ഉത്തരവാദിത്ത ടൂറിസം; രജിസ്റ്റര്‍ ചെയ്ത സംരംഭകര്‍ക്ക് പ്രദേശിക ടൂറിസത്തിലൂടെ വരുമാനം നേടാന്‍ ഇനിയും അവസരം

post

മലപ്പുറം: ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തനം പ്രാദേശിക തലത്തില്‍ സജീവമാകുന്നു. ജില്ലയില്‍ ഇതുവരെ 800 ലധികം സംരംഭങ്ങള്‍ ഉത്തരവാദിത്ത ടൂറിസത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തതായും ജില്ലയില്‍ എല്ലാ വിഭാഗമാളുകളെയും പദ്ധതിയുടെ ഭാഗമാക്കാന്‍ നടപടികള്‍ തുടരുന്നതായും ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ സിബിന്‍ പി പോള്‍ പറഞ്ഞു. സാധാരണക്കാര്‍ക്കും പ്രാദേശിക വിനോദസഞ്ചാര മേഖലയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വരുമാനം നേടികൊടുക്കാന്‍ കഴിയുംവിധമാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ പദ്ധതികള്‍.

പാരമ്പര്യ തൊഴിലാളികള്‍, കലാകാരന്മാര്‍, കരകൗശല വസ്തുനിര്‍മാതാക്കള്‍, തനതുഭക്ഷണം തയാറാക്കുന്നവര്‍, കര്‍ഷകര്‍, വിദഗ്ധ തൊഴിലാളികള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ തുറകളിലുള്ളവര്‍ക്കും ഉത്തരവാദിത്ത ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താം. പ്രാദേശിക സാമ്പത്തിക വികസനത്തിലൂന്നി തനത് കലകളെയും ആഘോഷങ്ങളെയും കോര്‍ത്തിണക്കി വിവിധ ടൂര്‍ പാക്കേജുകള്‍ മിഷന്‍ ഇതിനകം തുടങ്ങിയിട്ടുണ്ട്. കൂടാതെ കരകൗശല നിര്‍മാതാക്കള്‍, കര്‍ഷകര്‍, കാലാകാരന്മാര്‍ എന്നിവര്‍ക്ക് അവരുടെ ഉത്പ്പന്നങ്ങള്‍ ടൂറിസം വകുപ്പിന്റെ വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി വില്‍ക്കാനുള്ള സൗകര്യവുമുണ്ട്.

സംരംഭകര്‍ക്ക് കൃത്യമായ പരിശീലനവും നല്‍കുന്നുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുഖേന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും വരുമാനം കണ്ടെത്തുന്നതിനും പ്രത്യേക ഗ്രാമസഭകളും ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടത്തുന്നുണ്ട്. ടൂറിസം രംഗത്തെ സംരംഭകര്‍ക്കും തൊഴിലന്വേഷകര്‍ക്കും സാധാരണക്കാര്‍ക്കുമായി പ്രത്യേക പോര്‍ട്ടലും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രാദേശിക തലത്തില്‍ ടൂറിസം സാധ്യതകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം റിസോഴ്സ് മാപ്പിങ് പുരോഗമിച്ചുവരികയാണെന്ന് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പറഞ്ഞു.

ഇത് പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ ഓരോ ഗ്രാമങ്ങളും വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടംപിടിയ്ക്കും. ഇതിനോടനുബന്ധിച്ച് വീഡിയോകള്‍, ഇ- ബ്രോഷറുകള്‍ എന്നിവയും തയാറാക്കുന്നുണ്ട്. പരമ്പരാഗത ഭക്ഷ്യവിഭവങ്ങള്‍ തയാറാക്കി നല്‍കുന്ന എക്സ്പീരിയന്‍സ് എത്നിക് ക്യുസിന്‍ പദ്ധതിയ്ക്കും ജില്ലയില്‍ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ജില്ലയിലെ 32 കുടുംബങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമാകാന്‍ സന്നദ്ധ അറിയിച്ചിട്ടുണ്ട്. www.keralatourism.org/rt, rtmission.mpm@gmail.com എന്നിവയിലൂടെ രജിസ്റ്റര്‍ ചെയ്ത് പരമ്പരാഗത തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കും വിദഗ്ധ തൊഴിലാളികള്‍ക്കും സേവനം തേടാം. ഫോണ്‍: 9746186206.