ്ക്കാന്‍ ജില്ലാകലക്ടര്‍ നിര്‍ദേശിച്ചു.

തീരപ്രദേശങ്ങളിലേയും മലയോരമേഖലകളിലേയും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവെയ്ക്കുന്നതിനും യോഗം തീരുമാനിച്ചു. മഴക്കെടുതിമൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സുസജ്ജമായിരിക്കാനും ആവശ്യമായ സാഹചര്യങ്ങളില്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കാനും ജില്ലാകലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്‍കി.

ഓറഞ്ച് ബുക്ക് അനുസരിച്ചുള്ള മുന്‍കരുതല്‍ നടപടികള്‍ ഓരോ വകുപ്പുകളും സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകട സാധ്യതയുള്ള പ്രദേശങ്ങളിലും ചുരങ്ങളിലും യാത്രചെയ്യുന്നത് നിയന്ത്രിക്കുന്നതിനും മണ്ണിടിച്ചില്‍ പ്രദേശം, മറ്റ് ദുരന്തസാധ്യതാ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ആവശ്യമുള്ളപക്ഷം ജനങ്ങളെ നിര്‍ബന്ധപൂര്‍വം മാറ്റുന്നതിന് സഹായങ്ങള്‍ ചെയ്യുന്നതിനും ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ദുരന്തസാധ്യതാ പ്രദേശങ്ങളില്‍ നിന്നും ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിക്കാനും നിര്‍ദേശം നല്‍കി.

അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു ടീം ജില്ലയില്‍ ക്യാമ്പ് ചെയ്യും. ജില്ലയില്‍ ബി.എസ്.എന്‍.എലിന്റെ നേതൃത്വത്തില്‍ എമര്‍ജന്‍സി കമ്മ്യൂണിക്കേഷന്‍ സിസ്റ്റം ഉടനടി ഒരുങ്ങും. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളില്‍ ആശുപത്രികള്‍ സി.എച്ച്.സികളും പി.എച്ച്.സികളും 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും പ്രത്യേക മെഡിക്കല്‍ ടീമിനെ സജ്ജമാക്കുകയും ചെയ്യും. കെ.എസ്.ഇ.ബി, പി.ഡബ്ല്യൂ.ഡി എന്നീ വകുപ്പുകളിലെ അടിയന്തര റിപ്പയര്‍ ടീമുകള്‍ സജ്ജമാക്കുന്നതിന് എക്‌സിക്യൂട്ടീവ് എഞ്ചീനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തീരപ്രദേശങ്ങളില്‍ കടലാക്രമണ സാധ്യതകള്‍ കണക്കിലെടുത്ത് ജാഗ്രത പുലര്‍ത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും ഡി.ഡി. ഫിഷറീസ്, ബന്ധപ്പെട്ട തഹസില്‍ദാര്‍, താലൂക്കിന്റെ ചാര്‍ജ്ജുള്ള ഡെപ്യൂട്ടി കലക്ടര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.അപകടാവസ്ഥയിലുള്ള മരങ്ങള്‍ / മരച്ചില്ലകള്‍ എന്നിവ മുറിച്ച് മാറ്റി ദുരന്ത സാധ്യത ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ജില്ലാകല്കടര്‍ നിര്‍ദേശം നല്‍കി.