കാർബൺ ന്യൂട്രൽ ഗവേണൻസ്; 19 ഇലക്ട്രിക് വാഹങ്ങൾ കൈമാറി

post

 അനർട്ടിന്റെ കാർബൺ ന്യൂട്രൽ ഗവേണൻസ് പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകൾക്കു കൈമാറുന്ന ഇലക്ട്രിക് വാഹങ്ങളുടെ ഫ്‌ളാഗ് ഓഫ് ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ നിർവഹിച്ചു. തിരുവനന്തപുരം കവടിയാർ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ അനെർട്ട് സി.ഇ.ഒ. നരേന്ദ്ര നാഥ് വേലുരി വാഹനങ്ങളുടെ താക്കോൽ കൈമാറി. കവടിയാർ മുതൽ പി.എം.ജി. വരെ ഇലക്ട്രിക്ക് കാറുകളുടെ റാലിയും സംഘടിപ്പിച്ചു. കാർബൺ ന്യൂട്രൽ ഗവേർണൻസ് പദ്ധതിയുടെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ഈ വർഷം 300 ഇലക്ട്രിക് വാഹനങ്ങൾ നൽകാനാണ് അനെർട്ട് ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യഘട്ടമായാണ് ഒമ്പതു വകുപ്പുകൾക്കായി 19 വാഹനങ്ങൾ കൈമാറിയത്. വാണിജ്യ വ്യവസായ ഡയറക്ടറേറ്റ്, മഹാത്മാഗാന്ധി ദേശീയ ഗ്രമീണ തൊഴിലുറപ്പു പദ്ധതി കൊല്ലം, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് പത്തനംതിട്ട, കേരള വാട്ടർ അതോറിട്ടി ക്വാളിറ്റി കൺട്രോൾ ഡിവിഷൻ, കേരള പബ്ലിക് സർവീസ് കമ്മീഷൻ, സി.ഡബ്ല്യൂ.ആർ.ഡി.എം കോഴിക്കോട്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ആലപ്പുഴ, ഡയറക്ടറേറ്റ് ഓഫ് സർവ്വേ ആൻഡ് ലാൻഡ് റെക്കോർഡ്‌സ്, ശുചിത്വമിഷൻ തിരുവനന്തപുരം എന്നിവർക്കാണ് വാഹനങ്ങൾ നൽകിയത്. എട്ടു വർഷത്തേക്കു ലീസ് വ്യവസ്ഥയിൽ നൽകുന്ന വാഹനങ്ങൾക്ക് മാസം 27,030 രൂപയാണ് വകുപ്പുകൾ അടക്കേണ്ടത്. കഴിഞ്ഞ സാമ്പത്തിക വർഷം 25 വകുപ്പുകൾക്ക് 152 വാഹനങ്ങൾ നൽകിയിരുന്നു.